ജി.ആറിലൂടെ ചുവന്ന് മലയോര രാഷ്ട്രീയം
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് മണ്ഡലത്തിൽ സി.പി.ഐയിലെ അഡ്വ. ജി.ആർ. അനിൽ വിജയിച്ചത് മണ്ഡലത്തിലെ ചരിത്ര ഭൂരിപക്ഷം നേടി. യു.ഡി.എഫ് സ്ഥാനാർഥി പി.എസ്. പ്രശാന്തിനെ 23171വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനിൽ പരാജയപ്പെടുത്തിയത്. ഇതിനുമുമ്പ് 1957ൽ സി.പി.ഐയിലെ എൻ. എൻ. പണ്ടാരത്തിൽ നേടിയ 12665 വോട്ടും 1965ൽ കോൺഗ്രസിലെ വരദാരാജൻ നായർ നേടിയ 12049 വോട്ടും 1977ൽ കണിയാപുരം രാമചന്ദ്രൻ നേടിയ 10739 വോട്ടുമാണ് ഉയർന്ന ഭൂരിപക്ഷം.
-പിന്നീട്, മാറി മാറി വിജയിച്ചവർക്കൊന്നും ഇത്തരത്തിൽ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് വൻ തിരിച്ചടിയാണുണ്ടായത്. നിയോജകമണ്ഡലാടിസ്ഥാനത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ 21,232 വോട്ടിെൻറ വൻ വ്യത്യാസമാണുണ്ടായത്. അതെ ഭൂരിപക്ഷം നിയമസഭ തെരഞ്ഞെടുപ്പിലും നേടാനായി. എന്നാൽ, 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ 35161വോട്ട് നേടാൻ ഇക്കുറി ബി.ജെ.പിക്കായില്ല. ബി.ജെ.പി സ്ഥാനാർഥി ജെ.ആർ. പത്മകുമാറിന് 26762 വോട്ട് മാത്രമാണ് നേടാനായത്.
വോട്ടെടുപ്പിനുശേഷമുള്ള സി.പി.ഐ സംസ്ഥാന നേതൃത്വത്തിെൻറ വിലയിരുത്തലിൽ മണ്ഡലത്തിൽ പാർട്ടി ശക്തമായ മത്സരമായിരുന്നു നേരിട്ടതെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. എന്നാൽ, പെട്ടിപൊട്ടിച്ചപ്പോൾ ഒരുഘട്ടത്തിൽപോലും അനിലിനെ പിറകിലാക്കാൻ പി.എസ്. പ്രശാന്തിന് സാധിച്ചില്ല. സി.പി.ഐ കേന്ദ്രങ്ങളെപ്പോലും അതിശയപ്പെടുത്തിക്കൊണ്ടാണ് നെടുമങ്ങാട് അനിൽ മുന്നേറിയത്. സി.പി.ഐ തിരുവനന്തപുരം ജില്ല സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അഡ്വ. ജി. ആര്. അനില്‍ ജില്ലയിലെ വിവിധ ട്രേഡ് യൂനിയന്‍ സംഘടനകളുടെ നേതാവ് കൂടിയാണ്.
എ.ഐ.എസ്.എഫിലൂടെ പൊതുരംഗത്തേക്കെത്തിയ ജി.ആര്. അനില്‍ കഴിഞ്ഞ ആറു വര്‍ഷമായി പാര്‍ട്ടിയുടെ ജില്ല സെക്രട്ടറിയായിരുന്നു. ഏഴര വര്‍ഷക്കാലം പാര്‍ട്ടിയുടെ ജില്ല അസി. സെക്രട്ടറിയായും കഴിഞ്ഞ 12 വര്‍ഷമായി പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.