കളം നിറഞ്ഞ് സ്ഥാനാർഥികൾ; ഒറ്റപ്പാലത്ത് മത്സരക്കടുപ്പം
text_fieldsഒറ്റപ്പാലം: വെന്തുരുകുന്ന മീനച്ചൂടിലും ഒറ്റപ്പാലം മണ്ഡലത്തിലെ പ്രചാരണം ആവേശത്തിെൻറ മൂർധന്യത്തിൽ. പതിവ് തെറ്റിച്ച് യുവാക്കൾ കളത്തിൽ ഇറങ്ങിയതോടെയാണ് പോരിന് പുതിയ മാനം കൈവന്നത്. ജില്ല പഞ്ചായത്ത് അംഗമായി ചുമതലയേറ്റതിന് തൊട്ടുപിറകെയാണ് അഭിഭാഷകനായ കെ. പ്രേംകുമാർ എൽ.ഡി.എഫ് സ്ഥാനാർഥിയാകുന്നത്. സിവിൽ സർവിസ് ഉപേക്ഷിച്ച ഡോ. പി. സരിനാണ് യു.ഡി.എഫ് സ്ഥാനാർഥി. ഇരുവരും നിയമസഭയിലേക്ക് മത്സരിക്കുന്നത് ആദ്യമായാണെങ്കിലും 2011ലും 2016ലും അസംബ്ലി ഇലക്ഷനിൽ മത്സരിച്ചതിെൻറ അനുഭവ സമ്പത്തുമായാണ് പി. വേണുഗോപാലൻ എൻ.ഡി.എ സ്ഥാനാർഥിയായി മൂന്നാമൂഴത്തിന് ഇറങ്ങിയത്.
1921ൽ കേരള പ്രദേശ് കോൺഗ്രസ് പ്രഥമ സമ്മേളനത്തിന് വേദിയായ ഇടമാണ് ഒറ്റപ്പാലം. മലബാറിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കാൻ ഈ സമ്മേളനം സഹായകമായിട്ടുണ്ടെങ്കിലും ഒറ്റപ്പാലത്തിന് ഇഴയടുപ്പം ഇടതിനോടെന്നത് രാഷ്ട്രീയ ചരിത്രം. 1957 മുതൽ 2016 വരെയുള്ള 15 നിയമസഭ തെരഞ്ഞെടുപ്പുകളിൽ രണ്ടുതവണ മാത്രമാണ് മണ്ഡലം ഇടതിനെ കൈവിട്ടത്.
13 തെരഞ്ഞെടുപ്പുകളിലും സമ്പൂർണ വിജയം നേടിയ എൽ.ഡി.എഫിന് കാലിടറിയത് 1977ലും 1987ലും. കോൺഗ്രസ് നേതാവായിരുന്ന പി. ബാലനും പിൽക്കാലത്ത് മഹാരാഷ് ട്ര ഗവർണർ പദവി വഹിച്ച കെ. ശങ്കരനാരായണനുമാണ് ഇടതിെൻറ ആധിപത്യം തകർത്തത്. ഇതിന് ശേഷം മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി മണ്ഡലം ഇടതിെൻറ കുത്തകയാണ്. പി. ഉണ്ണി എം.എൽ.എ നടപ്പാക്കിയ വികസനത്തിന് തുടർച്ച എന്ന ആവശ്യവുമായാണ് എൽ.ഡി.എഫ് സ്ഥാനാർഥി വോട്ടർമാരെ സമീപിക്കുന്നത്. രണ്ടുതവണ നേടിയെടുത്ത അട്ടിമറി വിജയം ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ഡോ. സരിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.