കാന്തപുരത്തുനിന്നെത്തി പെരിന്തൽമണ്ണ കാത്ത് നജീബ്
text_fieldsപെരിന്തൽമണ്ണ: ഏറെ പ്രത്യേകതകളുള്ള പെരിന്തൽമണ്ണ മണ്ഡലത്തിലെ അങ്ങേയറ്റം വാശിയേറിയ മത്സരത്തിൽ വിജയം യു.ഡി.എഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിനൊപ്പം. നിയമസഭയിലേക്ക് കന്നിപ്പോരിനിറങ്ങിയ നജീബ് 38 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും മുൻ മാധ്യമ പ്രവർത്തകനും മുൻ കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗവുമായ നജീബ് കാന്തപുരം കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിൽ കാന്തപുരം സ്വദേശിയാണ്.
2016ൽ മഞ്ഞളാംകുഴി അലിയും വി. ശശികുമാറും തമ്മിൽ നടന്ന വീറും വാശിയും ഇത്തവണയും പെരിന്തൽമണ്ണയിൽ ഉണ്ടായി. 2016ൽ 579 വോട്ടിനാണ് അലി വിജയിച്ചത്. ഇത്തവണ 2,17,959 വോട്ടാണ് മണ്ഡലത്തിൽ. 2016ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 11,393 വോട്ട് ഇത്തവണ അധികം പെട്ടിയിൽ വീണിട്ടുണ്ട്. ഇത് അധികവും പുതിയ വോട്ടാണ്. ആദ്യാവസാനം പ്രത്യക്ഷത്തിൽ പ്രചാരണത്തിൽ സജീവമായി നിന്നവരാണ് മൂന്നു മുന്നണികളും. ഇത്തവണ പെരിന്തൽമണ്ണയിൽ സ്ഥാനാർഥിയില്ലാത്ത വെൽഫെയർ പാർട്ടിയുടെ വോട്ടുകളും യു.ഡി.എഫ് വിജയത്തിന് മുതൽക്കൂട്ടായി.
2016ൽ ഇഞ്ചോടിഞ്ചു മത്സരം നടന്ന പെരിന്തൽമണ്ണയിൽ ഇടതുമുന്നണിക്ക് ഇത്തവണ ലഭിച്ച തിരിച്ചടിക്ക് മുഖ്യ കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണ്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ശശികുമാറോ മുൻ നഗരസഭാ അധ്യക്ഷൻ എം. മുഹമ്മദ് സലീമോ ആണ് സ്ഥാനാർഥികളാവുകയെന്നാണ് സി.പി.എം അണികളിൽ തുടക്കം മുതലുണ്ടായിരുന്ന ധാരണ. ഇത് തകിടം മറിച്ചാണ് വ്യവസായി കൂടിയായ മുൻ ലീഗ്കാരൻ കെ.പി.എം. മുസ്തഫയെ സ്ഥാനാർഥിയാക്കിയത്. സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ ഇടത് ക്യാമ്പ് ഏറെ നിരാശയിലുമായിരുന്നു. ഇതിനിടയിലും സംസ്ഥാനത്ത് തുടർഭരണ പ്രതീക്ഷ നിലനിന്നതിനാൽ ആ ഒാളത്തിൽ പെരിന്തൽമണ്ണയിൽ അട്ടിമറി വിജയം വേടുമെന്നാണ് സി.പി.എം പ്രതീക്ഷിച്ചിരുന്നത്.
പാർട്ടി അനുകൂല വോട്ടിനു പുറമെ നിഷ്ക്ഷ വോട്ട് പെരിന്തൽമണ്ണയിൽ ഇടതുമുന്നണിക്ക് ലഭിച്ചില്ല. ഈ വോട്ട് ഇത്തവണ നജീബ് കാന്തപുരത്തിന് ലഭിച്ചതായാണ് വിലയിരുത്തൽ. മുൻ ലീഗുകാരൻ എന്ന നിലയിൽ ഇടത് സ്ഥാനാർഥി കെ.പി.എം. മുസ്തഫ വ്യക്തിപരമായി വോട്ട് നേടുമെന്നാണ് കരുതിയിരുന്നതെങ്കിലും അതും വേണ്ടത്രയുണ്ടായില്ല. എന്നു മാത്രമല്ല, സ്ഥാനാർഥി നിർണയത്തിൽ വേണ്ടത്ര കൂടിയാലോചനയില്ലാത്തത് ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയുമായി. ഉറച്ച പാർട്ടി പ്രവർത്തകർ വോട്ടു ചെയ്തെങ്കിലും പാർട്ടി സ്ഥാനാർഥികൾക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കുന്ന മാതൃകയിൽ രംഗത്തുണ്ടായിരുന്നില്ല. പണം നൽകി സീറ്റ് വിൽപന നടത്തിയെന്ന യു.ഡി.എഫ് പ്രചാരണത്തെ മറികടക്കാൻ പെരിന്തൽമണ്ണയിൽ സി.പി.എമ്മിന് കഴിഞ്ഞതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.