അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് വി.ഡി സതീശൻ
text_fieldsകോട്ടയം: അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതുപ്പള്ളി യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്നതാണ് എല്‍.ഡി.എഫിന്റെ വെല്ലുവിളി. ട്രഷറിയില്‍ അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള ഒരു ചെക്കും പാസാകാത്ത അവസ്ഥയാണ്. ഒരു ഓട പണിയാനുള്ള പണം പോലും നല്‍കാന്‍ ശേഷിയില്ലാത്ത സര്‍ക്കാര്‍ വികസനം ചര്‍ച്ച ചെയ്യാന്‍ വെല്ലുവിളിക്കത് ഏറ്റവും വലിയ തമാശയാണ്.
മാസപ്പടി ഉള്‍പ്പെടെയുള്ള ആറ് സുപ്രധാന അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. കെ ഫോണില്‍ എസ്.ആര്‍.ഐ.ടി ഉള്‍പ്പെടെയുള്ള കണ്‍സോര്‍ഷ്യത്തിന് എല്ലാ നിയമങ്ങളും ലംഘിച്ച് കോടിക്കണക്കിന് രൂപ പലിശയില്ലാതെ മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കിയെന്ന് സി.എ.ജിയുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ 36 കോടിയുടെ നഷ്ടം സര്‍ക്കാരിനുണ്ടായെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഇടപെട്ടാണ് നിയമവിരുദ്ധമായി മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസെന്നാല്‍ മുഖ്യമന്ത്രിയാണെന്നാണ് അർഥം. പാലാരിവട്ടം പാലം അഴിമതിയില്‍ മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കിയെന്നതിന്റെ പേരിലാണ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് കേസില്‍ പ്രതിയാക്കിയത്. അങ്ങനെയെങ്കില്‍ 36 കോടിയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടാക്കിയ മുഖ്യമന്ത്രിയും കേസില്‍ പ്രതിയാകും.
ആയിരം കോടിയുടെ പദ്ധതി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 1531 കോടിയാക്കി. കമ്പനികളെ സഹായിക്കാന്‍ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിച്ചതിലൂടെ 500 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. 1000 കോടിയുടെ പദ്ധതി 1531 കോടിക്ക് നടപ്പാക്കിയതും പോരാഞ്ഞാണ് 10 ശതമാനം തുക പലിശരഹിത മൊബിലൈസേഷന്‍ അഡ്വാന്‍സായി നല്‍കിയത്. കെ ഫോണിലൂടെ മാത്രം ഖജനാവിന് കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ആറ് മാസമായി വാ തുറക്കാത്ത പിണറായി വിജയന്റെ അനുയായികളാണ് വികസനത്തെ കുറിച്ചുള്ള സംവാദത്തിന് ക്ഷണിക്കുന്നത്. മുഖ്യമന്ത്രി മിണ്ടില്ല. പക്ഷെ പ്രതിപക്ഷം സംവാദത്തിന് പോകണമെന്ന് പറയുന്നതില്‍ എന്താണ് അർഥം. ഞങ്ങള്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണ്. ഒരു പത്രസമ്മേളനമെങ്കിലും നടത്തി ചോദ്യങ്ങള്‍ക്കെങ്കിലും മറുപടി പറയാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.
സിവില്‍ സപ്ലൈസ് കോര്‍പറേഷനെ ദയാവധത്തിന് വിട്ടിരിക്കുകയാണ്. കോവിഡ് കാലത്ത് നല്‍കിയ കിറ്റിന്റെ പണം പോലും നല്‍കിയില്ല. പിന്നെ എങ്ങനെ പുതിയ കിറ്റ് നല്‍കും? സ്‌നേഹം കൊണ്ടല്ല, തെരഞ്ഞെടുപ്പായത് കൊണ്ടാണ് അന്ന് കിറ്റ് നല്‍കിയത്. 700 കോടിയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. അതുകൊണ്ടാണ് മാവേലി സ്‌റ്റോറുകളില്‍ ഇല്ല, ഇല്ല എന്നെഴുതി വെക്കുന്നത്. മന്ത്രി പറഞ്ഞതാണോ പ്രതിപക്ഷം പറഞ്ഞതാണോ ശരിയെന്ന് മാധ്യമങ്ങള്‍ തന്നെ തെളിയിച്ചതാണ്. ഇതേക്കുറിച്ചൊക്കെ ഞങ്ങള്‍ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് പുതുപ്പള്ളിയിലേക്ക് മന്ത്രിമാര്‍ പോലും വരാത്തതെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കരയില്‍ ക്യാപ്ടന്റെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും എത്ര ദിവസമാണ് ക്യാമ്പ് ചെയ്തത്. ഇപ്പോള്‍ ക്യാപ്ടന്‍ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റന്‍ പോലുമല്ല, ഗസ്റ്റ് പ്ലെയറായിട്ടാണ് പുതുപ്പള്ളിയിലേക്ക് വരുന്നത്. മന്ത്രിമാരെയൊന്നും ഇറക്കുന്നില്ലെന്ന് വാസവന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിമാരെ ഇറക്കിയാല്‍ മാധ്യമങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ജനങ്ങള്‍ അവരോട് ചോദിക്കും. ജനങ്ങളുമായി ഒരു അകലത്തില്‍ നില്‍ക്കുന്നതാണ് മന്ത്രിമാര്‍ക്ക് നല്ലത്. 'കെ റെയില്‍ വരും കേട്ടോ' എന്നാണ് ക്യാപ്റ്റന്‍ തൃക്കാക്കരയില്‍ പറഞ്ഞത്. കെറെയില്‍ സമരം 500 ദിവസം പിന്നിടുകയാണ്. സമരം നടക്കുന്ന വാകത്താനത്ത് ചെന്ന് കെ റെയില്‍ വരും കേട്ടോയെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോയെന്നും സതീശൻ ചോദിച്ചു.
സംസ്ഥാനത്തിന്റെ വികസനം എവിടെയെത്തി നില്‍ക്കുന്നെന്ന് മുഖ്യമന്ത്രി പറയട്ടെ. ആറ് അഴിമതി ആരോപണം ഉന്നയിച്ചിട്ടാണ് ഞങ്ങള്‍ മുഖ്യമന്ത്രിയെ വെല്ലുവളിച്ചത്. വാ തുറക്കാത്ത നേതാവിന്റെ അനുയായികള്‍ ഞങ്ങളെ സംവാദത്തിന് ക്ഷണിക്കുന്നതില്‍ അര്‍ത്ഥമില്ല. അല്ലെങ്കില്‍ തന്നെ അകാശവാണി വിജയന്‍ എന്നൊരു ചീത്തപ്പേര് മുഖ്യമന്ത്രിക്കുണ്ട്. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും പണം കവര്‍ന്നെടുത്തതിന് കുറിച്ചാണ് ആരോപണം. അല്ലാതെ സ്വന്തം വീടിന് വേലി കെട്ടുന്ന കാര്യത്തെ കുറിച്ചല്ല പ്രതിപക്ഷം പറഞ്ഞത്. പ്രതിപക്ഷം ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. അഴിമതിയുടെ എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്. എല്ലാ കമീഷനും ആ പെട്ടിയില്‍ വീഴും. ആ പെട്ടി വീട്ടില്‍ വച്ചിട്ട് മുഖ്യമന്ത്രി അതിന് മേല്‍ മിണ്ടാതിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.