പെരിന്തൽമണ്ണ എങ്ങോട്ട് തിരിയും
text_fieldsപെരിന്തൽമണ്ണ: കഴിഞ്ഞതവണ കടുത്തമത്സരം നടന്ന പെരിന്തൽമണ്ണയിൽ ഇക്കുറിയും മാറ്റമില്ല. 2016ൽ 549 വോട്ടിനായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി മഞ്ഞളാംകുഴി അലി എൽ.ഡി.എഫിെൻറ വി. ശശികുമാറിനെ പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗിൽനിന്ന് ഇടതുപക്ഷത്തേക്ക് മാറിയ കെ.പി.എം. മുസ്തഫയും യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരവും തമ്മിലാണ് ഇത്തവണ പോര്. പാരമ്പര്യമായി ലീഗിനെ തുണക്കുന്നതാണ് മണ്ഡലചരിത്രം. 2006ൽ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി. ശശികുമാറിനെ തുണച്ച ചരിത്രവുമുണ്ട്.
പുലാമന്തോൾ, മേലാറ്റൂർ, താഴേക്കോട് പഞ്ചായത്തുകളും പെരിന്തൽമണ്ണ നഗരസഭയും ഇടതിെൻറ കൈവശമാണിപ്പോൾ. ആലിപ്പറമ്പും ഏലംകുളവും വെട്ടത്തൂരുമാണ് യു.ഡി.എഫ് ഭരിക്കുന്നത്. പെരിന്തൽമണ്ണ നഗരസഭ, ഏലംകുളം പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇടതുപക്ഷം മേൽക്കൈ നേടുന്നതാണ് അനുഭവം. പുലാമന്തോളും മേലാറ്റൂരും നേരിയ തോതിലും മറ്റിടങ്ങളിൽ മികച്ച രീതിയിലും യു.ഡി.എഫിനെ തുണക്കാറുണ്ട്.
കുടിവെള്ളക്ഷാമവും ഗ്രാമീണ റോഡുകളും നഗരത്തിലെ കുരുക്കും രണ്ട് സ്ഥാനാർഥികൾക്ക് മുന്നിലും പരാതികളായി എത്തുന്നുണ്ട്. പാർട്ടി വോട്ടുകൾ തൂക്കിനോക്കിയാൽ മുന്നണികൾ തമ്മിൽ നേരിയ വ്യത്യാസമുള്ള മണ്ഡലം. ഇരു ക്യാമ്പുകളും സർവ തന്ത്രങ്ങളുമായാണ് പ്രചാരണ രംഗത്ത്. സംസ്ഥാന സർക്കാറിെൻറ ഭരണനേട്ടങ്ങളും ഭരണത്തുടർച്ചയുടെ ആവശ്യകതയുമാണ് കെ.പി.എം. മുസ്തഫയുടെ മുഖ്യ പ്രചാരണായുധം. ലീഗുകാരനായിരിക്കെയുള്ള സൗഹൃദങ്ങളും ബന്ധങ്ങളും ഗുണകരമാവുമെന്നാണ് ഇടത് പ്രതീക്ഷ.
നാടിനെയും വികസനത്തെയും കുറിച്ചുള്ള കാഴ്ചപ്പാടും സ്വപ്നങ്ങളുമായാണ് നജീബ് കാന്തപുരം പ്രചാരണരംഗത്തുള്ളത്. പടലപ്പിണക്കങ്ങളെല്ലാം മാറി ഏറെ ആത്മവിശ്വാസമുണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ് പ്രവർത്തകർ. ബി.ജെ.പി സ്ഥാനാർഥി സുചിത്ര മാട്ടടയും സജീവമായി രംഗത്തുണ്ട്. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ സ്ഥാനാർഥികൾ മത്സരത്തിനില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.