78 വർഷം പിന്നിട്ടിട്ടും ഓർമയിൽ മായാതെ മഞ്ചേരിയിലെ ഫാത്തിമ പ്രസ്
text_fieldsകൊച്ചി: എട്ടു പതിറ്റാണ്ട് മുമ്പ് മുസ്ലിം ലീഗ് പ്രവർത്തകർക്ക് പൊതുയോഗത്തിന് നോട്ടീസ് അടിക്കാൻ പ്രസുടമകൾ വിസമ്മതിച്ച കാലത്ത് സ്വന്തമായി നോട്ടീസ് അടിക്കാൻ തുടങ്ങിയ പ്രസ്; അതായിരുന്നു മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സ്ഥാപിതമായ ഫാത്തിമ പ്രസ്. 1943ൽ സ്ഥാപിച്ച് 2011 വരെ പ്രവർത്തിച്ചിരുന്ന പ്രസും അതിനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളും ഈ തെരഞ്ഞെടുപ്പു കാലത്തും മലബാറിലെ തലമുതിർന്ന ലീഗ് പ്രവർത്തകരിെല ഒളിമങ്ങാത്ത ഓർമകളാണ്.
പൗരപ്രമുഖനും ലീഗിെൻറ ആദ്യകാല നേതാവും എം.എൽ.എയുമെല്ലാമായിരുന്ന എം.പി.എ. ഹസ്സൻകുട്ടി കുരിക്കളായിരുന്നു അദ്ദേഹത്തിെൻറ മരിച്ചുപോയ മകളുടെ നാമധേയത്തിൽ പ്രസ് ആരംഭിച്ചത്. നിസ്വാർഥ രാഷ്ട്രീയ പ്രവർത്തകനായിരുന്നു മുസ്ലിം ലീഗിെൻറ മഞ്ചേരിയിലെ സ്ഥാപക സെക്രട്ടറി കൂടിയായ ഹസ്സൻ കുട്ടി കുരിക്കൾ.
സ്വാതന്ത്ര്യ പോരാട്ടം, ഇന്ത്യ -പാക് വിഭജനാവശ്യം തുടങ്ങിയവ കൊടുമ്പിരികൊണ്ട കാലത്ത് സമുദായത്തിനും പാർട്ടിക്കും സമൂഹത്തിൽനിന്ന് നേരിടേണ്ടിവന്നത് കടുത്ത എതിർപ്പുകളും വിദ്വേഷവുമാണ്. ഇക്കാരണത്താലായിരുന്നു നോട്ടീസ് അടിക്കാൻ മറ്റു പ്രസുടമകൾ വിസമ്മതിച്ചത്.
''നമുക്കിനി മഞ്ചേരിയിൽ ഒരു പ്രസാണ് വേണ്ടത്, അതു കഴിഞ്ഞുമതി മുസ്ലിം ലീഗ്'' എന്നു പറഞ്ഞായിരുന്നു കുരിക്കൾ പ്രസ് തുടങ്ങിയത്. പിന്നീട് ലീഗിെൻറ പല നിർണായക യോഗങ്ങളും തെരഞ്ഞെടുപ്പ് ചർച്ചകളുമെല്ലാം നടന്നത് ഈ പ്രസിലാണ്. ''ഏറനാട്ടിലെ മുസ്ലിം ലീഗിെൻറ സെക്രട്ടേറിയറ്റാണ് ഫാത്തിമ പ്രസ്'' എന്ന് വിശേഷിപ്പിച്ചത് വിടപറഞ്ഞ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയാണ്.
പാർട്ടി മുഖപത്രത്തിൽ തൊഴിൽസമരത്തെ തുടർന്ന് അച്ചടി മുടങ്ങുമെന്നായപ്പോൾ എം.ഡിയായിരുന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങളിൽനിന്ന് താൽക്കാലികമായി സ്ഥാനം ഏറ്റുവാങ്ങി ഫാത്തിമ പ്രസിലെ ജീവനക്കാരെ കൊണ്ടുപോയി പത്രം അച്ചടിപ്പിക്കാനും കുരിക്കൾ മുന്നിട്ടിറങ്ങി. സമരം ഒരുമാസത്തോളം നീണ്ടെങ്കിലും ഇതേതുടർന്ന് പത്രം ഒരു ദിവസം പോലും മുടങ്ങിയില്ലെന്ന് ചരിത്ര രേഖകൾ പറയുന്നു.
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശത്ത് വിദ്യാഭ്യാസ ശാക്തീകരണത്തിനും പ്രസ് മുന്നിലുണ്ടായിരുന്നുവെന്ന് കുരിക്കളുടെ പേരമകളും കൊച്ചിയിൽ ഉദ്യോഗസ്ഥയുമായ രോഷ്ന ഫിറോസ് ഓർക്കുന്നു. പ്രസുമായി ബന്ധപ്പെട്ട ചരിത്രരേഖകളെല്ലാം ഒരു നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ട് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.