മഞ്ചേരിയിൽ പ്രതീക്ഷയും ആശങ്കയുമായി മുന്നണികൾ
text_fieldsമഞ്ചേരി: ഒരുമാസം നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ വോട്ടുകൾ പെട്ടിയിലായതോടെ ഇനി കൂട്ടിക്കിഴിക്കലിെൻറ നാളുകൾ. മഞ്ചേരി മണ്ഡലത്തിൽ മുമ്പെങ്ങുമില്ലാത്തവിധം പ്രചാരണം അഴിച്ചുവിട്ടാണ് മുന്നണികൾ ഇത്തവണ വോട്ടുപിടിച്ചത്. അട്ടിമറിക്കാനുറച്ച് ഇടതുപക്ഷവും നിലനിർത്താൻ യു.ഡി.എഫും അങ്കത്തിന് ഇറങ്ങിയതോടെ മികച്ച മത്സരമാണ് നടന്നത്.
പോളിങ് ശതമാനം വർധിച്ചതും ഇതിെൻറ ഭാഗമാണ്. 2016ൽ 73.02 ശതമാനമായിരുന്നു പോളിങ്. എന്നാൽ, ഇത്തവണ മൂന്ന് ശതമാനം വർധനയുണ്ടായി. 76.07 ശതമാനം പേരാണ് ബൂത്തുകളിലെത്തിയത്. 2,06,960 വോട്ടർമാരിൽ 77,143 പുരുഷ വോട്ടർമാരും 76,640 സ്ത്രീ വോട്ടർമാരും അടക്കം 1,53,783 പേർ വോട്ട് രേഖപ്പെടുത്തി. സ്ത്രീ വോട്ടർമാരാണ് മണ്ഡലത്തിൽ കൂടുതലെങ്കിലും ബൂത്തിലെത്തിയത് പുരുഷന്മാരായിരുന്നു.
ഇത്തവണ മണ്ഡലം കൂടെ പോരുമെന്നാണ് ഇടതുപക്ഷത്തിെൻറ കണക്കുകൂട്ടൽ. കീഴാറ്റൂർ, എടപ്പറ്റ, പാണ്ടിക്കാട് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് മേൽക്കോയ്മ ലഭിക്കുമെന്നും തൃക്കലങ്ങോടും, മഞ്ചേരി നഗരസഭയിലും ഒപ്പത്തിനൊപ്പം നിൽക്കുമെന്നും അവർ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ലീഡ് നില കുറക്കാനായതും പ്രതീക്ഷ നൽകുന്നു. എന്നാൽ, മണ്ഡലം മികച്ച ഭൂരിപക്ഷത്തിൽ തന്നെ നിലനിർത്താനാകുമെന്നാണ് യു.ഡി.എഫ് ക്യാമ്പിെൻറ വിലയിരുത്തൽ.
തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ച തൃക്കലങ്ങോട് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതോടെ മണ്ഡലത്തിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു.ഡി.എഫിനാണ് ആധിപത്യം. ഇത് നിയമസഭ തെരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്നാണ് കരുതുന്നത്. വെൽഫെയർ പാർട്ടി, പി.ഡി.പി, എസ്.ഡി.പി.ഐ എന്നീ രാഷ്ട്രീയ പാർട്ടികൾക്ക് ഇത്തവണ സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചെറുകക്ഷികളുടെ വോട്ടുകളും തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇരുമുന്നണികളുടെയും കണക്കുകൂട്ടൽ.
മണ്ഡലത്തിൽ എൻ.ഡി.എക്ക് വലിയ സ്വാധീനം ഇല്ലെങ്കിലും കഴിഞ്ഞ തവണ ലഭിച്ച പതിനായിരത്തിലധികം വരുന്ന വോട്ട് നിലനിർത്തുന്നതിനോടൊപ്പം, പുതിയ വോട്ടുകളും നേടി മണ്ഡലത്തിൽ നിർണായക ശക്തിയാവുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.