ചാണ്ടി ഉമ്മെൻറ വിജയം: ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ധാർഷ്ട്യത്തിനെതിരായ ജനവിധി -കെ.കെ. രമ
text_fieldsചാണ്ടി ഉമ്മെൻറ വിജയം ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത ധാർഷ്ട്യത്തിനെതിരായ ജനവിധിയാണെന്ന് കെ.കെ. രമ എം.എൽ.എ. ദൈനംദിന ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നത്. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആധികാരിക രേഖകളോടുകൂടിയ തെളിവുകൾ പുറത്തുവന്നിട്ടും അതിനോട് മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി. സൈബർ കടന്നലുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ന്യായീകരണ സംഘങ്ങൾ അത് ഉന്നയിച്ചവരെ സംഘടിതമായി പരിഹസിക്കുകയും ചെയ്യുന്നതായി ഫേസ് ബുക്കിലെഴുതിയ കുറിപ്പിൽ എം.എൽ.എ പറയുന്നു.
കുറിപ്പിെൻറ പൂർണ രൂപം
ദൈനംദിന ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നത്. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആധികാരിക രേഖകളോടുകൂടിയ തെളിവുകൾ പുറത്തുവന്നിട്ടും അതിനോട് മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി. സൈബർ കടന്നലുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ന്യായീകരണ സംഘങ്ങൾ അത് ഉന്നയിച്ചവരെ സംഘടിതമായി പരിഹസിക്കുകയും ചെയ്യുന്നു.
സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്ന ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും അവഹേളനത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ടു. ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്റെ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് അവർക്കെതിരെയും അവഹേളന വർഷം തന്നെയുണ്ടായി. വാചകമടികൾക്കപ്പുറത്ത് പൊതു കമ്പോളത്തിലെ അവശ്യസാധനങ്ങളുടെ കുതിച്ചു കയറുന്ന വില നിയന്ത്രിക്കാൻ പോലും ശേഷി നഷ്ടപ്പെട്ട ഭരണകൂടത്തിന്റെ ജാള്യം മറച്ചുവെക്കാൻ സിപിഎം അതിന്റെ സൈബർ സംഘങ്ങളെ എല്ലാ മര്യാദകളും ലംഘിച്ച് കയറൂരി വിടുകയായിരുന്നു.
ജനങ്ങൾക്കിടയിൽ ജനകീയനായി ജീവിച്ച, പുതുപ്പള്ളിയുടെ പ്രിയങ്കരനായ ഉമ്മൻചാണ്ടിയുടെ ജ്വലിക്കുന്ന ഓർമ്മകൾ മുൻനിർത്തി സ്നേഹത്തിൻറെ ഭാഷയിൽ അഴിമതിക്കും സംഘടിതമായ അവഹേളനങ്ങൾക്കുമെതിരായി ജനം വിധിയെഴുതുകയായിരുന്നു. ഈ വിധിയുടെ ചുമരെഴുത്ത് വായിക്കാൻ ഭരണാധികാരികൾ തയ്യാറാകണം. ധാർഷ്ട്യത്തിന്റെയും, അഹങ്കാരത്തിന്റെയും, ജനാധിപത്യ വിരുദ്ധമായ മൗനമല്ല, സംവാദാത്മകമായ ജനാധിപത്യ രാഷ്ട്രീയ പരിസരമാണ് കേരളീയ സമൂഹം ആഗ്രഹിക്കുന്നത്. പുതുപ്പളളിയുടെ പുതിയ നായകൻ ചാണ്ടി ഉമ്മന് ഹൃദയാഭിവാദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.