ലവ് ജിഹാദ് പ്രസ്താവന: ജോസ് ബി.ജെ.പിയിേലക്കുള്ള പാലം പണിയുന്നോയെന്ന് ഇടതുകേന്ദ്രങ്ങളിലടക്കം സംശയം
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പിനപ്പുറമുള്ള ലക്ഷ്യമാണോ ജോസ് കെ. മാണിയുടെ ലവ് ജിഹാദ് പ്രസ്താവനക്ക് പിന്നിലുള്ളതെന്ന സംശയം ബലപ്പെടുന്നു.
കോടതിയും എൽ.ഡി.എഫും തള്ളിപ്പറഞ്ഞ ലവ് ജിഹാദ് അജണ്ട കേരള കോൺഗ്രസ് (എം) ഏറ്റുപറയുന്നത് ബി.ജെ.പിയിേലക്കുള്ള ഭാവി രാഷ്ട്രീയപാലം പണിയുന്നതാണോയെന്ന സംശയം ഇടതുകേന്ദ്രങ്ങളിലടക്കം ശക്തമാണ്.
അഭിമാന പോരാട്ടം നടക്കുന്ന പാലാ കൂടാതെ, മധ്യകേരളത്തിലെ കത്തോലിക്ക സാന്നിധ്യം ശക്തമായ മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലാണ് പ്രസ്താവനക്കു പിന്നിൽ.
മുഖ്യമന്ത്രി പ്രസ്താവനയിൽ അജ്ഞത പ്രകടിപ്പിക്കുകയും കാനം രാജേന്ദ്രൻ തള്ളിപ്പറയുകയും ചെയ്തതോടെ ജോസ് നിലപാട് 'തിരുത്തി'. പക്ഷേ, ക്രൈസ്തവ സമൂഹത്തിലെ മുസ്ലിംവിരുദ്ധ വോട്ടുകളുടെ കേന്ദ്രീകരണമെന്ന ലക്ഷ്യം പ്രസ്താവനയിലൂടെ കൈവരിച്ചെന്ന് കേരള കോൺഗ്രസ് നേതാക്കൾ തന്നെ സമ്മതിക്കുന്നു.
സി.പി.എം നേതൃത്വത്തിെൻറ അറിവില്ലാതെ ഇത്തരം പ്രസ്താവനക്ക് ജോസ് മുതിരുമോയെന്ന സംശയവും ശക്തമാണ്. പ്രചാരണത്തിൻറ ആദ്യഘട്ടത്തിൽ മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും പാണക്കാട് കുടുംബത്തെയും ചൂണ്ടി എ. വിജയരാഘവനെപ്പോലുള്ള സി.പി.എം നേതാക്കളിൽനിന്നുണ്ടായ ആക്ഷേപത്തിെൻറ തുടർച്ചയായാണ് ലവ് ജിഹാദ് പ്രസ്താവനയെയും വിലയിരുത്തുന്നത്.
എസ്.എസ്.എൽ.സിക്ക് മലപ്പുറം ജില്ല മികച്ച വിജയം നേടിയതിൽ വി.എസ്. അച്യുതാനന്ദൻ നടത്തിയ പ്രസ്താവന അടക്കം പുതിയ സാഹചര്യത്തിൽ ചർച്ചയാകുകയാണ്.
സി.പി.എം-ബി.ജെ.പി ഡീൽ ആരോപണമുന്നയിച്ച ഒാർഗനൈസർ മുൻ പത്രാധിപർ ആർ. ബാലശങ്കർ, ജോസ് കെ. മാണി ബി.ജെ.പി നേതൃത്വവുമായി നേരത്തേ ചർച്ച നടത്തിയിരുന്നെന്നും പറഞ്ഞിരുന്നു. ബി.ജെ.പിക്ക് 35 സീറ്റ് ലഭിച്ചാൽ ഭരണം പിടിക്കുമെന്ന കെ. സുരേന്ദ്രെൻറ പ്രസ്താവനക്കുപിന്നിൽ വെളിച്ചം കാണാത്ത പല ഡീലുകളുമുണ്ടോയെന്ന സംശയവും ഉയരുകയാണ്.
കേരള കോൺഗ്രസ് എൽ.ഡി.എഫിെൻറ ഭാഗമായി മികച്ച വിജയം നേടി ഭാവി നീക്കത്തിന് വിലപേശൽ ശക്തി വർധിപ്പിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. കെ.എം. മാണിയുടെ കാലത്ത് നടന്ന കേരള കോൺഗ്രസ്-ബി.ജെ.പി ചർച്ചകൾ ഇടത് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.
ഒരിക്കൽ എൽ.ഡി.എഫ് ഘടകകക്ഷിയായിരുന്ന കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗവും സി.പി.എം പിന്തുണയോടെ എം.എൽ.എയായ അൽഫോൺസ് കണ്ണന്താനവും ഒടുവിൽ എത്തിച്ചേർന്നത് സംഘ്പരിവാർ കേന്ദ്രത്തിലായിരുന്നു.
ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തിെൻറ നിലവിൽ ഏറ്റവും വലിയ വക്താവും ബി.ജെ.പി സ്ഥാനാർഥിയുമായ ഇ. ശ്രീധരനെ 'മെട്രോമാനായി' ഏറ്റവും കൂടുതൽ ആഘോഷിച്ചത് സി.പി.എം നേതൃത്വമായിരുന്നു. ശ്രീധരെൻറ രാഷ്ട്രീയം തിരിച്ചറിയാൻ ഇടതുപക്ഷത്തിന് കഴിഞ്ഞതുമില്ല.
ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
കണ്ണൂർ: ലവ് ജിഹാദിനെക്കുറിച്ച് കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി നടത്തിയ പരാമർശം സംബന്ധിച്ച ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ.
വാർത്തസമ്മേളനത്തിൽ പിണറായി പറഞ്ഞത് ഇങ്ങനെ: 'ലവ് ജിഹാദ് സംബന്ധിച്ച് ജോസ് കെ. മാണി പറഞ്ഞത് ഞാൻ കേട്ടിട്ടില്ല. അതേക്കുറിച്ച് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കുന്നതാകും നല്ലത്'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.