ജനമനസ്സിലേക്ക് രാഹുൽ റോഡ് ഷോ; മാനന്തവാടിയെയും ബത്തേരിയെയും ഇളക്കിമറിച്ച് പ്രചാരണം
text_fieldsമാനന്തവാടി: യു.ഡി.എഫിന് പുത്തനുണർവേകി രാഹുലിെൻറ റോഡ് ഷോ. മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും പ്രിയ നേതാവിനെ കാണാനായി കാത്തുനിന്നത് ജനസാഗരം. ത്രിവർണ പതാകയേന്തിയ ആൾക്കൂട്ടത്തിനിടയിലേക്ക് രാഹുൽ കൈവീശി എത്തുമ്പോൾ ആവേശം അണപൊട്ടി. പൊരിവെയിലത്തും പോരാട്ടച്ചൂടിന് ആവേശം പകർന്നും ജനങ്ങളുടെ മനം കവർന്നും രാഹുലിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം.
വ്യാഴാഴ്ച രാവിലെ 10.10: നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മാനന്തവാടി എരുമത്തെരുവിൽനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. വാഹനത്തിനു മുകളിൽ ജയലക്ഷ്മി. ഡോറിൽ തൂങ്ങി രാഹുൽ ഗാന്ധിയും എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാലും. റോഡരികിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്ത് റോഡ് ഷോ മുന്നോട്ടുനീങ്ങി. നൂറുകണക്കിന് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി രാഹുലിെൻറ വാഹനത്തെ അനുഗമിച്ചു. നഗരത്തിെൻറ ഇരുഭാഗങ്ങളിലും തടിച്ചുകൂടിയ ജനങ്ങളെ ആവേശത്തോടെ കൈകൾ വീശിയും കൈകൊടുത്തും രാഹുൽ.
കൊച്ചുകുട്ടികളിൽനിന്നും കണിക്കൊന്നയും പൂക്കളും സ്വീകരിച്ച് വാഹനം ഗാന്ധി പാർക്കിലെത്തി. പത്ത് മിനിറ്റോളം സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ചുള്ള പ്രസംഗം. തുടർന്ന് പഞ്ചായത്ത് ബസ് സ്റ്റാൻഡ് വരെ റോഡ് ഷോ തുടർന്നു. അതിനുശേഷം പനമരത്തേക്കുള്ള യാത്രക്കിടെ റോഡിൽ കാത്തുനിന്നവരെയെല്ലാം നിറപുഞ്ചിരിയോടെ കൈവീശിയാണ് കടന്നുപോയത്. അഞ്ചാംമൈലിൽ പ്രവർത്തകരുടെ ആവേശത്തിന് മുന്നിൽ കീഴടങ്ങിയ അദ്ദേഹം അവിടെ വാഹനത്തിൽ നിന്നിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്തു. പിന്നീട് പനമരം വഴി ബത്തേരിയിലേക്ക് നീങ്ങി.
ഉച്ചക്ക് 12.00: സുൽത്താൻ ബത്തേരിയിൽ രാവിലെ റോഡ് ഷോ 11ന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഉച്ചക്ക് 12നാണ് രാഹുൽ ഗാന്ധി എത്തുന്നത്. അപ്പോഴേക്കും കൊടുംചൂടിനെ അവഗണിച്ച് റോഡരികിൽ നേതാവിനെ കാണാനായി ജനസാഗരം തടിച്ചുകൂടിയിരുന്നു. രാവിലെ മുതൽ ഇവിടേക്ക് പ്രവർത്തകർ ഒഴുകി. കോട്ടക്കുന്നിൽ നിന്നായിരുന്നു തുടക്കം. വാഹനത്തിനു മുകളിൽ സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണനൊപ്പം രാഹുൽ ഗാന്ധിയും. ഡോറിെൻറ പടിയിൽ തൂങ്ങി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങളും കെ.സി. വേണുഗോപാലും. റോഡരികിൽ കാത്തുനിന്നവരെ നിരാശപ്പെടുത്തിയില്ല.
എല്ലാവരെയും അഭിവാദ്യം ചെയ്ത് മുന്നോട്ട്. ചുങ്കം, ട്രാഫിക് ജങ്ഷൻ എന്നിവിടങ്ങളിലൊക്കെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ കോട്ടകെട്ടി. അസംപ്ഷൻ ജങ്ഷനിലായിരുന്നു സമാപനം. പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രസംഗം. വയനാടിെൻറ സമഗ്ര വികസനത്തിന് യു.ഡി.എഫ് അധികാരത്തിൽ വരണമെന്ന് രാഹുൽ. കർഷകരെ ദുരിതത്തിലാക്കുന്ന വന്യമൃഗശല്യം, ബഫർ സോൺ വിഷയങ്ങളിൽ ശാശ്വത പരിഹാരം കാണുകയാണ് യു.ഡി.എഫിെൻറ ലക്ഷ്യം. ഏറെ വിലത്തകർച്ച നേരിടുന്ന കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില നിശ്ചയിക്കുമെന്നും കർഷകരുടെ മറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും വയനാടൻ ജനതയുടെ ഉന്നമനത്തിനായി യു.ഡി.എഫ് സ്ഥാനാഥികളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും രാഹുൽ ഗാന്ധിയുടെ അഭ്യർഥന. പ്രവർത്തകരിൽ ആത്മവിശ്വാസവും ഊർജവും നിറച്ച്, തുടർന്ന് കൽപറ്റയിൽ പൊതുയോഗത്തിൽ പങ്കെടുക്കാനായി യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.