ഇവിടെ ചുട്ടുപൊള്ളുന്ന വേനൽച്ചൂടും നിഷ്പ്രഭം; ഒറ്റപ്പാലം കടക്കാൻ ആവേശപ്പോര്
text_fieldsഒറ്റപ്പാലം: ഉത്സവാഘോഷങ്ങൾക്ക് പരിമിതി കൽപിക്കപ്പെട്ട കോവിഡ് കാലത്തും മുന്നണികൾ നയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇരട്ടി ആവേശം. ചുറുചുറുക്കും വ്യക്തിപ്രഭാവവും മുഖമുദ്രയായ സ്ഥാനാർഥികൾക്ക് മുന്നിൽ ചുട്ടുപൊള്ളുന്ന വേനൽച്ചൂടും നിഷ്പ്രഭമാകുന്നതിെൻറ നേർക്കാഴ്ചകളാണ് മണ്ഡലത്തിലുടനീളമുള്ള പര്യടനങ്ങളുടെ ചിത്രം സാക്ഷ്യപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് അടുക്കുംതോറും പുറത്തും അകത്തും ഒരുപോലെ ചൂടും ആവേശവുമായി നാൾവഴികൾ പിന്നിടുകയാണിവർ.
അഡ്വ. കെ. പ്രേംകുമാർ (എൽ.ഡി.എഫ്)
മണ്ഡലത്തിലെ ഇടത് സ്ഥാനാർഥി അഡ്വ. കെ. പ്രേംകുമാറിെൻറ തിങ്കളാഴ്ചത്തെ പര്യടനത്തിന് തുടക്കം കുറിച്ചത് തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂർകുന്നിൽ നിന്നായിരുന്നു. പി. ഉണ്ണി എം.എൽ.എ മണ്ഡലത്തിൽ യാഥാർഥ്യമാക്കിയ കുടിവെള്ള പദ്ധതി, പാലം തുടങ്ങിയ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇടത് സർക്കാറിന് തുടർഭരണമാവശ്യപ്പെട്ട് സ്ഥാനാർഥിയും പ്രവർത്തകരും മുന്നോട്ട്. തുടർന്ന് കുണ്ടൂർകുന്നിനോട് വിടപറഞ്ഞ് പാലോട്. ചെത്തല്ലൂർ, കുലുക്കില്യാട് തുടങ്ങിയ പ്രദേശങ്ങളിലേക്കെത്തിയപ്പോഴേക്കും ഉച്ചയോടടുത്തിരുന്നു. ഉള്ളുരുകുന്ന ഉഷ്ണത്തിൽ പ്രവർത്തകർ സ്നേഹത്തോടെ വെച്ചുനീട്ടുന്ന സംഭാരവും വെള്ളവും ചൂടിന് ആശ്വാസമെന്ന് പുഞ്ചിരിയോടെ സ്ഥാനാർഥി.
പര്യടനത്തിലുടനീളം ചുട്ടുപൊള്ളുന്ന വെയിലിലും പ്രധാന കേന്ദ്രങ്ങളിൽ ആളുകൾ സ്ഥാനാർഥിയെ കാത്തുനിൽപുണ്ടായിരുന്നു. എളമ്പുലാശ്ശേരി തുമ്പക്കണ്ണിയിൽ സിറ്റിങ് എം.എൽ.എ പി. ഉണ്ണിയുടെ സാന്നിധ്യത്തിൽ അൽപനേരേത്ത കുശലംപറച്ചിൽ. കരിമ്പുഴ പഞ്ചായത്തിലെ കൂട്ടിലക്കടവിലെത്തിയപ്പോൾ അപൂർവമായി ലഭിച്ച കുതിര സവാരി പ്രചാരണ പരിപാടിയിലെ വേറിട്ട കാഴ്ചയായി. കോണിക്കഴിയിലെ പ്രവർത്തകെൻറ വീട്ടിൽ ഉച്ചഭക്ഷണം. ഉച്ചക്ക് ശേഷം ആനാർക്കോട്, കടമ്പഴിപ്പുറം തുടങ്ങിയ പ്രദേശത്തെ പര്യടനത്തിന് രാത്രി പാറയിലായിരുന്നു സമാപനം.
ഡോ. പി. സരിൻ (യു.ഡി.എഫ്)
നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിെൻറ തിങ്കളാഴ്ചത്തെ പര്യടനം ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലായിരുന്നു. രാവിലെ ശ്രീകൃഷ്ണപുരത്തെ മുണ്ടോർശ്ശികടവിൽനിന്നാണ് പ്രചാരണ പരിപാടികൾ ആരംഭിച്ചത്. വാർത്തകളിൽ താരമായ സ്ഥാനാർഥിയെ കാണാൻ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം പ്രവർത്തകരുടെ തിരക്ക്. കുടിവെള്ള പ്രശ്നവും അടിസ്ഥാന സൗകര്യ വികസനവും പല യോഗങ്ങളിലും ഉയർന്നുകേട്ടപ്പോൾ നടപടി ഉറപ്പുനൽകി മുന്നോട്ട്.
ഇതിനിടെ സെൽഫിയെടുക്കാൻ വരുന്ന പ്രവർത്തകർക്കൊപ്പം പുഞ്ചിരിയോടെ ഒരുനിമിഷം. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം പൂർത്തിയാക്കി പ്രവർത്തകെൻറ വീട്ടിൽനിന്ന് ഉച്ചയൂണും കഴിഞ്ഞ് കടമ്പഴിപ്പുറം പഞ്ചായത്തിലേക്കായിരുന്നു യാത്ര. എ.ഐ.സി.സി സെക്രട്ടറി രവീന്ദ്രസിങ് ദൽവി, സംസ്ഥാന ദലിത് കോൺഗ്രസ് വൈസ് പ്രസിഡൻറ് വിജയൻ കൊട്ടിനാടത്ത് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സരിനായി വോട്ടഭ്യർഥിക്കാൻ എത്തി. പ്രചാരണ പ്രവർത്തനങ്ങൾ നീണ്ടതോടെ രാത്രി ഏറെ വൈകി ഉമ്മനഴിയിലായിരുന്നു സമാപനം.
പി. വേണുഗോപാലൻ (എൻ.ഡി.എ)
തച്ചനാട്ടുകര പഞ്ചായത്തിലായിരുന്നു നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി പി. വേണുഗോപാലെൻറ തിങ്കളാഴ്ചത്തെ പര്യടനം. പഞ്ചായത്തിലെ രണ്ടാംഘട്ട പര്യടനത്തിെൻറ സമാപനം കൂടിയായിരുന്നു തിങ്കളാഴ്ച. കലാലയം സ്റ്റോപ്പിൽനിന്നാണ് പര്യാടനം ആരംഭിച്ചത്. പ്രദേശത്തെ പ്രവർത്തകെൻറ വീട്ടിൽനിന്നായിരുന്നു ഉച്ചഭക്ഷണം. പഞ്ചായത്തിലെ ഭവനരഹിതരുടെ പരാതികൾ ക്ഷമയോടെ കേൾക്കുന്നതിനിടയിൽ ജയിച്ചാൽ വീടും വെള്ളവും ഉറപ്പെന്ന് പുഞ്ചിരിയോെട മറുപടി.
കരിമ്പുഴയും ഭാരതപ്പുഴും കേന്ദ്രീകരിച്ച് സമഗ്ര കുടിവെള്ള പദ്ധതി സംബന്ധിച്ച സ്വപ്നം നാട്ടുകാർക്ക് മുന്നിൽ വിവരിച്ച് മുന്നോട്ട്. അമ്പലപ്പാറ സ്വദേശി കൂടിയായ സ്ഥാനാർഥിയോട് വിശേഷങ്ങൾ ചോദിച്ചറിയാൻ എത്തിയ പ്രവർത്തകർക്കൊപ്പം അൽപനേരം. തുടർന്ന് ന്യൂജൻ വോട്ടർമാർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതിനിടയിൽ ജയിച്ചുവരുേമ്പാൾ ചിരിക്കിതിലും തിളക്കം കാണുമെന്ന് വേണുേഗാപാലിെൻറ കമൻറ്. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സഞ്ചരിച്ച് ഉച്ചയോടെ പാലോടായിരുന്നു പര്യടനം സമാപിച്ചത്.
2011ലും 2016ലും എൻ.ഡി.എ സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ച പി. വേണുഗോപാലിനിത് മൂന്നാം ഊഴമാണ്. മുൻപരിചയം കൂടുതൽ ഗുണകരമാകുമെന്നും ഇക്കുറി വിജയമുറപ്പാണെന്നും പ്രതീക്ഷ പങ്കിട്ടാണ് വേണുഗോപാലൻ പര്യടനം തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.