നിലമ്പൂർ: അങ്കപ്പോരിൽ മുമ്പനാവാൻ പതിനെട്ടടവും തടവും
text_fieldsപ്രകാശം പരത്താൻ
നഗരസഭയിലെ കല്ലേപാടത്തേക്ക് അനൗൺസ്മെൻറ് വാഹനം കടന്നുവന്നു. ഞായറാഴ്ച രാവിലെ എട്ടിന് പര്യടനത്തിന് തുടക്കമിട്ട കോവിലകത്തുമുറിയിലെ സ്വീകരണത്തിന് ശേഷമാണ് പ്രചാരണ വാഹനം ഇവിടെയെത്തിയത്. കിറ്റ് വിവാദമുൾെപ്പടെയുള്ള സംസ്ഥാന രാഷ്ട്രീയം പറഞ്ഞ് പ്രാസംഗികർ കത്തിക്കയറുകയാണ്.
സ്ഥാനാർഥിയെത്തിയതോടെ പ്രാസംഗികരടങ്ങിയ വാഹനം അടുത്ത സ്വീകരണസ്ഥലമായ അരുവാക്കോട്ടേക്ക്. ആൾക്കൂട്ടത്തിെൻറ അടുത്തേക്ക് ധൃതിയിലെത്തി കൈകൂപ്പി നേരിട്ട് വോട്ട് ചോദിക്കൽ. ശേഷം പത്ത് മിനിറ്റ് പ്രസംഗം. എതിർസ്ഥാനാർഥിയെക്കുറിച്ച് കടുപ്പിച്ച പരാമർശങ്ങളില്ല.
താൻ ജയിച്ചാൽ മുഴുവൻ സമയവും മണ്ഡലത്തിലുണ്ടാവുമെന്ന വാഗ്ദാനം. മണ്ഡലത്തിൽ സുപരിചിതനാണ് പ്രകാശ്. പാടിക്കുന്ന് കോളനിയിലെ ഫ്ലാറ്റ് നിവാസികൾ നേരിടുന്ന കുടിവെള്ള പ്രശ്നം, പ്രളയത്തിൽ കച്ചവടം നഷ്ടപ്പെട്ടവരുടേയും കൃഷിനാശം സംഭവിച്ചവരുടെയും പരാതികൾ ഇവക്കെല്ലാം പരിഹാരം കാണുമെന്ന് സ്ഥാനാർഥിയുടെ ഉറപ്പ്.
മണ്ഡലത്തിലെ പ്രളയ നഷ്ടങ്ങൾ കൃത്യമായി വിലയിരുത്തി നിലമ്പൂർ സ്പെഷൽ പാക്കേജ് തയാറാക്കാനായി പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുമെന്നും വാഗ്ദാനം. ഉച്ചക്ക് ശേഷം ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് പര്യടനം പുരോഗമിച്ചത്. രാത്രി എട്ടോടെ മുക്കട്ടയിൽ നഗരസഭ പര്യടനം സമാപിച്ചു.
സുൽത്താനായ് വാഴും ഞാൻ
''നിലമ്പൂരിെൻറ സുൽത്താൻ.. വികസന നായകൻ... നമ്മുടെ പ്രിയങ്കര സ്ഥാനാർഥി പി.വി. അൻവർ ഈ വാഹനത്തിന് തൊട്ടുപിന്നാലെ ഏതാനും നിമിഷങ്ങൾക്കകം നിങ്ങളെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കാനായെത്തുന്നു അനുഗ്രഹിക്കുക...'' അനൗൺസ്മെൻറ് വാഹനം വിപ്ലവഗാനങ്ങളുടെ അകമ്പടിയോടെ ചുങ്കത്തറ പഞ്ചായത്തിലെ തെരുവോരങ്ങളിലൂടെ കടന്നുവരികയാണ്. ഞായറാഴ്ച ചുങ്കത്തറ പഞ്ചായത്തിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവറിെൻറ രണ്ടാംഘട്ട പര്യടനം.
കുടിയേറ്റ കർഷകരുടെ ഈറ്റില്ലമാണ് ചുങ്കത്തറ പഞ്ചായത്തിലെ മലയോര പ്രദേശങ്ങൾ. സ്വീകരണ സ്ഥലങ്ങളിലെല്ലാം ചുവപ്പ് കൊണ്ട് അലങ്കരിച്ച് മനോഹരം. കേന്ദ്രങ്ങളിലെല്ലാം ജനപങ്കാളിത്തമുണ്ട്. രാവിലെ എട്ടരക്ക് പൂച്ചക്കുത്ത് നിന്നാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. എൽ.ഡി.എഫ് സർക്കാറിെൻറയും എം.എൽ.എയായ തെൻറയും വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ടുപിടുത്തം.
എം.എൽ.എ എന്നനിലയിൽ സ്വീകരണ കേന്ദ്രങ്ങളിൽ നിന്ന് നിവേദനങ്ങളും ലഭിക്കുന്നുണ്ട്. പരിചയപ്പെടുത്തേണ്ട സ്ഥിതിയില്ലാത്തതിനാൽ മൈക്കിലൂടെയുള്ള പ്രസംഗം പരമാവധി കുറച്ച് ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് നേരിട്ട് വോട്ട് ചോദിക്കുന്ന രീതിയാണ്. തിരക്കിനിടയിലും സെൽഫി ആവശ്യപ്പെടുന്നവരെ നിരുത്സാഹപ്പെടുത്തുന്നില്ല. തന്ത്രപരമായ ചുവടുവെപ്പുമായാണ് അദ്ദേഹത്തിെൻറ പര്യടനം പുരോഗമിക്കുന്നത്.
സമാപനകേന്ദ്രമായ കൈപ്പിനിയിൽ വലിയ ജനക്കൂട്ടം. ഇവിടെ സംസ്ഥാന സർക്കാറിെൻറ അഞ്ച് വർഷത്തെ ഭരണനേട്ടങ്ങളും കോടികളുടെ വികസന പ്രവർത്തനങ്ങളും അക്കമിട്ട് നിരത്തിയാണ് സ്ഥാനാർഥി പ്രസംഗം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.