51ൽ എൽ.ഡി.എഫിന് മേൽക്കൈ; 35ൽ യു.ഡി.എഫ് മുന്നിൽ; 54 മണ്ഡലങ്ങൾ അങ്ങോട്ടോ ഇങ്ങോട്ടോ
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വാരം മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ കേരളം ഉദ്വേഗമുനയിൽ. 140ൽ നൂറിലേറെ മണ്ഡലങ്ങളിലും അക്ഷരാർഥത്തിൽ തീപാറും പോരാട്ടമാണ്.
54 മണ്ഡലങ്ങളിൽ വിവിധ മുന്നണി സ്ഥാനാർഥികൾ ബലാബലം പോരാട്ടത്തിലും. ഈ സീറ്റുകളാണ് കേരളം ആരു ഭരിക്കുമെന്ന് തീരുമാനിക്കുക. നിലവിൽ 51 മണ്ഡലങ്ങളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ മുന്നിലാണ്. യു.ഡി.എഫ് സ്ഥാനാർഥികൾക്ക് 35 മണ്ഡലങ്ങളിൽ മേൽക്കൈയുണ്ട്.
തിരുവനന്തപുരത്തും എറണാകുളത്തും ഒമ്പത് വീതവും, കോഴിക്കോട് ആറും തൃശൂരിലും ആലപ്പുഴയിലും നാലും കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ മൂന്ന് വീതവും പാലക്കാടും പത്തനംതിട്ടയിലും കണ്ണൂരും രണ്ടും കാസർക്കോട് ഒരു മണ്ഡലത്തിലുമാണ് ഇഞ്ചോടിഞ്ച് പോരാട്ടം പൊടിപൊടിക്കുന്നത്. ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെട്ട വടകര, നേമം, പാലക്കാട്, യുവനേതാക്കൾ ഏറ്റുമുട്ടുന്ന തൃത്താല, 20-20 മത്സരിക്കുന്ന കുന്നത്തുനാട് തുടങ്ങിയ മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഭരണത്തുടർച്ച തേടി രംഗത്തിറങ്ങിയ എൽ.ഡി.എഫ് നേരത്തേയുള്ള സ്ഥാനാർഥി പ്രഖ്യാപനവും ചിട്ടയായ പര്യടനങ്ങളും മൂലം നേടിയ മേൽക്കൈ പല മണ്ഡലങ്ങളിലും നിലനിർത്തുന്നു.
വൈകി കളത്തിലിറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥികൾ മറികടക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. വാർത്തയിലും വിവാദങ്ങളിലും നിറഞ്ഞും പ്രചാരണത്തിന് പണമൊഴുക്കിയും തുല്യ എതിരാളികളെന്ന പ്രതീതി സൃഷ്ടിക്കാൻ പണിപ്പെടുന്ന ബി.ജെ.പിയുടെ സാന്നിധ്യം തലസ്ഥാന ജില്ലയിലെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം സൃഷ്ടിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് മുതൽ ഇതുവരെ പുറത്തുവന്ന അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളെല്ലാം എൽ.ഡി.എഫിന് മുൻതൂക്കം കൽപിക്കുന്നുണ്ട്. ഉറപ്പാണ് എൽ.ഡി.എഫ് എന്ന പ്രചാരണ വാക്യവും ഭരണനേട്ടങ്ങളും വോട്ടറുടെ മനസ്സിൽ പതിപ്പിക്കുന്നതിലും അവർ വിജയിക്കുന്നു. എന്നാൽ, സ്വർണക്കടത്തു കേസിെൻറ പുതിയ വികാസങ്ങളും ഇരട്ടവോട്ട് ആക്ഷേപവും അരി വിതരണ വിവാദവും ഉൾപ്പെടെ ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങളാണ് ഈ സാധ്യതക്ക് ക്ഷീണം വരുത്തുന്നത്.
പാളയത്തിലെ പട വകവെക്കാതെ പുതുനിര സ്ഥാനാർഥികളെ അവതരിപ്പിച്ച് കൈയടി വാങ്ങിയ യു.ഡി.എഫിന് ന്യായ് പദ്ധതി ഉൾപ്പെടെ പ്രകടനപത്രികയിലെ ആകർഷണങ്ങൾ വോട്ടർമാർക്കു മുന്നിൽ വേണ്ടവിധം അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. രാഹുൽ ഗാന്ധിയുടെ റാലികളിൽ തടിച്ചുകൂടുന്ന വൻ ജനക്കൂട്ടം വോട്ടാകുമോ എന്ന് ഉറപ്പിക്കാനുമാവില്ല.
അവസാന ലാപ്പിലും കളംനിറഞ്ഞ് ശബരിമല
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിെൻറ അവസാന ലാപ്പിലും ശബരിമല സ്ത്രീപ്രവേശനം ചർച്ചയാക്കി യു.ഡി.എഫും ബി.ജെ.പിയും.
ശബരിമല ചര്‍ച്ചയാകുമ്പോൾ സി.പി.എം പ്രതിരോധത്തിലാകുന്നെന്ന വിലയിരുത്തലിലാണ് വിവാദം ആളിക്കത്തിക്കാൻ യു.ഡി.എഫും ബി.ജെ.പിയും മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതേസമയം, വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, വിശ്വാസികളെ പ്രകോപിപ്പിക്കുന്ന സമീപനം സ്വീകരിക്കേണ്ടതില്ലെന്നതാണ് സി.പി.എം നിലപാട്.
ശബരിമല വിഷയമേയല്ലെന്ന് മുഖ്യമന്ത്രിയടക്കം നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും സ്ത്രീപ്രവേശനം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണെന്നും യു.ഡി.എഫും ബി.ജെ.പിയും ആവർത്തിക്കുന്നു. കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമലക്കായി നിയമ നിര്മണമെന്ന വാദ്ഗാനമാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്.
ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപിക്കാൻ നടപടിയുണ്ടാകുമെന്നതടക്കം പ്രഖ്യാപനങ്ങൾ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും നടത്തിയിട്ടുണ്ട്. യു.ഡി.എഫ് പ്രകടനപത്രികയിലും ശബരിമലക്കായി നിയമം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു.
വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനമാണ് സി.പി.എമ്മിനെ കുഴക്കുന്നത്. ഇതിനിടെ, ഖേദപ്രകടനത്തിൽ ആവശ്യമെങ്കിൽ മുഖ്യമന്ത്രിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തിങ്കളാഴ്ച തിരുവനന്തപുരത്ത് അറിയിച്ചു.
സുപ്രീംകോടതി വിശാല ബെഞ്ചിെൻറ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടെന്നും യെച്ചൂരി പറഞ്ഞു. ശബരിമല സത്യവാങ്മൂലം തിരുത്തുന്നതടക്കമുള്ള കാര്യങ്ങളിൽ എൽ.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ ആവശ്യത്തോട് യെച്ചൂരി തന്ത്രപൂർവം ഒഴിഞ്ഞുമാറി. മുൻ സത്യവാങ് മൂലം തിരുത്തുമോ എന്നതിന് പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഖേദം പ്രകടിപ്പിച്ച കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതിമന്ത്രി എം.എം. മണി രംഗത്തെത്തി. കടകംപള്ളി വിഡ്ഢിത്തം പറയുകയാണെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അയാളെ ആരും ചുമതലപ്പെടുത്തിയിട്ടിെല്ലന്നും മണി പറഞ്ഞു. വിഷയത്തില്‍ യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും എം.എം. മണി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.