മണ്ഡലം നിറഞ്ഞ് മാണിയുടെ മകൻ
text_fieldsകോട്ടയം: മണ്ഡലത്തിലെ ഓരോ മണൽത്തരിയെയും പരിചയമുണ്ടായിരുന്നു കെ.എം. മാണിക്ക്. വോട്ട് ചോദിച്ചെത്തുേമ്പാൾ പേരെടുത്ത് വിളിക്കാൻ സ്വാതന്ത്ര്യമുള്ള 10 പേരെങ്കിലും ഓരോ പോയൻറിലും ഉണ്ടാകുമായിരുന്നു. ജോസ് കെ. മാണി നിയമസഭയിലേക്ക് വോട്ട് ചോദിച്ചെത്തുേമ്പാൾ കൂട്ടംകൂടി നിൽക്കുന്നവർക്ക് പറയാൻ കെ.എം. മാണിയെക്കുറിച്ച ഇത്തരം നിരവധി ഓർമകളുണ്ട്.
ആദ്യമായല്ല പാലായിലൂടെ വോട്ടുചോദിച്ച് ജോമോൻ വരുന്നത്. ഇതിനുമുമ്പ് ഓരോ തെരഞ്ഞെടുപ്പിന് വരുേമ്പാഴും കെ.എം. മാണിയുടെ സംരക്ഷണം ജോസിനുണ്ടാകുമായിരുന്നു. ഹെഡ്മാസ്റ്ററുടെ മകനോട് സഹപാഠികൾക്കുണ്ടാകുന്ന പോലൊരു ബഹുമാനം പാലായിലുള്ളവർക്ക് ജോസിനോട് തോന്നാറുമുണ്ടായിരുന്നു. ഇക്കുറി ഇതെല്ലാം അടിമുടി മാറിക്കഴിഞ്ഞു. മറ്റ് ഏതൊരു സ്ഥാനാർഥിെയയുംപോലെ വിയർത്തുകുളിച്ച് വോട്ടുതേടുകയാണ് ജോസ് കെ. മാണിയും. പാർട്ടിയിലെ തഴക്കവും പഴക്കവും വന്ന നേതാക്കളടക്കം ഒരുവിഭാഗവും പഴയ മുന്നണിയിലെ സഹപ്രവർത്തകരും ഇപ്പോൾ എതിർപക്ഷത്താണ്. ഒന്നര വർഷം മുമ്പുവരെ പലതരം അധിക്ഷേപങ്ങൾ നടത്തിയിരുന്ന ഇടതുപക്ഷം ഇക്കുറി കൂടെയാണ്.
മണ്ഡലത്തിെൻറ മുക്കിലും മൂലയിലുമല്ല, ഓരോ വീട്ടിലും സാധിക്കുമെങ്കിൽ ഓരോ വോട്ടറുടെ അടുത്തും നേരിട്ടെത്തി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി വോട്ട് തേടേണ്ട സ്ഥിതിയിലാണ് മാണിയുടെ മകൻ. ദിവസം രണ്ട് പഞ്ചായത്ത് എന്ന നിലയിലാണ് പര്യടനം പുരോഗമിക്കുന്നത്. ശനിയാഴ്ച രാവിലെ മുത്തോലി ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കുഴിയിൽനിന്നാണ് തുറന്ന വാഹനത്തിലെ പ്രചാരണയാത്ര ആരംഭിച്ചത്. കഴിയുന്നത്ര ജനപങ്കാളിത്തം ഉറപ്പിക്കാൻ ഇടതുമുന്നണി ശ്രമിക്കുന്നുണ്ട്. നൂറിലേറെ ഇരുചക്ര വാഹനങ്ങളിലായി ചെറുപ്പക്കാർ തയാറായി നിൽപുണ്ട്.
തെക്കേ മുത്തോലി, മുത്തോലിക്കടവ്, പാറെ സ്കൂൾ, പന്തത്തല, മീനച്ചിൽ പള്ളി, കുമ്പനി, കൂറ്റില്ലം, െതങ്ങിൻതോട്ടം വഴി ഇടയാറ്റുകരയിലെത്തിയപ്പോൾ നേരേത്ത നിശ്ചയിച്ചതിലും ഒരുമണിക്കൂർ വൈകി 11.25ആയി സമയം. ഇതുവരെ നൽകിയ പിന്തുണക്കും സ്നേഹത്തിനും നന്ദി പറഞ്ഞ് പ്രസംഗം തുടങ്ങുന്നു. തുടർഭരണത്തിന് പാലായുടെ പങ്ക് നൽകണമെന്ന് അഭ്യർഥിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ ടാർ ചെയ്ത റോഡാണെങ്കിലും രണ്ട് ഓട്ടോക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന വീതിയുള്ള ഉൾഗ്രാമങ്ങളിലെ വഴികളിലൂടെ സാവധാനമാണ് വാഹനവ്യൂഹം നീങ്ങുന്നത്. ഒരു കി.മീ. അപ്പുറം കടപ്പാട്ടൂർ അമ്പലത്തിന് മുന്നിലെത്താൻ പിന്നെയും അരമണിക്കൂർ എടുത്തു. ഒന്ന് നീട്ടിവിളിച്ചാൽ സ്വന്തം വീട്ടിൽ കേൾക്കാവുന്നത്ര അടുത്താണ് ഇവിടം. പഴങ്ങളും പൂക്കളും നിറച്ച താലവുമായി വീട്ടമ്മമാരും കുട്ടികളും കാത്തുനിൽക്കുന്നു. സി.പി.എം മുത്തോലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിെല സ്വീകരണമാണ്.
ഇടതുമുന്നണിയുടെ അനിഷേധ്യനായ പടത്തലവൻ എന്ന അനൗൺസ്െമൻറ് വീണ്ടും വീണ്ടും ഉയർന്നു.
കടപ്പാട്ടൂർ പാലവും ബൈപാസുമൊക്കെ ചൂണ്ടിക്കാട്ടി കെ.എം. മാണി ബാക്കിെവച്ച സ്വപ്നങ്ങൾ പൂർത്തിയാക്കാൻ ഇനിയും ഒപ്പമുണ്ടാകണമെന്ന് അഭ്യർഥിക്കുന്നു. നെല്ലിയാനി, ശ്രീകുരുമ്പക്കാവ്, രാജീവ് ഗാന്ധി ഹൗസിങ് ഏരിയ, എട്ടങ്ങാടി, പാളയം, പടിഞ്ഞാറ്റിൻകര റേഷൻ കട ജങ്ഷൻ, ഗായത്രി സ്കൂൾ, ചകിണികുന്ന്, ആണ്ടൂർ കവല എന്നിവിടങ്ങളിലെ പ്രചാരണത്തിനുശേഷം മുത്താലി പഞ്ചായത്തിലെ പര്യടനം അവസാനിച്ചു. ഉച്ചഭക്ഷണത്തിനുശേഷം കരൂർ പഞ്ചായത്തിൽ പര്യടനം തുടങ്ങി.
പൈങ്ങുളത്തുനിന്നായിരുന്നു തുടക്കം. നരിതൂക്കുംപാറ, താമരക്കുളം, ചെറുകര, മുറിഞ്ഞാറ, നെല്ലാനിക്കാട്ടുപാറ, വേരനാൽ, പുന്നത്താനം, കുടക്കച്ചിറ കുരിശുപള്ളി, പാറമട, വലവൂർ ടൗൺ, വെള്ളപ്പുര, നെടുമ്പാറ, പയപ്പാർ എന്നിവിടങ്ങളിലൂടെ കടന്നുപോയ പ്രചാരണം രാത്രി ഏറെ വൈകി അന്തിനാട് ക്ഷേത്രത്തിനുസമീപം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.