പെരുമ്പാവൂരിൽ എല്‍.ഡി.എഫ് സ്വാധീനമേഖലകളിലെ യു.ഡി.എഫ് ഭൂരിപക്ഷം; സി.പി.എം നേതൃത്വത്തിന് ഞെട്ടല്‍
text_fieldsപെരുമ്പാവൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് സ്വാധീനമുള്ള പഞ്ചായത്തുകള്‍ എല്‍ദോസ് കുന്നപ്പിള്ളിയെ തുണച്ചപ്പോള്‍ യു.ഡി.എഫ് അനുകൂല പഞ്ചായത്തുകളില്‍ ഭൂരിപക്ഷം കുറഞ്ഞു. എല്‍.ഡി.എഫിെൻറ കുത്തകയായ രായമംഗലം പഞ്ചായത്തില്‍ കുന്നപ്പിള്ളിക്ക് 976 വോട്ട് ഭൂരിപക്ഷമുണ്ട്. രായമംഗലം പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിനാണ്.
ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി. ഗോവിന്ദപിള്ള, മുന്‍ മുഖ്യമന്ത്രി പി.കെ.വി, മുന്‍ എം.എല്‍.എ പി.ആര്. ശിവന് എന്നിവരുടെ നാടായ രായമംഗലത്ത് സി.പി.എം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് സ്വാധീനമേറെയാണ്. എന്നാല്‍, യു.ഡി.എഫിന് പ്രത്യേകിച്ച്, കോണ്‍ഗ്രസിന് സ്വാധീനമുള്ള വെങ്ങോല പഞ്ചായത്തില്‍ കുന്നപ്പിള്ളിക്ക് 850 വോട്ടിെൻറ കുറവാണുള്ളത്.
കണ്ടന്തറ 102ാം ബൂത്തിലും തണ്ടേക്കാട് 111, 112 ബൂത്തുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വൻറി20 മികച്ച പ്രകടനം കാഴ്ചെവച്ച പഞ്ചായത്താണ് വെങ്ങോല. പക്ഷേ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുവിഹിതം ഗണ്യമായി കുറഞ്ഞു. 8000 വോട്ടിന് മുകളില്‍ പ്രതീക്ഷിച്ച ട്വൻറി20ക്ക് 4321 വോട്ടാണ് നേടാനായത്. ഇവിടെ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് വിലയിരുത്തിയത്.
വെങ്ങോലയില്‍ ട്വൻറി20ക്ക് വോട്ട് കുറഞ്ഞതാണ് യു.ഡി.എഫ് കടന്നുകയറ്റത്തിന് നിര്‍ണായക ഘടകമായത്. 2016ല്‍ യു.ഡി.എഫിന് 1500 വോട്ടിെൻറ ഭൂരിപക്ഷമുണ്ടായ ഒക്കല്‍ പഞ്ചായത്തിലെ ഭൂരിപക്ഷം ഇത്തവണ 487 ആയി കുറഞ്ഞത് ശ്രദ്ധേയമായി. കൂവപ്പടി പഞ്ചായത്തും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് തരക്കേടില്ലാത്ത ഭൂരിപക്ഷം നേടിക്കൊടുക്കുന്ന പഞ്ചായത്തുകളിലൊന്നാണ്. പക്ഷേ ഇത്തവണ 393 വോട്ടിെൻറ ഭൂരിപക്ഷമാണുണ്ടായത്.
എന്നിരുന്നാലും ബാബു ജോസഫിെൻറ തട്ടകമായ കൂവപ്പടി പഞ്ചായത്തില്‍ നൂറിനു മുകളില്‍ ഭൂരിപക്ഷം നേടാനായത് കുന്നപ്പിള്ളിയുടെ തിളക്കമാണ്. സി.പി.എം പ്രമുഖ നേതാവും മുന്‍ എം.എല്‍.എയുമായ സാജു പോളിെൻറ നാടായ വേങ്ങൂരില്‍ കുന്നപ്പിള്ളിക്ക് 220 വോട്ടിെൻറ ഭൂരിപക്ഷമുണ്ട്. സാജു പോള്‍ മത്സരിച്ച മൂന്നുവട്ടവും വന്‍ ഭൂരിപക്ഷം നേടിക്കൊടുത്ത പഞ്ചായത്താണ് വേങ്ങൂര്‍. പെരുമ്പാവൂര്‍ നഗരസഭയില്‍ കുന്നപ്പിള്ളി കരസ്ഥമാക്കിയത് 771 വോട്ടിെൻറ ഭൂരിപക്ഷമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നഗരസഭയിലെ മുസ്ലിം, ന്യൂനപക്ഷ പ്രദേശങ്ങളില്‍ കുന്നപ്പിള്ളിയുടെ ലീഡ് കുറഞ്ഞെങ്കിലും കിഴക്കന്‍ മേഖലയില്‍ ലീഡ് നിലനിര്‍ത്താനായി. ഇടതുപക്ഷം ഭരിക്കുന്ന അശമന്നൂര്‍ പഞ്ചായത്തില്‍ ബാബു ജോസഫിന് 143 വോട്ടിെൻറ ഭൂരിപക്ഷമേയുള്ളൂ. മുടക്കുഴയില്‍ 763 വോട്ടിെൻറ ലീഡ് യു.ഡി.എഫിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.