തിരുനെല്ലിയുടെ മനമറിഞ്ഞ് ജയലക്ഷ്മി; പൊരിവെയിലിലും തളരാതെ ഒ.ആര് കേളു
text_fieldsമാനന്തവാടി: യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മി വെള്ളിയാഴ്ച തിരുനെല്ലി പഞ്ചായത്തിൽ വോട്ടഭ്യർഥന നടത്തി. രാവിലെ ഭർത്താവ് അനിൽകുമാർ, മകൾ ആരാധ്യ എന്നിവർക്കൊപ്പം തൃശ്ശിലേരി ക്ഷേത്ര ദർശനത്തോടെയായിരുന്നു തുടക്കം. അവിടെനിന്ന് നേരേ തിരുനെല്ലി ക്ഷേത്രത്തിലേക്ക്. അവിടെ പ്രാദേശിക നേതാക്കളായ എ.എം. നിഷാന്ത്, കെ.ജി. രാമകൃഷ്ണൻ, പത്മനാഭൻ, ഒ.പി. ഹസൻ തുടങ്ങിയ നേതാക്കൾ സ്വീകരിച്ചു.
ക്ഷേത്രദർശനം പൂർത്തിയാക്കിയ ശേഷം തിരുനെല്ലി ക്ഷേത്രം വിശ്രമ മന്ദിരത്തിൽ നേതാക്കളായ യു.ടി. ഖാദർ, സി. അബ്ദുൽ അഷ്റഫ് എന്നിവരുമായി പര്യടന പരിപാടികളെ കുറിച്ച് കൂടിയാലോചന. തുടർന്ന് ക്ഷേത്രപരിസരത്തെ കടയിൽനിന്ന് ലഘുഭക്ഷണം കഴിച്ച് സമീപത്തെ കടകളിൽ വോട്ടഭ്യർഥിച്ചു. അപ്പോഴേക്കും വെയിലും കനത്തു. ചൂട് വകവെക്കാതെ സ്ഥാനാർഥിയും കർണാടക മഹിള കോൺഗ്രസ് നേതാക്കളും എരുവക്കി കോളനിയിലേക്ക്. അവിടെ കുട്ടികളെ ലാളിച്ചും വയോധികരുടെ അനുഗ്രഹം തേടിയും വീടുകളിൽനിന്ന് വീടുകളിലേക്ക്.
അതിനിടിയിലാണ് കോളനിയിലെ കുറുമാട്ടിയുടെ വീട്ടിൽ കല്യാണത്തിനായുള്ള അരി വൃത്തിയാക്കുന്നത് കണ്ടത്. സ്ഥാനാർഥി അൽപനേരം അവർക്കൊപ്പം ചേർന്നു. ഒരു മണിയായതോടെ സന്ദർശനം അവസാനിപ്പിച്ച് മാനന്തവാടിയിലേക്ക് മടങ്ങി. ഒരു സ്വകാര്യ ഹോട്ടലിൽ വാർത്തസമ്മേളനം നടത്തി ഉച്ചയൂണും കഴിച്ച് അടുത്ത സ്ഥലമായ ബാവലിയിലേക്ക് തിരിച്ചു.
ബാവലി മീൻകൊല്ലി കോളനിയിൽ വോട്ട് ചോദിച്ചതിന് ശേഷം കാട്ടിക്കുളം അങ്ങാടിയിൽ വോട്ടഭ്യർഥിച്ചു. പിന്നീട് തൃശിലേരിയിലെയും എടയൂർ കുന്നും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. കുടുംബയോഗങ്ങൾ പൂർത്തിയാകുമ്പോഴേക്കും രാത്രി പത്ത്. ഇതോടെ പര്യടനങ്ങൾക്ക് പരിസമാപ്തിയായി. സ്ഥാനാർഥിക്കൊപ്പം വിവിധ ഇടങ്ങളിൽ നേതാക്കളായ എ.എം. നിഷാന്ത്, വി.വി. നാരായണവാര്യർ, എം.കെ. ഹമീദലി, വാസന്തി തുടങ്ങിയവർ അനുഗമിച്ചു.
മാനന്തവാടി: പൊരിവെയിലിലും തളരാതെ ഒ.ആര്. കേളുവിെൻറ പ്രചാരണം തുടരുന്നു. കല്ലോടിയില്നിന്നാണ് വെള്ളിയാഴ്ച പ്രചാരണം ആരംഭിച്ചത്. മൂളിത്തോട്, പള്ളിക്കല്‍, രണ്ടേനാല്, ദീപ്തിഗിരി, പാണ്ടിക്കടവ്, വാളേരി, കല്യാണത്തുംപള്ളി, കുരിശിങ്കല്‍, അഗ്രഹാരം തുടങ്ങിയ പ്രദേശങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ടു. കച്ചവടക്കാര്‍, ഓട്ടോ തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവരോടെല്ലാം വോട്ടഭ്യർഥിച്ചു.
വിവിധ ഗോത്ര സമുദായങ്ങള്‍ താമസിക്കുന്ന കോളനിയിലെത്തി വോട്ട് ചോദിച്ചു. സ്ഥാനാർഥിയെ ഇരു കൈകളും നീട്ടിയാണ് പ്രദേശത്തെ വോട്ടര്‍മാര്‍ സ്വീകരിച്ചത്. പിന്നീട് എടവക ഗ്രാമപഞ്ചായത്തിലെത്തി ജീവനക്കാരോടും മറ്റും വോട്ടഭ്യര്‍ഥിച്ചു. വിവിധ മതസ്ഥാപനങ്ങളും സന്ദർശിച്ചു. വിദ്യാലയങ്ങളിലെത്തി അധ്യാപകരോടും ജീവനക്കാരോടും വോട്ടഭ്യര്‍ഥിച്ചു.
കുരിശിങ്കല്‍ വി.എഫ്.പി.സി.കെ ഫുഡ് പ്രോസസിങ് സെൻററിലെത്തി തൊഴിലാളികളോട് സംസാരിച്ചു.
എല്‍.ഡി.എഫ് നേതാക്കളായ ജെസ്റ്റിൻ ബേബി, കെ.ആര്. ജയപ്രകാശ്, മനു കുഴിവേലി, കെ.വി. ബിജോള്‍, കെ. മുരളീധരന്, കെ. വിജയന്, മിനി തുളസീധരന്‍, പി.എം. സന്തോഷ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.