കീഴരിയൂരിെൻറ ചങ്കിടിപ്പായി ടി.പി; മലയോരത്തിെൻറ ഹൃദയം കവർന്ന് സി.എച്ച്
text_fieldsപേരാമ്പ്ര: തുടർച്ചയായ പ്രചാരണ പരിപാടികൾ ടി.പി. രാമകൃഷ്ണനെ ശാരീരികമായി ക്ഷീണിപ്പിച്ചിട്ടുണ്ടെങ്കിലും മാനസികമായി നല്ല ഉന്മേഷമാണ്. രണ്ടാം ഘട്ട പര്യടനത്തിെൻറ അവസാന ദിവസം ടി.പി പ്രചാരണത്തിനിറങ്ങിയത് ജനിച്ചു വളർന്ന കീഴരിയൂർ ഗ്രാമപഞ്ചായത്തിലാണ്.
കളിക്കൂട്ടുകാർ, സഹപാഠികൾ, പൊതുപ്രവർത്തനത്തിെൻറ ബാലപാഠങ്ങൾ പറഞ്ഞു തന്നവർ.... അങ്ങനെ ടി.പി ഹൃദയത്തോട് ചേർത്ത ഒട്ടനവധി പേർക്ക് മുന്നിലാണ് വോട്ടു തേടി എത്തിയത്. ആദ്യ സ്വീകരണ കേന്ദ്രമായ വാളിക്കണ്ടിപാറയിൽ മുതിർന്ന പാർട്ടി പ്രവർത്തകൻ ഇയാലോൽ കുഞ്ഞിക്കണ്ണൻ അടക്കം പഴയകാല സഹപ്രവർത്തകരും സുഹൃത്തുക്കളും നേരത്തേ എത്തിയിരുന്നു.
ടി.പി, എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ നടുവത്തൂർ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂളിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചാണ് ഇവിടെ പ്രസംഗം ആരംഭിച്ചത്. അവഗണിക്കപ്പെട്ടു കിടന്നിരുന്ന സ്കൂൾ സർക്കാർ ഏറ്റെടുത്തത് പ്രധാനപ്പെട്ട നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നടക്കൽ പാലത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചതും മുറിനടക്കൽ പാലം നിർമാണവുമായി ബന്ധപ്പെട്ട ഭരണപരമായ നടപടികൾ ആരംഭിക്കാൻ സാധിച്ചതും വികസന പ്രവർത്തനങ്ങളിലെ നാഴികക്കല്ലാണെന്നു അദ്ദേഹം പറഞ്ഞു. അകലാപ്പുഴ പാലം അപ്രോച്ച് റോഡിെൻറ സ്ഥലമേറ്റെടുപ്പിനെതിരെ യു.ഡി.എഫ് പ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് നടപടികൾ തൽക്കാലം നിർത്തിവെക്കേണ്ടി വന്നത്.
കോടതിയെ വസ്തുതകൾ ബോധ്യപ്പെടുത്തുമെന്നും പാലം നിർമാണവുമായി മുന്നോട്ട് പോകുമെന്നും ഉറപ്പ് നൽകിയാണ് ടി.പി അടുത്ത സ്വീകരണ കേന്ദ്രമായ കോരമ്പ്രയിൽ എത്തിച്ചേർന്നത്. പിന്നീട് തെക്കുംമുറി, പട്ടാപുറത്ത്താഴ, തത്തമ്പള്ളിപ്പൊയിൽ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച സ്വീകരണ യോഗങ്ങളിലും പങ്കെടുത്തു. നടുവത്തൂർ പോസ്റ്റ്ഓഫിസിന് സമീപം സംഘടിപ്പിച്ച യോഗത്തിലേക്ക് കുരുത്തോലത്തൊപ്പിയണിയിച്ചാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. കർഷകർ ജൈവ പച്ചക്കറികൾ സമ്മാനമായി നൽകി.
നമ്പ്രത്തുകരയിലെ സ്വീകരണത്തിൽ ചെറുപ്പത്തിലേ ഓർമകൾ അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചു. പിന്നീട് വാസുദേവാശ്രമം സ്കൂളിലേക്കാണ് പോയത്. ഉച്ചക്ക് ശേഷം അരിക്കുളം പഞ്ചായത്തിലാണ് പര്യടനം നടത്തിയത്.
മൂന്നിന് മാവട്ടായിരുന്നു ആദ്യ സ്വീകരണം. പിന്നീട് അരിക്കുളംമുക്ക്, ഊരള്ളൂർ, ഊട്ടേരി, വാകമോളി, ഉപ്പിലാട്ട്താഴ, തറമ്മൽ, വെള്ളറങ്കോട്ടുതാഴ എന്നിവിടങ്ങളിലെ പര്യടനങ്ങൾക്കു ശേഷം രാത്രി എട്ടോടെ സ്ഥാനാർഥി കാരയാട് എ.കെ.ജി സെൻററിനു സമീപമൊരുക്കിയ സ്വീകരണ കേന്ദ്രത്തിലെത്തി. എൽ.ഡി.എഫ് നേതാക്കളായ എം. കുഞ്ഞമ്മദ്, എൻ.പി. ബാബു, കെ.പി. ബിജു, എ.സി. ബാലകൃഷ്ണൻ, എ.എം. സുഗതൻ, യൂസുഫ് കോറോത്ത്, കെ.കെ. ഭാസ്കരൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, അഷറഫ് വള്ളോട്ട് തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.
പേരാമ്പ്ര: കന്നിക്കാരെൻറ അങ്കലാപ്പൊന്നുമില്ലാതെയാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സി.എച്ച്. ഇബ്രാഹിംകുട്ടി തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാവുന്നത്. പ്രവാസി വ്യവസായിയായ സി.എച്ച് വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലെല്ലാം നിറസ്സാന്നിധ്യമാണെങ്കിലും രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനം ആദ്യമാണ്.
പേരാമ്പ്രയുടെ മലയോര മേഖലയായ ചക്കിട്ടപാറയിലായിരുന്നു ശനിയാഴ്ചത്തെ സ്ഥാനാർഥിയുടെ പര്യടനം. ആതുരശ്രുശ്രൂഷക്കിടെ നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ കൊറത്തിപ്പാറയിലെ വീട് സന്ദര്‍ശിച്ച ശേഷമാണ് സ്ഥാനാര്‍ഥി പര്യടനം ആരംഭിച്ചത്. ലിനിയുടെ ഭര്‍ത്താവിനെയും മക്കളെയും കണ്ട് കുശലാന്വേഷണം നടത്തിയാണ് മടങ്ങിയത്. പര്യടനത്തിെൻറ ഉദ്ഘാടനം പൂഴിത്തോട് കെ.പി.സി.സി ജന.സെക്രട്ടറി കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് അനിൽകുമാർ നടത്തിയത്. കൊള്ളക്കാരുടെ സംഘമാണ് കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാനം ഭരിച്ചത്. ദുരന്തങ്ങളെ കച്ചവടമാക്കിയ സർക്കാറാണിത്. പിണറായി സർക്കാർ ഒരുതവണ കൂടി അധികാരത്തിൽ വന്നാൽ നാട് നശിക്കും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ റബറിെൻറ താങ്ങുവില 250 രൂപയാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. തുടർന്ന് സ്ഥാനാർഥിയുടെ ഊഴമായിരുന്നു. കൂടെയുണ്ടാവുമെന്ന ഉറപ്പു നൽകി അടുത്ത സ്വീകരണ കേന്ദ്രമായ ചെമ്പനോടയിലേക്കുള്ള പ്രയാണമായിരുന്നു.
അവിടത്തെ സ്വീകരണത്തിനു ശേഷം ചെമ്പനോട മോൺ. റെയ്മണ്ട് കോണ്‍വൻറ് സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. പിന്നീട് പന്നിക്കോട്ടൂര്‍ കോളനിയിലായിരുന്നു സ്വീകരണം.
കോളനിവാസികൾക്കും കൂടെ ഉണ്ടാവുമെന്ന ഉറപ്പു നൽകി അടുത്ത സ്വീകരണ കേന്ദ്രമായ മുതുകാടേക്ക് തിരിഞ്ഞു. മുതുകാട്ടിൽ ലഭിച്ച സ്വീകരണത്തിനു ശേഷം പാർട്ടി പ്രവർത്തകെൻറ വീട്ടിൽ ഉച്ചഭക്ഷണത്തിനെത്തി.
ഉച്ചക്കുശേഷം പൊന്മലപ്പാറയിലായിരുന്നു ആദ്യസ്വീകരണം. പിന്നീട് നരിനട, ചെട്ട്യാംചോല എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം കൂത്താളി ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിച്ചു. വളയംകണ്ടം, നടക്കല്‍ താഴെ, പൈതോത്ത് സ്വീകരണ കേന്ദ്രങ്ങളിൽ എത്തുമ്പോഴേക്കും മഴ പെയ്യാൻ തുടങ്ങിയിരുന്നു.
സമയം വൈകിയതു കാരണം കൂത്താളി തെരുവിലെ സ്വീകരണ പരിപാടി റദ്ദാക്കി. രാത്രി 8.30ഓടെ കൂത്താളിയില്‍ പ്രചാരണം സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് നേതാക്കളായ സത്യന് കടിയങ്ങാട്, എസ്.പി. കുഞ്ഞമ്മദ്, ജയിംസ് മാത്യു, ജിതേഷ് മുതുകാട്, ടി.പി. ചന്ദ്രന്, ഗിരിജ ശശി, ഇ.പി. മുഹമ്മദ്, രാജന് കെ. പുതിയേടത്ത്, മോഹന്‍ദാസ് ഓണിയില്‍, അബ്ദുല്ല ബൈത്തുല്‍ബര്‍ക്ക, ജോസ് കാരിവേലി, ഉമ്മര്‍ തണ്ടോറ, ഇ.ടി. സത്യന്, സി.കെ. ബാലന് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.