പിണറായി ദുര്‍ബലനായ രാഷ്ട്രീയ നേതാവ്, കൂടെയുള്ളത് അസുരഗണങ്ങൾ -കെ. സുരേന്ദ്രന്‍
text_fieldsകാസർകോട്: ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ശബരിമല വിഷയത്തിലെ നിലപാട് മാറ്റില്ലെന്നു പറഞ്ഞ പിണായി വിജയന്‍ നടത്തിയ മലക്കംമറിച്ചില്‍ അദ്ദേഹം ദുര്‍ബലനായ ഒരു രാഷ്ട്രീയ നേതാവാണെന്ന് തെളിയിക്കുന്നതായും എന്‍.എസ്.എസ് നിലപാട് ബി.ജെ.പിക്ക് അനുകൂലമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കാസർകോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍റെ കൂടെയുള്ളത് അസുരഗണമാണ്. മനീതിസംഘത്തെ ഉള്‍പ്പെടെ ശബരിമലയിലെത്തിച്ച് ആചാരലംഘനം നടത്താന്‍ കൂട്ടുനിന്നത് ഈ അസുരഗണമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളാണിതിനൊരുക്കിയത്. ശബരിമലയില്‍ ആചാരലംഘനം നടന്നതിന് ശേഷം ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ പിണറായി വിജയന്‍ അയ്യപ്പഭക്തരെ വെല്ലുവിളിക്കുക പോലും ചെയ്തു.
പിണറായി സര്‍ക്കാര്‍ നടത്തിയ ഈ നീചകൃത്യം ജനങ്ങള്‍ മറന്നിട്ടില്ല. സാമൂഹികനീതിയും വിശ്വസസംരക്ഷണവും ഉറപ്പുവരുത്തിയവരെ പരിഗണിക്കണമെന്നുള്ള എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന സമ്മതിദായകര്‍ക്കുള്ള കൃത്യമായ സന്ദേശമാണ്.
ശബരിമല സംരക്ഷിക്കാന്‍ പോരാട്ടം നടത്തിയത് ബി.ജെ.പിയും ശബരിമല കര്‍മ്മസമിതിയുമാണ്. അതുകൊണ്ടാണ് സിപിഎമ്മിന്‍റെ മുന്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജി. സുകുമാരന്‍ നായര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
ഭക്തജനപ്രതിഷേധമുയരുന്ന സമയത്ത് ഗ്യാലറിയിലിരുന്നു കളികണ്ട കോണ്‍ഗ്രസ്സിന് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മുതലക്കണ്ണീരൊഴുക്കാന്‍ ഒരു അവകാശവുമില്ല. ശബരിമല വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും എ.കെ ആന്‍റണിയും ഒരു പ്രസ്താവന പോലുമിറക്കിയിട്ടില്ല.
കേരളത്തിലേക്ക് വരിക പോലും ചെയ്യാത്ത എ.കെ. ആന്‍റണിയാണ് അയ്യപ്പനോട് മാപ്പു പറയണമെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് ദിവസം രംഗത്ത് വന്നിരിക്കുന്നത്. ശബരിമല വിഷയം ചര്‍ച്ചയാക്കിയതില്‍ എ.കെ. ബാലന്‍ പരാതി കൊടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.