വികസനം വിവരിച്ച് എൻ. ഷംസുദ്ദീൻ, ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സുരേഷ് രാജ്; മണ്ണാർക്കാട്ട് പ്രതീക്ഷയോടെ മുന്നണികൾ
text_fieldsമണ്ണാർക്കാട്: മുന്നണികളെ മാറിമാറി വരിക്കുന്ന മണ്ണാർക്കാട് മണ്ഡലത്തിൽ മീന മാസത്തിലെ ചൂടിനെ തോൽപിക്കുന്നതാണ് പ്രചാരണച്ചൂട്. യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ അമിത വിജയ പ്രതീക്ഷയുമായി മണ്ഡലത്തിൽ സജീവമാകുമ്പോൾ, നില മെച്ചപ്പെടുത്താൻ വെച്ചുപിടിക്കുകയാണ് എൻ.ഡി.എ.
എൻ. ഷംസുദ്ദീൻ
രാവിലെ 9.00 മണിയോടെ ആരംഭിക്കേണ്ട പര്യടനം ഒരൽപം വൈകിയാണ് ആരംഭിച്ചത്. ഇടതുമുന്നണിയുടെ നഗരസഭ കൗൺസിലർ ഇബ്രാഹീമിെൻറ പിതാവ് മരിച്ചതറിഞ്ഞുള്ള സന്ദർശനം കഴിഞ്ഞു നജാത്ത് ആർട്സ് ആൻഡ് സയൻസ് കോളജിലെത്തി വിദ്യാർഥികളുമായി അൽപനേരം ചെലവഴിച്ച ശേഷമാണ് പര്യടന പരിപാടിയിലേക്ക് നീങ്ങിയത്. ആദ്യ സ്വീകരണ സ്ഥലമായ കുമരംപുത്തൂർ പഞ്ചായത്തിലെ പാണ്ടിക്കാട് എത്തുമ്പോൾ നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകി. സ്ഥാനാർഥിയുടെ വാഹനം എത്തുന്നതിന് മുമ്പായി പ്രാദേശിക നേതാക്കളുടെ പ്രസംഗവും ചില കേന്ദ്രങ്ങളിലെ പാട്ടുവണ്ടിയിലെ പാട്ടുകളും കൊഴുപ്പേകി.
പ്രാദേശിക വിഷയങ്ങളും ശബരിമലയും സ്പീക്കർക്കെതിരെയുള്ള പുതിയ വെളിപ്പെടുത്തലുമെല്ലാം വിവരിച്ചുള്ള പൈലറ്റ് പ്രസംഗം കഴിയുമ്പോഴേക്കും ഷംസുദ്ദീൻ എത്തി. കൂടിനിന്നവരോടും അടുത്തുള്ള വീടുകളിലും കടകളിലും കയറി വോട്ടഭ്യർഥന. പ്രവർത്തകരുടെ ഷാളണിയിക്കൽ. പിന്നെ 10 വർഷത്തെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയുള്ള ലഘു പ്രസംഗം. കുമരംപുത്തൂരിലെ പ്രധാന പ്രശ്നമായ പയ്യനടം റോഡ് കടന്നുപോകുന്ന വഴിയാണ് തിങ്കളാഴ്ച പര്യടനം നടന്നത്.
റോഡ് വിഷയത്തിലെ കിഫ്ബി- പൊതുമരാമത്ത് വകുപ്പുകളുടെ ശീതസമരം ചൂണ്ടിക്കാട്ടിയ ശേഷം യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ആറു മാസത്തിനകം റോഡ് പൂർത്തിയാക്കുമെന്നുള്ള വാഗ്ദാനവും നൽകി അടുത്ത കേന്ദ്രമായ അക്കിപാടത്തേക്ക്. സാമാന്യം നല്ല ആൾത്തിരക്കുണ്ട് വിവിധ കേന്ദ്രങ്ങളിൽ. പഞ്ചായത്തിലെ 40 കേന്ദ്രങ്ങളിലായാണ് സ്വീകരണം നടന്നത്. അതിനിടെ യു.ഡി.എഫ് വനിത സംഗമവും അധ്യാപക സംഗമവും പൂർത്തിയാക്കി. ചങ്ങലീരി മേഖലയിലെ പര്യടനം പൂർത്തിയാക്കി നിശ്ചയിച്ചതിലും ഏറെ വൈകി രണ്ടാം മൈലിൽ സമാപനം.
കെ.പി. സുരേഷ് രാജ്
നേരത്തേ നിശ്ചയിച്ച സമയക്രമത്തിലും സ്വീകരണ സ്ഥലങ്ങളിലും അൽപം മാറ്റം വരുത്തിയാണ് ഇടതുമുന്നണി സ്ഥാനാർഥി കെ.പി. സുരേഷ് രാജ് പ്രചാരണം തിങ്കളാഴ്ച പൂർത്തിയാക്കിയത്. രാവിലെ ഇടതുമുന്നണിയുടെ നഗരസഭ കൗൺസിലർ ഇബ്രാഹീമിെൻറ പിതാവ് മരിച്ചതറിഞ്ഞുള്ള സന്ദർശനം കഴിഞ്ഞ ശേഷമാണ് പ്രചാരണ പരിപാടിയിലേക്ക് കടന്നത്. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് മണ്ണാർക്കാട് നഗരസഭയിലെ പ്രചാരണം ആരംഭിച്ചത്.
സമയം വൈകിയതോടെ രാജാസ് കോളനി, ടിപ്പു ജങ്ഷൻ ഭാഗങ്ങളിലെ പരിപാടികൾ ഒഴിവാക്കി. ആദ്യ പരിപാടിയായ മുക്കണ്ണം കവലയിൽ സ്വീകരണ സ്ഥലത്ത്, സ്ഥാനാർഥി എത്തുംമുമ്പ് ഇടത് നേതാക്കളുടെ പിണറായി സർക്കാറിെൻറ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വിസ്തരിച്ചുള്ള പ്രസംഗം. അനൗൺസ്മെൻറ് വാഹനത്തിലെ അറിയിപ്പിനൊപ്പം സുരേഷ് രാജ് സ്ഥലത്തെത്തി. സ്ഥാനാർഥിയെ കാത്തുനിന്നിരുന്ന സ്ത്രീസംഘത്തിലുണ്ടായിരുന്ന മൂന്ന് വയസ്സുകാരൻ ആദി ദേവിെൻറ കൈയിൽനിന്ന് പൂച്ചെണ്ട് വാങ്ങി വോട്ടഭ്യർഥനക്ക് തുടക്കമായി. കവലയിൽ ആളുകൾ കുറവാണെങ്കിലും കടകളിൽ കയറി വോട്ടഭ്യർഥിച്ച ശേഷം ലഘുവായ പ്രസംഗം. ക്ഷേമ പെൻഷനും അടിസ്ഥാന സൗകര്യ വികസനവും സൗജന്യ കിറ്റ് വിതരണവുമെല്ലാം സൂചിപ്പിച്ചും യു.ഡി.എഫിൽ ബി.ജെ.പി ബന്ധം ആരോപിച്ചും പ്രസംഗം അവസാനിപ്പിക്കുമ്പോഴേക്കും പ്രവർത്തകർ സജീവമായി.
പിന്നെ തൊട്ടടുത്ത കേന്ദ്രമായ പാറപ്പുറത്തേക്ക്. അവിടെ സാമാന്യം പ്രവർത്തകർ സ്ഥാനാർഥിക്കായി കാത്തിരിക്കുന്നു. വോട്ടഭ്യർഥനയും പ്രസംഗവുമെല്ലാം പതിവുപോലെ. നഗരസഭയിൽ 25 കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയിരുന്നത്. രാത്രി വൈകിയാണ് പ്രചാരണം നെല്ലിപ്പുഴ ആണ്ടിപ്പടത്ത് സമാപിച്ചത്.
സീമ ഷറഫുദ്ദീൻ
തിങ്കളാഴ്ച അലനല്ലൂർ, കോട്ടോപ്പാടം പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിലാണ് എൻ.ഡി.എ സ്ഥാനാർഥി നസീമ ഷറഫുദ്ദീൻ പര്യടനം പൂർത്തിയാക്കിയത്. വിവിധ പഞ്ചായത്തു തല കൺവെൻഷനുകൾ പൂർത്തിയാക്കിയ ശേഷമാണ് സ്ഥാനാർഥി പര്യടനം ആരംഭിച്ചത്. അലനല്ലൂർ പഞ്ചായത്തിലെ ആലുങ്ങലിൽ നിന്നാണ് രാവിലെ ഒമ്പതര മണിയോടെ പ്രചാരണം ആരംഭിച്ചത്.
പഞ്ചായത്തിലെ 14 കേന്ദ്രങ്ങളിലെ പ്രചാരണ പരിപാടികൾക്ക് ശേഷം ഉച്ചക്ക് തിരുവിഴാംകുന്ന് മാളികുന്നിൽ ഭക്ഷണവും അൽപം വിശ്രമവും. ഉച്ചകഴിഞ്ഞാണ് കോട്ടോപ്പാടം പഞ്ചായത്തിലെ പര്യടന പരിപാടികൾ ആരംഭിച്ചത്. ഓരോ സ്വീകരണ സ്ഥലത്തും പ്രചാരണ വാഹനമെത്തി പ്രാദേശിക, മണ്ഡലം നേതാക്കളുടെ പ്രസംഗം. എൻ.ഡി.എയെ അധികാരത്തിലെത്തിച്ചാൽ മണ്ഡലത്തിൽ നടപ്പാക്കാൻ പോകുന്ന വികസന പദ്ധതികളെക്കുറിച്ചുള്ള ചെറിയ പ്രസംഗത്തോടെ സ്വീകരണ സ്ഥലത്തിന് ചുറ്റുമുള്ള ഭാഗങ്ങളിൽ വോട്ടഭ്യർഥന. ഉച്ചക്ക് തിരുവിഴാംകുന്നിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി വൈകി കോട്ടോപ്പാടം സെൻററിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.