പേരാവൂരിൽ യു.ഡി.എഫിനെ കാത്തത് ഇരിട്ടി നഗരസഭ
text_fieldsഇരിട്ടി: സംസ്ഥാനത്ത് ആഞ്ഞുവീശിയ എൽ.ഡി.എഫ് തരംഗത്തെ തടഞ്ഞുനിർത്തി പേരാവൂരിനെ യു.ഡി.എഫിനൊപ്പം നിർത്തിയത് ഇരിട്ടി നഗരസഭയിലെ വോട്ടുനില. ചുണ്ടിനും കപ്പിനുമിടയിൽ കഴിഞ്ഞ രണ്ട് തവണയും ഇരിട്ടി നഗരഭരണം യു.ഡി.എഫിനെ കൈവിട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിട്ടി യു.ഡി.എഫിെൻറ മാനം കാത്തു.
നഗരഭരണം കൈയിലുണ്ടായിട്ടും സ്ഥാനാർഥിയുടെ ജന്മനാടായിട്ടും ബന്ധുബലം ഉണ്ടായിട്ടും എൽ.ഡി.എഫ് സ്ഥാനാർഥി സക്കീർ ഹുസൈന് നാമമാത്രമായ വോട്ടിെൻറ ഭൂരിപക്ഷമാണ് ഇരിട്ടി നഗരസഭയിൽനിന്ന് കിട്ടിയത്. ഇതുതന്നെയാണ് സക്കീറിനെ പരാജയത്തിലേക്ക് നയിച്ച പ്രധാന ഘടകവും. ബി.ജെ.പിക്ക് വോട്ടുയർത്താനാകാഞ്ഞതും സണ്ണിജോസഫിെൻറ വിജയത്തിന് മുതൽക്കൂട്ടായി.
ഇരിട്ടി നഗരസഭയിൽ 176 വോട്ടിെൻറ ഭൂരിപക്ഷമാണ് സക്കീറിന് ലഭിച്ചത്. സ്ഥാനാർഥിയിലൂടെ കൈവന്ന അനുകൂല ഘടകം മുതലാക്കി 2000ത്തിനടുത്ത് ഭൂരിപക്ഷമായിരുന്നു എൽ.ഡി.എഫ് പ്രതീക്ഷിച്ചത്. യു.ഡി.എഫും 1500ഓളം അധിക വോട്ട് ഇരിട്ടി നഗരസഭയിൽനിന്ന് എൽ.ഡി.എഫിന് ലഭിച്ചേക്കാമെന്ന് കണക്കുകൂട്ടിയിരുന്നു.
ഇരിട്ടി നഗരസഭയിൽ എൽ.ഡി.എഫ് പിടിക്കുന്ന അധിക വോട്ട് ആറളം, അയ്യൻകുന്ന്, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിൽനിന്ന് മറികടക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾ ഇരിട്ടി തെറ്റിച്ചതോടെ വിജയം സണ്ണിക്കൊപ്പം നിന്നു.
എൽ.ഡി.എഫിെൻറ ശക്തികേന്ദ്രങ്ങളായ പായത്തും മുഴക്കുന്നിലും പേരാവൂരിലും മുൻ വർഷത്തേക്കാൾ വോട്ടുയർത്താൻ എൽ.ഡി.എഫിനായി. എന്നാൽ, യു.ഡി.എഫിന് അവരുടെ ശക്തികേന്ദ്രങ്ങളായ അയ്യൻകുന്നിലും ആറളത്തും കണിച്ചാറിലും കൊട്ടിയൂരിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ മേൽക്കൈ നിലനിർത്താനും ആയില്ല.
പായത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 1808 വോട്ടിെൻറ ഭൂരിപക്ഷമായിരുന്നു എൽ.ഡി.എഫിന് ഉണ്ടായിരുന്നത്. ഇക്കുറി അത് 2578 ആയി ഉയർത്താനായി. മുഴക്കുന്നിൽ 849 വോട്ടിെൻറ മേൽക്കൈ 1771 ആയി ഇക്കുറി ഉയർത്തി. പേരാവൂരിൽ 690 വോട്ടിെൻറ ഭൂരിപക്ഷം 1048 ആക്കി വർധിപ്പിച്ചിട്ടും മണ്ഡലം അനുകൂലമാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല.
യു.ഡി.എഫിെൻറ ശക്തികേന്ദ്രമായ അയ്യൻകുന്നിൽ 2016ൽ 3917 വോട്ടിെൻറ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇക്കുറി അത് 3578 ആയി കുറഞ്ഞു. ആറളത്താണ് വൻ കുറവ് ഉണ്ടായത്.
കഴിഞ്ഞതവണ ഉണ്ടായിരുന്ന 2586 വോട്ടിെൻറ മേൽക്കൈ 1849ലേക്ക് താഴ്ന്നു. കണിച്ചാറിൽ 1977 വോട്ടായിരുന്നു കഴിഞ്ഞ തവണ യു.ഡി.എഫ് അധികമായി നേടിയത്. ഇക്കുറി അത് 1070ലേക്ക് ഇടിഞ്ഞു. കൊട്ടിയൂരിൽ 1750 വോട്ടിെൻറ ഭൂരിപക്ഷം 1194ലേക്ക് താഴുകയായിരുന്നു.
മലയോര പഞ്ചായത്തുകളിലെല്ലാം എൽ.ഡി.എഫ് മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ഇരിട്ടി നഗരസഭയിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ അവർക്ക് കഴിഞ്ഞില്ല.
ജില്ലയിൽ ബി.ജെ.പിക്ക് വോട്ടുയർത്താൻ കഴിയാത്ത രണ്ട് നിയമസഭ മണ്ഡലങ്ങളിൽ ഒന്ന് പേരാവൂരാണ്. ഇരിക്കൂറിലും കാര്യമായ വോട്ടുവർധന അവർക്കുണ്ടായില്ല. ബി.ജെ.പി സ്ഥാനാർഥി സ്മിത ജയമോഹന് 9155 വോട്ടാണ് ലഭിച്ചത്. 2016ൽ ബി.ഡി.ജെ.എസ് മത്സരിച്ചപ്പോൾ 9129 വോട്ട് നേടാൻ അവർക്ക് കഴിഞ്ഞിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 10054 വോട്ട് നേടിയിരുന്നു. ബി.ജെ.പിക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയാഞ്ഞത് ഇരുമുന്നണികളുടെയും മൊത്തം വോട്ടുകളുടെ എണ്ണത്തിലും വർധനവുണ്ടാക്കി.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും നഗരസഭയിലും യു.ഡി.എഫിനായിരുന്നു മേൽക്കൈ. മാസങ്ങൾക്കുമുമ്പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 6000ത്തോളം വോട്ട് എൽ.ഡി.എഫിന് യു.ഡി.എഫിനേക്കാൾ അധികം ലഭിച്ചിരുന്നു. ബി.ജെ.പിക്കും മൊത്തം വോട്ട് 15000ത്തിൽ അധികമായി വർധിപ്പിക്കാനും കഴിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.