'പാർട്ടിക്കുള്ളിൽ കൃത്യമായ എതിർപ്രവർത്തനമുണ്ടായി'; തോൽവി കെ.പി.സി.സി അന്വേഷിക്കണമെന്ന് പി.കെ.ജയലക്ഷ്മി
text_fieldsമാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫിനേറ്റ പരാജയം പഠിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന പി.കെ. ജയലക്ഷ്മി കെ.പി.സി.സി.യോട് ആവശ്യപ്പെട്ടു.
പാർട്ടിക്കുള്ളിൽ കൃത്യമായ എതിർപ്രവർത്തനങ്ങൾ ഉണ്ടായതായാണ് താഴെതട്ടിലെ പ്രവർത്തകർ നൽകുന്ന റിപ്പോർട്ട്. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കോൺഗ്രസിനുള്ളിൽ തന്നെയുള്ളവർ എതിരായി പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വയനാട്ടിലെ രണ്ട് മണ്ഡലങ്ങളിൽ വിജയമുണ്ടായിട്ടും യു.ഡി.എഫിന് മേൽക്കൈയുള്ള മാനന്തവാടിയിലെ പരാജയത്തിന് പ്രധാന കാരണം.
രാഹുൽ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായിരുന്ന ന്യായ് പദ്ധതിയെക്കുറിച്ചും പ്രകടന പത്രികയിലെ കർഷക കടാശ്വാസ പദ്ധതിയെ കുറിച്ചുമൊന്നും വോട്ടർമാർക്കിടയിൽ പ്രചരിപ്പിച്ചില്ല. ഇടത് സർക്കാരിനെ വിമർശിച്ചില്ല. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എൽ. ഡി.എഫ്. സ്ഥാനാർഥിയുടെ സ്തുതി പാഠകരായിരുന്നു.
നല്ലൊരു വിഭാഗം യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി അക്ഷീണം പ്രയത്നിച്ചപ്പോൾ ചെറിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും നിശബ്ദരായിരുന്നു. പ്രവർത്തിച്ച ഭാരവാഹികളെയും പ്രവർത്തകരെയും അവഹേളിക്കാനും അപമാനിക്കാനുമാണ് ഇപ്പോൾ ഒരു വിഭാഗം ശ്രമിക്കുന്നത്. നിജസ്ഥിതികൾ പുറത്ത് കൊണ്ടുവരുന്നതിനും കോൺഗ്രസിനെ ശാക്തീകരിക്കുന്നതിനും കെ.പി.സി.സി ഒരു അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ജയലക്ഷ്മി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.