പെരുമ്പാവൂര്‍: കണക്കുകൂട്ടലിെൻറ തിരക്കിൽ സ്ഥാനാര്‍ഥികള്‍
text_fieldsപെരുമ്പാവൂര്‍: തെരഞ്ഞെടുപ്പ് ദിനത്തിനു ശേഷവും അതിെൻറ തിരക്കിൽ തന്നെയായിരുന്നു സ്ഥാനാര്‍ഥികള്‍. വോട്ട് ലഭിച്ചതിലെ കണക്കുകള്‍ ശേഖരിക്കലും കൂട്ടലും കിഴിക്കലുമായി സജീവമായിരുന്നു പലരും.
ബുധനാഴ്ച വിശ്രമിക്കാന്‍ സമയം കിട്ടിയില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളുടെയും വോട്ടുകളുടെയും അവലോകനം നടത്തി. തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതലയുള്ള ചെയര്മാന്, കണ്‍വീനര്‍ എന്നിവരുമായി ആശയവിനിമയം നടത്തി. പഞ്ചായത്ത്തലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളുമായി ഫോണില്‍ സംസാരിച്ചു.
പോള്‍ ചെയ്ത വോട്ടുകളുടെയും ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകളുടെയും വിവരങ്ങള്‍ ശേഖരിച്ചു. പാര്‍ട്ടി നേതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരോട് ബൂത്ത്തലത്തിലെ കണക്കുകള്‍ ചോദിച്ചറിഞ്ഞു. വൈകീട്ട് കോതമംഗലം ചെറിയ പള്ളിയിലെത്തി പ്രാര്‍ഥിച്ചു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ബാബു ജോസഫ് പ്രധാന നേതാക്കളെ കണക്കെടുപ്പിനും മറ്റുള്ള കാര്യങ്ങള്‍ക്കും ചുമതലപ്പെടുത്തി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാവിലെ എറണാകുളത്തേക്ക് പോയി. യാത്രമധ്യേ പ്രധാന പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെട്ട് അവലോകനം നടത്തി.
കുറഞ്ഞത് 5000 വോട്ട് ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് ബാബു ജോസഫിെൻറ തെരഞ്ഞെടുപ്പിന് ചുക്കാന്‍പിടിച്ചവർ. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. ടി.പി. സിന്ധുമോള്‍ നേതാക്കളുമായി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ നടത്തി. ഒക്കല്‍, കൂവപ്പടി, മുടക്കുഴ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രധാന പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി.
ട്വൻറി20 സ്ഥാനാര്‍ഥി ചിത്ര സുകുമാരന്‍ വീട്ടില്‍ വിശ്രമത്തിലായിരുന്നെങ്കിലും പ്രവര്‍ത്തകരെ ഫോണില്‍ ബന്ധപ്പെട്ടു. വൈകീട്ട് അഞ്ചിന് പട്ടാലിലെ ഇലക്ഷന് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു.
പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ വിയോഗമറിഞ്ഞ് കോഴിക്കോടിന് തിരിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെ.എം. അര്‍ഷാദ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അജ്മല്‍ കെ. മുജീബ് ബൂത്തുകള്‍ തിരിച്ചുള്ള കണക്കുകള്‍ ശേഖരിക്കുന്ന തിരക്കിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.