രാഹുലിന്‍റെ റോഡ് ഷോയിൽ ലീഗ് പതാക അഴിപ്പിച്ചെന്ന് സി.പി.എം; ഇടതുപക്ഷം വർഗീയത പരത്തുന്നുവെന്ന് യു.ഡി.എഫ്
text_fieldsമാനന്തവാടി: രാഹുൽഗാന്ധി നടത്തിയ റോഡ് ഷോയിൽ മുസ്‌ലിംലീഗിന്‍റെ പതാക ഉയർത്താൻ അനുവദിക്കാതെ അഴിച്ചു മാറ്റിയതായി സി.പി.എം ആരോപണം. എന്നാൽ, ഈ പ്രചാരണം ഇടതുപക്ഷത്തിന്‍റെയും ചില തത്‌പരകക്ഷികളുടെയും ഭാവന സൃഷ്ടിയാണെന്ന് മുസ്ലിംലീഗ് പ്രതികരിച്ചു. പരാജയം ഭയന്ന് ഇടത്പക്ഷം വിറളി പൂണ്ടിരിക്കുകയാണെന്നും വ്യാജ പ്രചരണങ്ങളും വർഗീയതയും പ്രചരിപ്പിച്ച് മതിയാകാതെ ഇതിനായി ചില മാധ്യമങ്ങളെയും കൂട്ടുപിടിച്ചിരിക്കുകയാണെന്നും യു.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
കോൺഗ്രസും ആർ.എസ്.എസും തമ്മിലുള്ള ധാരണ പ്രകാരമാണ് മാനന്തവാടിയിലെ റോഡ് ഷോയിൽ ലീഗിന്‍റെ കൊടി ഉയർത്താൻ അനുവദിക്കാതിരുന്നതെന്നാണ് സി.പി.എമ്മിന്‍റെ ആരോപണം. കെ.സി വേണുഗോപാൽ ഇടപെട്ടാണ് കെട്ടിയ കൊടിയെല്ലാം അഴിച്ചു മാറ്റിയതെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എൻ. പ്രഭാകരൻ പറഞ്ഞു.
എന്നാല്‍, മാനന്തവാടിയിൽ കോൺഗ്രസ് പതാക പോലും ഉപയോഗിച്ചിട്ടില്ലെന്നും സ്ഥാനാർഥിയുടെ ചിഹ്നമായ കൈപ്പത്തി ആലേഖനം ചെയ്ത കൊടികൾ മാത്രമാണ് ഉപയോഗിച്ചതെന്നും യു.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു. സുൽത്താൻ ബത്തേരിയിലും കൽപറ്റയിലും നടന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ലീഗിന്‍റെതടക്കമുള്ള എല്ലാ പതാകകളും ഉയോഗിച്ചിട്ടുണ്ട്. മാനന്തവാടിയിൽ ഒരു പാർട്ടിയുടെയും കൊടികൾ ഉപയോഗിക്കാനോ ഉപയോഗിക്കാതിരിക്കാനോ ആർക്കും നിർദേശം നൽകിയിരുന്നില്ല -നേതാക്കൾ വ്യക്തമാക്കി.
ആർ.എസ്.എസിന്‍റെ വോട്ട് ജയലക്ഷ്മിക്ക് കിട്ടണമെങ്കിൽ മുസ്‌ലിംലീഗിന്‍റെ പതാക ഒഴിവാക്കണമെന്ന് ആർ.എസ്.എസ് പക്ഷത്തു നിന്നുണ്ടായ സമ്മർദത്തെ തുടർന്നാണ് കെ.സി. വേണുഗോപാൽ ഇടപെട്ട് കെട്ടിയ കൊടിയെല്ലാം അഴിപ്പിച്ചതെന്നാണ് സി.പി.എം പറയുന്നത്. ''അഴിപ്പിച്ച കൊടിയെല്ലാം ഒരു ജീപ്പിനകത്ത് കൂട്ടിയിട്ട് ലീഗുകാർക്ക് കൊണ്ടു പോകേണ്ട ഗതികേടുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകന് വലിയൊരു കൊടി കൊണ്ടുവന്നിട്ട് അതു ചുരുട്ടി വടിയാക്കി മാറ്റി, വടിയും പിടിച്ച് സ്‌കൂട്ടിയിലിരിക്കുന്ന ദയനീയമായ കാഴ്ചയും കണ്ടു. ആത്മാഭിമാനമുള്ള ലീഗുകാർ ഇതിൽ പ്രതിഷേധിച്ച് പ്രതികാരം ചെയ്യണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. സ്വന്തം പാർട്ടിയുടെ അസ്തിത്വം തന്നെയാണ് ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളത്. മുസ്‌ലിംലീഗുകാർ ജയിക്കുന്നതിന് മുമ്പ് ഇങ്ങനെ കീഴടങ്ങിക്കൊടുക്കുകയാണ് എങ്കിൽ ജയലക്ഷ്മി ജയിച്ചു കഴിഞ്ഞാൽ ഏഴയലത്തു പോലും മുസ്‌ലിംലീഗുകാരെ അടുപ്പിക്കുകയില്ല എന്നാണ് ഇതു കാണിക്കുന്നത്. മാനന്തവാടിയിൽ കൊടി ഒഴിവാക്കിയതിന് എതിരായി പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബത്തേരിയിലും കൽപ്പറ്റയിലും ലീഗിന്‍റെ കൊടി റോഡ് ഷോയിൽ ഉപയോഗിച്ചു. രാഹുൽഗാന്ധിക്ക് ബത്തേരിയിലും കൽപറ്റയിലും ഉപയോഗിക്കാവുന്ന ലീഗിന്‍റെ കൊടി എന്തുകൊണ്ട് മാനന്തവാടിയിൽ ഉപയോഗിക്കാൻ അനുവദിച്ചില്ല എന്നതിന് കോൺഗ്രസുകാർ ഉത്തരം പറയേണ്ടതുണ്ട്' - പ്രഭാകരൻ ആവശ്യപ്പെട്ടു.
എന്നാൽ, റോഡ് ഷോയെ കുറിച്ച് വർഗീയത പരത്തുന്ന തരത്തിൽ ചില ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും കെട്ടിച്ചമച്ച വാർത്തകളെ പുച്ഛത്തോടെ തള്ളികളയുന്നുവെന്ന് യു.ഡി.എഫ് മണ്ഡലം ഭാരവാഹികൾ പറഞ്ഞു. ''പരാജയം ഭയന്ന് ഇടത് പക്ഷം വിറളി പൂണ്ടിരിക്കുകയാണ്. കാലാകാലങ്ങളായി വ്യാജ പ്രചരണങ്ങളും വർഗീയതയും പ്രചരിപ്പിച്ച് മതിയാകാത്ത ഇടതുപക്ഷം ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ്. നിഷ്പക്ഷത പാലിക്കേണ്ട മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ഒരു വിഭാഗത്തിന് വേണ്ടി മാത്രം തെരഞ്ഞെടുപ്പ് കാലത്ത് പ്രവർത്തിക്കുന്നത് ധാർമ്മികതയല്ല. ഇത്തരം വ്യാജ പ്രചരണങ്ങൾ ജനം തിരിച്ചറിയും. അത്തരം മാധ്യമ രാഷ്ട്രീയത്തിലൂടെ വയനാട്ടിൽ വർഗീയത സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രം വിലപ്പോവില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി പഴയ ആർ.എസ്.എസുകാരനാണന്ന് ബി.ജെ.പി നേതാവ് പറഞ്ഞതോടെ വിറളി പിടിച്ച അവസ്ഥയിലാണ് എൽ.ഡി.എഫ്. കള്ള പ്രചരണങ്ങൾ കേട്ട് മടുത്ത ജനങ്ങൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ വിധിയെഴുതുന്ന അവസ്ഥ വന്നതോടെയാണ് മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നത്'' -യു.ഡി.എഫ് ചെയർമാനും ലീഗ് നേതാവുമായ പി.കെ. അസ്മത്ത്, സി.അബ്ദുൽ അഷ്റഫ്, അഡ്വ. എം. വേണുഗോപാൽ, എ. പ്രഭാകരൻ മാസ്റ്റർ, പടയൻ മുഹമ്മദ്, കടവത്ത് മുഹമ്മദ് തുടങ്ങിയവർ പ്രസ്താവനയിൽ പറഞു.
തോൽവി ഭയന്നുള്ള ഇടതുപക്ഷത്തിന്‍റെയും ചില തത്‌പരകക്ഷികളുടെയും ഭാവന സൃഷ്ടിയാണു കൊടി അനുവദിച്ചില്ലെന്ന പ്രചരണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ഇടതുസ്ഥാനാർഥിയുടെ ആർ.എസ്.എസ് ബന്ധമടക്കമുള്ള കാര്യങ്ങൾ മറച്ചു വെക്കാനുള്ള പാഴ് ശ്രമമാണിതെന്നും ഇത്തരം ആരോപണങ്ങൾ കൊണ്ടൊന്നും മുസ്ലിം ലീഗ് പ്രവർത്തകരെ നിഷ്ക്രിയമാക്കാൻ കഴില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.