മുസ്ലിംലീഗിനെ തിരുത്താൻ എം.എസ്.എഫ്; തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠനവിധേയമാക്കണം
text_fieldsന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ പരാജയത്തോടൊപ്പം മുസ്ലിംലീഗ് നേരിട്ട തിരിച്ചടി പഠനവിധേയമാക്കണമെന്ന് രാജ്യത്തെ പ്രമുഖ സർവകലാശാലകളിലെയും കാമ്പസുകളിലെയും എം.എസ്.എഫ് ഘടകങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഗൗരവതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കും മുേമ്പ പ്രവർത്തകരുടെ പ്രതിഷേധത്തെ പാർട്ടി മുഖവിലക്കെടുക്കണമെന്നും അണികൾക്കും കീഴ്ഘടകങ്ങൾക്കും ബോധ്യമാവുന്ന തരത്തിൽ വിശദീകരണം നൽകാൻ തയാറാവണമെന്നും സംയുക്ത പ്രസ്താവന തുടർന്നു.
ഡൽഹി ജെ.എൻ.യു, ജാമിഅ മില്ലിയ ഇസ്ലാമിയ, ഡൽഹി സർകലാശാല, അലീഗഢ് മുസ്ലിം സർവകലാശാല, ഹൈദരാബാദ് കേന്ദ്ര സർവകലാശാല, ഇഫ്ളു, മാനു, പോണ്ടിച്ചേരി യൂനിവേഴ്സിറ്റി, കാലടി സംസ്കൃത സർവകലാശാല, കേരളവർമ കോളജ്, എന്നിവിടങ്ങളിലെ എം.എസ്.എഫ് ഘടകങ്ങളുടെയും ബാഫക്കി സ്റ്റഡി സെൻറർ തുടങ്ങിയ ലീഗ് വേദികളുടെയും പേരിലാണ് സംയുക്ത പ്രസ്താവന.
ലീഗ് ചരിത്രത്തിലെ തിളക്കം കുറഞ്ഞ പ്രകടനമെന്ന രീതിയിൽ പാർട്ടി വ്യാപക വിമർശനങ്ങൾ നേരിടുകയാണെന്ന് പ്രസ്താവന ആരോപിച്ചു. ഇടതുമുന്നണിക്ക് ഭരണത്തുടർച്ച സാഹചര്യം നിലവിലില്ലെന്നും യു.ഡി.എഫിന് അനുകൂല സാഹചര്യമാണെന്നും പാർട്ടി തന്നെ വിലയിരുത്തിയതാണ്.
എന്നാൽ, നേതൃത്വത്തിെൻറ കണക്കുകൂട്ടലുകൾ തെറ്റി. പാർട്ടിയുടെ നയനിലപാടുകളോട് പ്രസ്ഥാനത്തിെൻറ ബഹുജനാടിത്തറയിൽ രൂപപ്പെടുന്ന നിഷേധ വികാരങ്ങളും ഇതിന് കാരണമായി. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെയടക്കം നവമാധ്യമങ്ങളിൽ അതിരൂക്ഷമായ പ്രതിഷേധങ്ങൾ വന്നു.
സയ്യിദ് മുനവറലി തങ്ങൾക്ക് അണികളോട് സംയമനം പാലിക്കാൻ ആവശ്യപ്പെടേണ്ടിയും വന്നു. ഇത് കണക്കിലെടുത്ത് മൂന്നു പ്രധാന ആവശ്യങ്ങളും എം.എസ്.എഫ് നേതാക്കൾ ഉന്നയിച്ചു.
1.പാർട്ടിയുടെ സമീപകാല രാഷ്ട്രീയ നിലപാടുകൾ, സമുദായത്തോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റുന്നതിൽ സംഭവിച്ച വീഴ്ചകൾ, ഭരണപരമായ വിജയപരാജയങ്ങൾ, സംഘടനാപരമായ ദൗർബല്യങ്ങൾ, രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിലെ വീഴ്ചകൾ, നേതൃത്വത്തിെൻറ ശരിതെറ്റുകൾ തുടങ്ങിയവ പഠനവിധേയമാക്കണം
2. പ്രവർത്തകരുടെ പ്രതിഷേധത്തെ പാർട്ടി മുഖവിലക്കെടുത്ത് ക്രിയാത്മകമായ നിലപാട് സ്വീകരിക്കണം. അണികൾക്കും കീഴ്ഘടകങ്ങൾക്കും ബോധ്യമാവുന്ന തരത്തിൽ വിശദീകരണം നൽകണം.
3. ഈ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ച എല്ലാ നിയോജകമണ്ഡലങ്ങളിലെയും പ്രകടനം പൊതുവായി വിലയിരുത്തണം. അപ്രതീക്ഷിതമായി തോറ്റ കോഴിക്കോട് സൗത്ത്, താനൂർ, കുറ്റ്യാടി, അഴീക്കോട്, കളമശ്ശേരി, ഗുരുവായൂർ തുടങ്ങിയ മണ്ഡലങ്ങളിലെ സംഘടന പിഴവുകൾ, പേരാമ്പ്ര, കുന്ദമംഗലം മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയം എന്നിവയും പഠിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.