മലമ്പുഴയുടെ മനസ്സ് ആർക്കൊപ്പം?
text_fieldsമലമ്പുഴ: ജലസംഭരണിയും പൂന്തോട്ടവും സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖലയും െഎ.െഎ.ടിയുമെല്ലാം സ്ഥിതി ചെയ്യുന്ന മലമ്പുഴ മണ്ഡലത്തിൽ ഇത്തവണ പൊടിപാറും പോര്.
ഇടത് ആഭിമുഖ്യമുള്ള മണ്ഡലത്തിൽ 2016ൽ ബി.ജെ.പി അപ്രതീക്ഷിതമായി രണ്ടാംസ്ഥാനത്ത് വരുകയും തുടർന്നുള്ള തെരഞ്ഞെടുപ്പുകളിലും അവർ സ്വാധീനമുറപ്പിക്കുകയും ചെയ്തതോടെയാണ് ഇടത്, വലതു മുന്നണികൾ കളി കാര്യമാെയടുത്തത്. കഴിഞ്ഞ തവണ വി.എസ്. അച്യുതാനന്ദനെതിരെ മത്സരിച്ച മുൻ കെ.എസ്.യു പ്രസിഡൻറ് വി.എസ്. ജോയി ബി.ജെ.പി സ്ഥാനാർഥിക്ക് പിറകിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.
കോൺഗ്രസ് വോട്ടുകളിൽ ഒരുഭാഗം ബി.ജെ.പിക്ക് മറിഞ്ഞതായി ആരോപണം ഉയർന്നിരുന്നെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്-വലതു മുന്നണികളും ബി.ജെ.പിയും മണ്ഡലത്തിലെ പഞ്ചായത്തുകളിൽ കടുത്ത പോരാട്ടമാണ് നടത്തിയത്. ഇതിെൻറ തുടർച്ചയായുള്ള കടുത്ത മത്സരത്തിനാണ് നിയമസഭ തെരഞ്ഞെടുപ്പ് വേദിയാകുന്നത്.
വി.എസ് കളമൊഴിഞ്ഞ തെരഞ്ഞെടുപ്പിൽ, ഇടത് കോയ്മ അതുപോലെ നിലനിർത്തുകയെന്ന ദൗത്യമാണ് എൽ.ഡി.എഫിനുള്ളത്. ചുവപ്പുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ ബി.ജെ.പിയും സ്വാധീനം തിരിച്ചുപിടിക്കാൻ കോൺഗ്രസും കഠിന പരിശ്രമം നടത്തുന്ന മണ്ഡലത്തിൽ, ത്രികോണപ്പോരിെൻറ ചൂടും ചൂരും ശരിക്കും പ്രകടം.
ജില്ലയിലെ പ്രമുഖ ട്രേഡ് യൂനിയൻ നേതാവും സി.പി.എം ജില്ല കമ്മിറ്റി അംഗവുമാണ് എൽ.ഡി.എഫ് സ്ഥാനാർഥി എ. പ്രഭാകരൻ. വി.എസിെൻറ പ്രതിനിധിയെന്ന നിലയിലും അല്ലാതെയും മലമ്പുഴയിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയം അദ്ദേഹത്തിനുണ്ട്. 2016ൽ മികച്ച പ്രകടനം കാഴ്ചവെച്ച സി. കൃഷ്ണകുമാറിനെയാണ് ബി.ജെ.പി വീണ്ടും കളത്തിലിറക്കിയത്.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് നഗരസഭ മുൻ വൈസ് ചെയർമാനുമാണ് കൃഷ്ണകുമാർ. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.കെ. അനന്തകൃഷ്ണനെ അങ്കത്തിനിറക്കി, വാശിയേറിയ പോരിലാണ് യു.ഡി.എഫ്. പുതുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്ന അനന്തകൃഷ്ണൻ, 25 വർഷം പഞ്ചായത്ത് മെംബറും ആയിരുന്നു.
ഭാരതീയ ജനതാദളിന് സീറ്റ് നൽകിയതിനെതിരെ കലാപക്കൊടി ഉയർത്തി മണ്ഡലം തിരിച്ചുപിടിച്ചതിെൻറ ആവേശം കോൺഗ്രസ് പ്രവർത്തകരിലുണ്ട്. ത്രികോണപ്പോരിൽ മേൽക്കൈ ഇടതിന് തന്നെയാണെങ്കിലും സകല അടവുകളും പുറത്തെടുത്തുള്ള ശക്തമായ പ്രചാരണത്തിലാണ് മുന്നണികൾ.
വീറുറ്റ പോരിൽ ബി.ജെ.പി വിജയപ്രതീക്ഷ പ്രകടിപ്പിക്കുേമ്പാൾ ഇടതുവോട്ടുകൾ ഭദ്രമാണെന്നും വിജയം സുനിശ്ചിതമാണെന്നും എൽ.ഡി.എഫ് പറയുന്നു. ബി.ജെ.പി പിന്തള്ളപ്പെടുമെന്നും 2016 ആവർത്തിക്കില്ലെന്നുമുള്ള ആത്മ വിശ്വാസം യു.ഡി.എഫിനുമുണ്ട്. അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുത റോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭ മണ്ഡലമാണ് മലമ്പുഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.