അങ്കം 16 അടവുകൾ 18; മൂന്നാഴ്ചക്കിടെ മലപ്പുറം കണ്ട കൗതുകക്കാഴ്ചകളിലൂടെ
text_fieldsവോട്ടു പിടുത്തം ഇനി രണ്ടു നാൾ കൂടി. ഞായറാഴ്ച കൊട്ടിക്കലാശം. ആരെ വേണമെന്ന് ചൊവ്വാഴ്ച ജനം തീരുമാനിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ചർച്ചകളും മറ്റുമായി പാർട്ടി തീരുമാനം വൈകിയതോടെ മിക്ക സ്ഥാനാർഥികൾക്കും പ്രചാരണത്തിന് കിട്ടിയത് കുറഞ്ഞ ദിവസങ്ങൾ.
നിന്നുതിരിയാൻ നേരമില്ലാതെ വോട്ടുറപ്പിക്കാൻ ഓട്ടമായിരുന്നു. നഗരങ്ങളിൽ കറങ്ങി, ഗ്രാമങ്ങളിലേക്കിറങ്ങി, ഊടുവഴികൾ ചുറ്റിത്തിരിഞ്ഞ്, വീടുകളും സ്ഥാപനങ്ങളും കയറി സ്ഥാനാർഥികളും പരിവാരങ്ങളും സഹായം തേടി.
പതിവ് രീതിയിലെ വോട്ട് തേടലിനപ്പുറം വ്യത്യസ്തമായ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ചവരുണ്ട്. അണികളുമായി പ്രഭാതസവാരി, സ്ഥാനാർഥിക്കൊപ്പം പ്രാതൽ, കോഫി വിത്ത് കാൻഡിഡേറ്റ്, നാടും നഗരവും ഇളക്കി മറിച്ച റോഡ് ഷോകൾ...ഇങ്ങനെ നീളുന്നു. വിവര സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയവർ 'വാർ' റൂമുകളിലിരുന്ന് തന്ത്രങ്ങളൊരുക്കി.
ഇഷ്ട നേതാക്കൾക്കൊപ്പം സെൽഫിയെടുക്കാൻ ജനങ്ങൾ മത്സരിച്ചു. പാട്ടുകാരായ സ്ഥാനാർഥികളെ രണ്ട് വരി പാടിക്കാതെ വിട്ടില്ല. മലപ്പുറത്തിെൻറ ഹൃദയതാളമായ ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചവരുമുണ്ട്. വോട്ട് തേടി പ്രവർത്തിക്കുന്ന ടീ ഷോപ്പുകൾ, കറങ്ങുന്ന വാഹനങ്ങൾ, കേക്ക് നിർമാണ മത്സരം തുടങ്ങിയവയും പുതുമ നൽകി.
ദേശീയ നേതാക്കളുടെ പട തന്നെ എത്തി. സിനിമാതാരങ്ങളും വോട്ട് ചോദിക്കാനെത്തി. 16 നിയമസഭ മണ്ഡലങ്ങളും മലപ്പുറം ലോക്സഭ മണ്ഡലവും ചൊവ്വാഴ്ച ബൂത്തിലേക്ക് നീങ്ങുമ്പോൾ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ജില്ല കണ്ട കൗതുകക്കാഴ്ചകളിലൂടെ ഒരു ഫോട്ടോ പ്രദക്ഷിണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.