നടക്കുന്ന സ്വപ്നങ്ങൾ
text_fieldsകേരളത്തിെൻറ വിധിയെഴുത്ത് കഴിഞ്ഞു. സപ്തഭാഷകളുടെ സംഗമഭൂമിയെ നയിക്കാനും ഈ നാടിെൻറ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും അഞ്ചുപേർ നമുക്കുമുണ്ട്. നമ്മൾ തെരഞ്ഞെടുത്ത അഞ്ച് നിയുക്ത എം.എൽ.എമാർ തങ്ങളുടെ പ്രഥമപരിഗണന പറയുന്നു...
പൈതൃക നഗരം പദ്ധതി വേഗത്തിലാക്കും -ഇ. ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്)
കാഞ്ഞങ്ങാട്ടുകാരുടെ സ്വപ്നപദ്ധതിയായിരുന്ന പൈതൃകം നഗരം പദ്ധതിയുടെ നിർമാണത്തിനാണ് പുതിയ അഞ്ചുവർഷം ഏറ്റവും കൂടുതൽ ഊന്നൽ നൽകുക. പദ്ധതിക്ക് കഴിഞ്ഞ അഞ്ചു വർഷംതന്നെ ഒമ്പതു കോടി നീക്കിവെക്കാനായി.
മറ്റു സ്വപ്നപദ്ധതികളായ അജാനൂർ ഹാർബർ, അമ്മയും കുഞ്ഞും ആശുപത്രി, കോട്ടച്ചേരി റെയിൽവേ മേൽപാലം, കാഞ്ഞങ്ങാടിെൻറ വികസനത്തിൽ ഗണ്യമായ സ്ഥാനമുളള മടിക്കൈ വ്യവസായ പാർക്ക് പദ്ധതി വേഗത്തിലാക്കാനാണ് തീരുമാനം. ആരോഗ്യ രംഗത്തെ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് ജില്ല ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തും.
കുടിവെള്ളം, കാർഷിക മേഖലക്ക് പ്രഥമ പരിഗണന -എം. രാജഗോപാലൻ (തൃക്കരിപ്പൂർ)
ചെറുവത്തൂർ: തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ പ്രഥമ പരിഗണന നൽകുക കുടിവെള്ളത്തിനും കാർഷിക മേഖലക്കുമായിരിക്കും. മണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിന് അടിയന്തരമായ പരിഹാരം കാണും. കാർഷികമേഖലയുടെ വികസനത്തിന് മുന്തിയ പരിഗണന നൽകും. പിലിക്കോട്, നീലേശ്വരം എന്നീ കാർഷിക ഗവേഷണകേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.
ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. വീരമല ടൂറിസം പദ്ധതി നടപ്പാക്കും. വിദ്യാലയങ്ങളിൽ മാതൃകാപദ്ധതികൾ ആവിഷ്കരിക്കും. കായിക മേഖലയിൽ പിന്തുണയേകി ഓരോ പഞ്ചായത്തുകളിലും ഫിറ്റ്നസ് സെൻററുകൾ തുടങ്ങും.
ആരോഗ്യ-വിദ്യാഭ്യാസ മേഖലക്ക് ഉന്നൽ -സി.എച്ച്. കുഞ്ഞമ്പു (ഉദുമ)
മണ്ഡലത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ കാര്യമായ മാറ്റമാണ് ഉദ്ദേശിക്കുന്നത്. മൂന്നര പതിറ്റാണ്ടായി എൽ.ഡി.എഫിെൻറ പക്കലുള്ളതാണ് ഉദുമ മണ്ഡലം. ഇതിനകം ഒട്ടേറെ വികസനങ്ങൾ മണ്ഡലത്തിൽ ഉണ്ടായി. തീർച്ചയായും അതിെൻറ തുടർച്ചയാവും ഇനിയുമുണ്ടാവുക.
വികസനപ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യം. കെ. കുഞ്ഞിരാമൻ എം.എൽ.എയുടെ നേതൃത്വത്തിൽ 10 വർഷമായി നടന്ന വികസനപ്രവർത്തനങ്ങളുടെ തുടർച്ച ഇനിയുമുണ്ടാകും. അതുകൊണ്ടുതന്നെ ജില്ലപഞ്ചായത്ത് അടക്കമുള്ള ഏജൻസികൾ ആസൂത്രണം ചെയ്ത ഒാക്സിജൻ പ്ലാൻറ് അടക്കമുള്ള ബൃഹദ് പദ്ധതികൾ മണ്ഡലത്തിലുണ്ടാവും.
മെഡിക്കൽ കോളജ് വേഗത്തിലാക്കും -എൻ.എ. നെല്ലിക്കുന്ന് (കാസർകോട്)
കാസർകോട് മെഡിക്കൽ കോളജിെൻറ നിർമാണം വേഗത്തിലാക്കുകയാണ് മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലക്ക് ഏറ്റവും മികച്ച പരിഗണന കൊടുക്കാൻ ഉദ്ദേശിക്കുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ മെഡിക്കൽ കോളജിെൻറ ആവശ്യം വീണ്ടും പ്രസക്തമാവുകയാണ്.
ഇതര ജില്ലകളിലേതുപോയ മികച്ച മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ മുൻകൈയെടുക്കും. മറ്റു ആശുപത്രികളിലെയും ചികിത്സ സൗകര്യം വർധിപ്പിക്കും. ബാവിക്കര തടയണയുടെ പ്രവൃത്തി പൂർത്തീകരിച്ചതിലൂടെ കുടിവെള്ള പ്രശ്നം ഒരുപരിധി വരെ പരിഹരിച്ചെങ്കിലും ഏതാനും പഞ്ചായത്തുകളിൽ ഇപ്പോഴും പ്രശ്നമുണ്ട്. കുടിവെള്ള പ്രശ്നത്തിൽ ശാശ്വത പരിഹാരമുണ്ടാക്കും.
മൾട്ടി സ്പെഷാലിറ്റി ആശുപത്രി സ്വപ്നം -എ.കെ.എം. അഷ്റഫ് (മഞ്ചേശ്വരം)
മഞ്ചേശ്വരത്ത് മൾട്ടി സ്പെഷാലിറ്റി ആശുപത്രി, ശുചിത്വമുള്ള കവലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റേഡിയം എന്നിവയാണ് സ്വപ്നങ്ങൾ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഐ.സി.യു, വെൻറിലേറ്റർ, തുടങ്ങി അത്യാധുനികവും വിശാലവുമായ സൗകര്യങ്ങളോടുകൂടിയ ഒരു ഗവ. മൾട്ടി സ്പെഷാലിറ്റി ആശുപത്രി മണ്ഡലത്തിൽ ഉണ്ടാക്കുക എന്നതാണ് പ്രഥമ ലക്ഷ്യം.
കേരളത്തിലേക്കുള്ള കവാടമാണ് മഞ്ചേശ്വരം. മണ്ഡലത്തിലെ മഞ്ചേശ്വരം ഹൊസങ്കടി, ഉപ്പള, കുമ്പള തുടങ്ങിയ ടൗണുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ശുചിത്വമുള്ളതാക്കി മാറ്റാൻ നടപടികൾ കൈക്കൊള്ളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.