തന്റെ കുടുംബം തകർന്നുവെന്ന് പ്രചരിപ്പിക്കുന്നത് പരാജയഭീതി മൂലം –പി.കെ. ജയലക്ഷ്മി
text_fieldsമാനന്തവാടി: തന്റെ കുടുംബം തകർന്നുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഇടതുപക്ഷം പ്രചരിപ്പിക്കുന്നത് പരാജയഭീതി മൂലമാണെന്ന് മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. എം.എൽ.എ എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങളെ കുറിച്ച് പറയാനില്ലാത്തതിനാലാണ് വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത്. പട്ടികവർഗ സ്ത്രീയാണെന്ന പരിഗണന നൽകാതെയാണ് ഭർത്താവുമായുള്ള ബന്ധം പിരിഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നത് -ഭർത്താവ് അനിൽകുമാറിെൻറ സാന്നിധ്യത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് അവർ പറഞ്ഞു.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തൊണ്ടാർ പദ്ധതി നടപ്പാക്കില്ല. പരിസ്ഥിതി ലോല വിഷയത്തിൽ എം.എൽ.എ തികഞ്ഞ മൗനം പുലർത്തുകയാണ്. യു.ഡി.എഫ് വന്നാൽ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജാക്കിയതിനെ എതിർക്കുന്നില്ല. പക്ഷേ, അഞ്ചുവർഷം മുമ്പ് നിർമാണം ആരംഭിച്ച ബഹുനില കെട്ടിട സമുച്ചയത്തിെൻറ പണി പൂർത്തിയാക്കാൻ ഈ സർക്കാറിന് കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
താൻ കോൺഗ്രസുകാരനാണെന്നും ഭാര്യ ജയലക്ഷ്മിയുടെ വിജയത്തിനായി പ്രവർത്തിക്കുകയാണെന്നും ജയലക്ഷ്മിയുടെ ഭർത്താവ് അനിൽകുമാർ പറഞ്ഞു.
15 വർഷമായി ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കുന്നില്ല. ജയലക്ഷ്മി പഞ്ചായത്ത് അംഗമായിരിക്കുമ്പോഴാണ് വിവാഹ നിശ്ചയം നടന്നത്. മന്ത്രിയായിരുന്നപ്പോഴാണ് വിവാഹം. തനിക്കെതിരെ ആർ.എസ്.എസ് ബന്ധം ആരോപിക്കുന്നവർ ഒന്നോർക്കണം. ഒ.ആർ. കേളുവും ആർ.എസ്.എസ് ആയിരുന്നെന്ന്.
കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നതിൽനിന്ന് പിന്മാറണമെന്നും രാഷ്ട്രീയമായി നേരിടാൻ എതിരാളികൾ തയാറാകണമെന്നും അനിൽ കുമാർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി നിരീക്ഷകൻ യു.ടി. ഖാദർ, ഭാരവാഹികളായ സി. അബ്ദുൽ അഷ്റഫ്, പി.കെ. അസ്മത്ത്, എ. പ്രഭാകരൻ, വി.വി. നാരായണവാര്യർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.