'നേമത്തുകാർക്ക് വേണ്ടത് പ്രതിപക്ഷ എം.എല്‍.എയെയോ മന്ത്രിയെയോ?'; ശിവൻകുട്ടിക്കായി വോട്ടഭ്യർഥിച്ച് നടൻ ബൈജു
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രകോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. യു.ഡി.എഫിനായി കെ. മുരളീധരൻ എം.പിയും എൽ.ഡി.എഫിനായി മുൻ എം.എൽ.എ വി. ശിവൻകുട്ടിയും എൻ.ഡി.എക്കായി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമാണ് ജനവിധി തേടുന്നത്.
എന്നാൽ പ്രചാരണം അവസാനിക്കുന്ന വേളയിൽ മണ്ഡലത്തിലെ വോട്ടർമാരോട് ഫേസ്ബുക്കിലൂടെ ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ് നടൻ ബൈജു. നേമത്തുകാർക്ക് പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു എം.എല്‍.എ ആണോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്നാണ് ബൈജു ചോദിക്കുന്നത്.
നേമത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായ വി. ശിവൻകുട്ടിക്കായി ഫേസ്ബുക്കിലൂടെയായിരുന്നു ബൈജുവിന്‍റെ വോട്ടഭ്യർഥന.
പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് വളർന്നു വന്ന ആളും തിരുവനന്തപുരം മേയറും ആയിരുന്ന ശിവൻകുട്ടിക്ക് തലസ്ഥാനത്തിന്‍റെ മണ്ണിന്റെ ഗന്ധം നന്നായി അറിയാമെന്നും ബൈജു ഓർമിപ്പിക്കുന്നു.
പ്രസ്ഥാനത്തിനോടുള്ള അമിതമായ ആത്മാർത്ഥത കൊണ്ട് ചില എടുത്തു ചാട്ടം അദ്ദേഹം മുമ്പ് നടത്തിയിടുണ്ട്. എങ്കിൽ ഇതേ ആത്മാർത്ഥത തന്നെയാണ് വോട്ടർമാരോടും മണ്ഡലത്തിനോടും സഖാവിനുള്ളത്. എന്ത് കാര്യങ്ങളും ചങ്കൂറ്റത്തോടെ ചെയ്യാൻ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് സഖാവെന്ന് അദ്ദേഹത്തിനെ നേരിട്ടു അറിയാവുന്ന എല്ലാവർക്കും അറിയാമെന്നും ബൈജു കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം:
നമസ്കാരം
ഞാൻ ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമർശം നടത്തികൊണ്ടുള്ള ഒരു പോസ്റ്റ് ഇടുന്നത്.
പ്രിയമുള്ള ബഹുമാന്യരായ തിരു: നേമം മണ്ഡലത്തിലെ വോട്ടർമാരോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് എന്തെന്നാൽ ഈ വരുന്ന ഏപ്രിൽ 6 ന് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്താൽ മണ്ഡലത്തിനു ഗുണം ചെയ്യും എന്നതിനെ പറ്റിയാണ്.ഈ മണ്ഡലത്തിലെ മൂന്ന് സ്ഥാനാർഥികളും പ്രഗൽഭൻമാരാണ് എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവുമില്ലാ. പക്ഷെ തലസ്ഥാനത്തിന്റെ മണ്ണിന്റെ ഗന്ധം നന്നായി അറിയാവുന്നത് ഇവിടെ ജനിച്ചു വളർന്ന ശ്രീ: ശിവൻകുട്ടി സഖാവിനു തന്നെയാണ്. മാത്രവുമല്ല അദ്ദേഹം പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് വളർന്നു വന്ന ആളും തിരുവനന്തപുരം മേയറും ആയിരുന്നു. ഇപ്പോഴത്തെ എല്ലാ ദൃശ്യ അച്ചടി മാധ്യമങ്ങളും ഒരേ സ്വരത്തിൽ അടിവരയിട്ടു പറയുന്നു LDF ന് തുടർ ഭരണം ഉണ്ടാവുമെന്ന്.
എങ്കിൽ നേമത്തുകാർക്ക് തീരുമാനിക്കാം പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു MLA ആണോ അതോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്. പ്രസ്ഥാനത്തിനോടുള്ള അമിതമായ ആത്മാർത്ഥത കൊണ്ട് ചില എടുത്തു ചാട്ടം അദ്ദേഹം മുൻപ് നടത്തിയിടുണ്ട്. എങ്കിൽ ഇതേ ആത്മാർത്ഥത തന്നെയാണ് വോട്ടർമാരോടും മണ്ഡലത്തിനോടും സഖാവിനുള്ളത്. എന്ത് കാര്യങ്ങളും ചങ്ക്കൂറ്റത്തോടെ ചെയ്യാൻ മുൻ പന്തിയിൽ നിൽക്കുന്ന ആളാണ് സഖാവെന്ന് അദ്ദേഹത്തിനെ നേരിട്ടു അറിയാവുന്ന എല്ലാവർക്കും അറിയാം.
അതുകൊണ്ട് ദയവായി നേമത്തെ ബഹു: വോട്ടർമാർ ചിന്തിക്കൂ പ്രതിപക്ഷത്തു ഇരിക്കുന്ന MLA വേണോ മന്ത്രിയെ വേണോ എന്ന്. ഞാൻ പറഞ്ഞത് യാഥാർഥ്യം മാത്രം. വോട്ടർമാർ ബുദ്ധിപരമായി ചിന്തിക്കും എന്ന വിശ്വാസത്തോടെ ഒരു തിരുവനന്തപുരത്തുകാരൻ നിങ്ങളുടെ സ്വന്തം നടൻ ബൈജു സന്തോഷ്. 🙏
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.