ആവേശപ്പോരിന് കൊടിയിറക്കം
text_fieldsമലപ്പുറം: കൊട്ടിക്കലാശത്തിന് വിലക്കേർപ്പെടുത്തിയതോടെ അവസാന ദിന പ്രചാരണം റോഡ് ഷോയിലും ചെറുപ്രകടനങ്ങളിലും അവസാനിച്ചു. പ്രധാന നഗരങ്ങളിലെല്ലാം സ്ഥാനാർഥികൾ പങ്കെടുത്തു. ബൈക്ക് റാലികളും ഒരുമിച്ചുകൂടിയുള്ള മുദ്രാവാക്യം വിളികളും ആരവങ്ങളും ഇല്ലാതായതോടെ അവസാന പോരാട്ടത്തിന് ആവേശം കുറഞ്ഞു. ചിലയിടങ്ങളിൽ വൈകീട്ട് നാലോടെ വാഹനങ്ങളിൽ പതാകയുമായി പ്രവർത്തകർ എത്തി തുടങ്ങിയിരുന്നു. എല്ലാ പാർട്ടികളുടെയും അനൗൺസ്മെൻറ് വാഹനങ്ങൾ കാതടപ്പിക്കുന്ന ശബ്ദത്തിൽ പാട്ടും പറച്ചിലുമായി നഗരം ചുറ്റി.
അഞ്ച് മണിയോടെ പ്രവർത്തകർ കാൽനടയായും വാഹനങ്ങളിലും പ്രചാരണം സമാപിക്കുന്ന കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങി. പിറകെ അനൗൺസ്മെൻറ് വാഹനങ്ങളുടെയും കൂറ്റൻ പാർട്ടി കൊടികൾ വീശി തുറന്ന വാഹനങ്ങളുടെ മുകളിൽ കയറിയ പ്രവർത്തകരുടെയും അകമ്പടിയോടെ സ്ഥാനാർഥികളെത്തി. ചിലർ അൽപസമയം വോട്ടഭ്യർഥിച്ച് സംസാരിച്ചു. എല്ലാ പാർട്ടികളുടെയും പ്രചാരണ വാഹനങ്ങളിൽനിന്ന് ഒന്നിച്ച് അനൗൺസ്മെൻറും പാട്ടും പ്രവഹിച്ചതോടെ സ്ഥാനാർഥികളുടെ സംസാരം ബഹളത്തിൽ മുങ്ങി. ശബ്ദങ്ങൾ ഏറ്റുമുട്ടിയതോടെ ഒന്നും കേൾക്കാതായി.
ചില നഗരങ്ങളിൽ ഗതാഗതം നിശ്ചലമായി. ഗ്രാമങ്ങളിൽ ചെറുസംഘങ്ങളായി അവസാന വട്ട പ്രചാരണം അരങ്ങേറി. ഏഴ് മണിവരെയായിരുന്നു അനുവദിച്ചിരുന്നതെങ്കിലും എല്ലായിടത്തും അതിന് മുമ്പുതന്നെ പ്രചാരണം അവസാനിപ്പിച്ചു.
സർവകക്ഷി തീരുമാന പ്രകാരം അവസാന മണിക്കൂറിലെ പ്രകടനങ്ങൾ ഒഴിവാക്കിയ സ്ഥലങ്ങളുമുണ്ട്. പൊലീസ് ജാഗ്രത പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങളൊഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.