സംവാദത്തിന് ഭയമുണ്ടെങ്കിൽ വി.ഡി സതീശൻ അത് തുറന്ന് പറയണമെന്ന് ഡോ.ടി.എം തോമസ് ഐസക്ക്
text_fieldsതിരുവനന്തപുരം: പുതുപ്പള്ളിയിൽ സംവാദത്തിന് ഭയമുണ്ടെങ്കിൽ വി.ഡി സതീശൻ അത് തുറന്ന് പറയണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഡോ.ടി.എം തോമസ് ഐസക്ക്. പ്രബുദ്ധരായ കേരള ജനത ചരിത്രപരമായി ആർജിച്ചെടുത്ത ആധുനിക ജനാധിപത്യമൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകും. ആക്ഷേപവും പരിഹാസവുംകൊണ്ട് നേരിടാമെന്ന് കരുതരുത്. ജനാധിപത്യത്തിൽ ജനമാണ് യജമാനർ. അവർ എല്ലാം കാണുന്നുണ്ടന്നും തോമസ് ഐസക്ക് എഫി.ബി പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ കുറേ നാളുകളായി ജനാധിപത്യപരമായ ഒരു രാഷ്ട്രീയ സംവാദത്തിനും പ്രതിപക്ഷ നേതാവ് തയാറാകുന്നത് കാണാനാകുന്നില്ല. ചോദ്യങ്ങളുന്നയിക്കുന്നവരെ ആക്ഷേപിച്ചും പരിഹസിച്ചും എതിരിടുന്ന രീതിയാണ് കാണുന്നത്. ഇതിപ്പോൾ ആ ഘട്ടവും പിന്നിട്ട് വരേണ്യതയുടെ പത്തായപ്പുറത്ത് കയറി മറ്റുള്ളവർക്ക് നേരെ പരമപുച്ഛം വാരിവിതറുന്ന അവസ്ഥയിലെത്തി.
നീണ്ട അൻപത്തിമൂന്ന് വർഷം പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും അതിൽ പ്രധാനപ്പെട്ട കാലയളവുകളിൽ സംസ്ഥാന ഭരണത്തിന്റെ നിർണായകശക്തിയാകുകയും ചെയ്ത രാഷ്ട്രീയ നേതാവിന്റെ വിയോഗത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ സ്വഭാവികമായും ആ നാട്ടിൽ ചർച്ചയാകേണ്ടത് ആ നാടിനുണ്ടായ നേട്ടങ്ങളും കുറവുകളുമൊക്കെയാകണമെന്ന് ഐസക്ക് ചൂണ്ടിക്കാട്ടി.
എന്നാൽ, അത്തരമൊരു തുറന്ന ചർച്ചക്കുവേണ്ടി ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായ ജെയ്ക് സി. തോമസ് യു.ഡി.എഫ് സ്ഥാനാർഥിയെ ക്ഷണിക്കുമ്പോൾ ജെയ്ക്കിനെ നാലാംകിട നേതാവെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിലൂടെ എന്താണ് പ്രതിപക്ഷ നേതാവ് ഉദ്ദേശിക്കുന്നതെന്ന് ഐസക്ക് ചോദിച്ചു.
എഫ്.ബി പോസ്റ്റിന്റെ പൂർണരൂപം
നീണ്ട അൻപത്തിമൂന്ന് വർഷം പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും അതിൽ പ്രധാനപ്പെട്ട കാലയളവുകളിൽ സംസ്ഥാന ഭരണത്തിന്റെ നിർണായകശക്തിയാകുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവിന്റെ വിയോഗത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ സ്വഭാവികമായും ആ നാട്ടിൽ ചർച്ചയാകേണ്ടത് ആ നാടിനുണ്ടായ നേട്ടങ്ങളും കുറവുകളുമൊക്കെയാകണം. ഇനിയെങ്ങനെ മുന്നോട്ട് പോകണം എന്നാകണം.
എന്നാൽ അത്തരമൊരു തുറന്ന ചർച്ചക്കുവേണ്ടി ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് യുഡിഎഫ് സ്ഥാനാർത്ഥിയെ ക്ഷണിക്കുമ്പോൾ ജെയ്ക്കിനെ നാലാംകിട നേതാവെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ഇതിലൂടെ എന്താണ് പ്രതിപക്ഷ നേതാവ് ഉദ്ദേശിക്കുന്നത് ?
പുതുപ്പള്ളിയിൽ ജനിച്ചു വളർന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നു വന്നയാളാണ് ജെയ്ക്ക്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ശ്രീ.
ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുകയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം 2021ലെ തിരഞ്ഞെടുപ്പിൽ 9044 ലേക്ക് ചുരുക്കുകയും ചെയ്തയാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 131797 വോട്ടുകളിൽ 54328 വോട്ടുകൾ നേടിയ ആളാണ് ജയ്ക്ക്. അതായത് പുതുപ്പള്ളിയിലെ വോട്ടർമാരിൽ 41.22% പേർ പിന്തുണച്ച ഒരു യുവ രാഷ്ട്രീയ നേതാവ്. അങ്ങനെയുള്ള ആൾ ജനാധിപത്യസംവാദത്തിന് ക്ഷണിക്കുമ്പോൾ അത് പുതുപ്പള്ളിയുടെ ഒരു വലിയ വിഭാഗത്തിന്റെ ക്ഷണമായിട്ടല്ലേ കാണേണ്ടത്? ആക്ഷേപവാക്കുകൾ കൊണ്ട് ആ സംവാദക്ഷണത്തിനെ നിരാകരിക്കാൻ ശ്രമിക്കുന്നത് യുഡിഎഫിന്റെ തീരുമാനമാണോ?
തെരഞ്ഞെടുപ്പിൽ ജെയ്ക്കിനോട് മത്സരിക്കാൻ തൊട്ടുകൂടായ്മ ഇല്ലാത്ത യു ഡി എഫിന് അദ്ദേഹത്തോട് വികസനത്തെക്കുറിച്ച് സംവദിക്കാനുള്ള വിമുഖത എന്തുകൊണ്ടാണ്?
ശ്രീ. ഉമ്മൻചാണ്ടി തന്നെ ജെയ്ക്കിനെ വിശേഷിപ്പിച്ചത് തനിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എതിരിടേണ്ടി വന്ന ഏറ്റവും മികച്ച പോരാളി എന്നാണ്. അയാളെ സതീശന് ഇപ്പോൾ നാലാം കിട നേതാവായി തോന്നുന്നത് എന്തുകൊണ്ടാണ്?
ജെയ്ക്ക് സംവാദത്തിന് ക്ഷണിച്ചത് വി ഡി സതീശനെയോ കെ സുധാകരനെയോ അല്ലല്ലോ, പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥിയെ അല്ലേ? സ്ഥാനാർഥികൾ തമ്മിലുള്ള ആരോഗ്യകരമായ അത്തരം സംവാദങ്ങൾ അല്ലേ തെരഞ്ഞെടുപ്പിൽ നടക്കേണ്ടത്? അതിനിടയിൽ സതീശൻ ചാടിവീണ് യു ഡി എഫ് സ്ഥാനാർഥിയെ രക്ഷിച്ചുകൊണ്ട് പോകുന്നതിന്റെ കാരണമെന്താണ്? യു ഡി എഫ് സ്ഥാനാർഥിയുടെ സംവാദശേഷിയിലും വികസന കാഴ്ചപ്പാടിലും ഉള്ള അദ്ദേഹത്തിന്റെ വിശ്വാസക്കുറവാണോ?
കഴിഞ്ഞ കുറേ നാളുകളായി ജനാധിപത്യപരമായ ഒരു രാഷ്ട്രീയ സംവാദത്തിനും പ്രതിപക്ഷ നേതാവ് തയാറാകുന്നത് കാണാനാകുന്നില്ല. ചോദ്യങ്ങളുന്നയിക്കുന്നവരെ ആക്ഷേപിച്ചും പരിഹസിച്ചും എതിരിടുന്ന രീതിയാണ് കാണുന്നത്. ഇതിപ്പോൾ ആ ഘട്ടവും പിന്നിട്ട് വരേണ്യതയുടെ പത്തായപ്പുറത്ത് കയറി മറ്റുള്ളവർക്ക് നേരെ പരമപുച്ഛം വാരിവിതറുന്ന അവസ്ഥയിലെത്തി.
പക്ഷെ, പ്രബുദ്ധരായ കേരള ജനത ചരിത്രപരമായി ആർജിച്ചെടുത്ത ആധുനിക ജനാധിപത്യമൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകും.
സംവാദത്തിന് ഭയമുണ്ടെങ്കിൽ അത് തുറന്ന് പറയണം.
ആക്ഷേപവും പരിഹാസവുംകൊണ്ട് നേരിടാമെന്ന് കരുതരുത്. ജനാധിപത്യത്തിൽ ജനമാണ് യജമാനർ. അവർ എല്ലാം കാണുന്നുണ്ട്.
മുൻ ധനമന്ത്രി ഡോ തോമസ് ഐസക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.