അച്ചു ഉമ്മനെതിരായ സി.പി.എം സൈബര്‍ ഗുണ്ടകളുടെ ഹീനമായ അധിക്ഷേപം നേതാക്കളുടെ അറിവോടെയെന്ന് വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സി.പി.എം സൈബര്‍ ഗുണ്ടകളുടെ ഹീനമായ അധിക്ഷേപം നേതാക്കളുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ടന്റ് ക്രിയേഷനാണ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ ജോലി. അതിന്റെ ഭാഗമായി അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വളരെ മോശമായ അടിക്കുറിപ്പോടെ സി.പി.എം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അച്ചു ഉമ്മന്‍ ഒരു സര്‍വീസും ചെയ്യാതെ ആരുടെ കൈയില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ പേരും അവര്‍ ദുരുപയോഗം ചെയ്തിട്ടില്ല. കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന പെണ്‍കുട്ടിയെ പോലും വെറുതെ വിടുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ മകളെന്ന പരിഗണന പോലും കൊടുക്കാതെ സമൂഹമാധ്യമങ്ങളിലൂടെ സി.പി.എം നേതാക്കളുടെ അറിവോടെ കുടുംബത്തെ അധിക്ഷേപിക്കുകയാണ്.
വീണ വിജയനെതിരെ കോണ്‍ഗ്രസല്ല, ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡാണ് പരിശോധന നടത്തിയത്. അവരുടെ അപ്പീല്‍ പോലുമില്ലാത്ത വിധിയാണ് പുറത്ത് വന്നിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എവിടെയാണ് തട്ടിപ്പ് നടത്തിയത്? വീണയുടെ പേര് പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ മകളെ അധിക്ഷേപിക്കുകയാണ്. ഞങ്ങളാരും വീണ വിജയനെ അധിക്ഷേപിച്ചിട്ടില്ല. ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ ഇ.ഡിയും വിജിലന്‍സും കേസെടുക്കേണ്ടതാണ്. പക്ഷെ അവര്‍ അതിന് തയാറാകുന്നില്ല.
വനിതാ മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും അധിക്ഷേപിച്ചത് പോലെ സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ ഒരു പെണ്‍കുട്ടിയെ ഹീനമായ ഭാഷയിലാണ് അധിക്ഷേപിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് വൃത്തികേടും കാട്ടുമെന്ന അവസ്ഥയിലാണ് സി.പി.എം. പക്ഷെ ഒരു കാരണവശാലും അവര്‍ വിജയിക്കില്ല. ഇതെല്ലാം ഒരു തിരിച്ചടിയായി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വര്‍ധിക്കും.
പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യഘട്ടത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചു. തിരിച്ചടിയുണ്ടാകുമെന്ന് കണ്ടപ്പോള്‍ ഇനി ആരും ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിക്കില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. അതിന് ശേഷം ഇടുക്കിയില്‍ നിന്നും എം.എം മണിയെ ഇറക്കി ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും ആക്ഷേപിച്ചു. നിങ്ങള്‍ സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മനെ കുറിച്ച് പറഞ്ഞോളൂ. പക്ഷെ അദ്ദേഹത്തിന്റെ സഹോദരിമാരെ കുറിച്ച് വളരെ മോശമായ കാമ്പയിനാണ് നടത്തുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.