പി. ജയരാജൻ അച്ചടക്കമുള്ള നേതാവ്, ഇ.പിയെയും പി.ജെയെയും പിണറായി ഒതുക്കി -മുല്ലപ്പള്ളി
text_fieldsകണ്ണൂർ: പി. ജയരാജനെയും ഇ.പി. ജയരാജനെയും പിണറായി വിജയൻ ഒതുക്കിയതായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായിയുടെ ഏറ്റവും വിശ്വസ്തരായിരുന്നു ഒരുകാലത്ത് ഇരുവരും. മലപോലെയാണ് ഇ.പി പിണറായിക്ക് പിന്നിൽ അണിനിരന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒരുഘട്ടത്തിൽ മുഖ്യമന്ത്രിയാകാമെന്ന് ഇ.പി. ജയരാജൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവസാനം അദ്ദേഹത്തെ കറിവേപ്പിലപോലെ ഒഴിവാക്കിയിരിക്കുകയാണ്.
അച്ചടക്ക ബോധമുള്ള നേതാവാണ് പി. ജയരാജൻ. അക്രമരാഷ്ട്രീയത്തിെൻറ ഫലമായി അദ്ദേഹത്തിെൻറ കൈകൾ തുന്നി ചേർക്കേണ്ടിവന്നു. ആ ജയരാജനെയും മുഖ്യമന്ത്രി മാറ്റി നിർത്തി. ഇക്കാര്യത്തിൽ പി. ജയരാജെൻറ അനുയായികൾ ഏറെ ദു:ഖിതരാണ്. ആ ദു:ഖം കണ്ടില്ലെന്ന് നടിച്ച് സി.പി.എമ്മിന് മുന്നോട്ടുപോകാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.പി.എമ്മിെൻറ അവസാനത്തെ 'ഔട്ട് പോസ്റ്റ്' ആണ് കേരളം. മുങ്ങാൻ പോകുന്ന കപ്പലിൽനിന്ന് ചാടാൻ കാത്തിരിക്കുന്ന ക്യാപ്റ്റനാണ് പിണറായി വിജയൻ. സ്വയം ചാടുന്നതിനൊപ്പം യാത്രക്കാരെ മുക്കാനും ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ് ഈ ക്യാപ്റ്റൻ. അദ്ദേഹം കേരളത്തെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇവൻറ് മാനേജ്മെൻറാണ് പിണറായിയെ ക്യാപ്റ്റൻ പദവിയിൽ പ്രതിഷ്ഠിച്ചത്.
കൊലയാളികളുടെയും സാമൂഹിക വിരുദ്ധരുടെയും സഹസ്ര കോടീശ്വരന്മാരുടെയും ക്യാപ്റ്റനാണ് പിണറായി. അത്തരത്തിലുള്ള ക്യാപ്റ്റനെയാണ് ജനങ്ങൾ കാണുന്നത്. അതുകൊണ്ട് പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ പിൻമാറണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.