ജെയ്ക്കിനെ നാലാംകിട നേതാവെന്ന് വിളിച്ചിട്ടില്ല; തോമസ് ഐസക്കിന് മറുപടിയുമായി വി.ഡി. സതീശൻ
text_fieldsകോട്ടയം: എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനെ താൻ നാലാംകിട നേതാവെന്ന് വിളിച്ചെന്ന മുൻ മന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എപ്പോഴാണ് താൻ അങ്ങനെ പറഞ്ഞതെന്ന് തോമസ് ഐസക് തെളിയിക്കണം. താൻ പറഞ്ഞ വാക്കുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ചാനലിന് പിഴവ് പറ്റിയതാണ്. അവർ അത് തിരുത്തി ഖേദം പ്രകടിപ്പിച്ചു- സതീശൻ പറഞ്ഞു.
രാഷ്ട്രീയ മത്സരങ്ങളിൽ എതിരാളികൾ ബഹുമാനം അർഹിക്കുന്നവരാണ്. അതാണ് കോൺഗ്രസിന്റെ സമീപനവും പാരമ്പര്യവും. തെരഞ്ഞെടുപ്പ് രംഗത്ത് വസ്തുതാപരമായ ഏത് വിഷയവും തങ്ങൾ ഉന്നയിക്കും. വ്യക്തിഹത്യ ഒഴികെ. സി.പി.എമ്മിന് എന്നും ശീലമുള്ളത് വ്യക്തിഹത്യയാണ്. ജനാധിപത്യപരമായ സംവാദത്തിന് പ്രതിപക്ഷ നേതാവ് മടിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിക്കുകയാണ് താൻ ചെയ്തത്. ‘‘ഒരു പഴയ കാര്യം കൂടി ഓർമിപ്പിക്കാം. ലോട്ടറി സംവാദത്തിന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ അങ്ങ് വെല്ലുവിളിച്ചു. വി.ഡി. സതീശനെ അയക്കാം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. സതീശനാണെങ്കിൽ എന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ അയക്കാമെന്ന അങ്ങയുടെ മറുപടി ഇപ്പോഴും പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഒരു ജനപ്രതിനിധിയെ അങ്ങ് ആക്ഷേപിച്ചെന്നോ തൊട്ടുകൂടായ്മ കാട്ടിയെന്നോയുള്ള ആരോപണം അന്നും ഇന്നും എനിക്കില്ല. കാരണം പിന്നീട് എന്ത് നടന്നുവെന്നത് ചരിത്രമായി നമ്മുടെ മുന്നിലുണ്ട്’’ എന്നും വി.ഡി. സതീശൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ വിഷയമാകേണ്ട പുതുപ്പള്ളിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് സ്ഥാനാർഥിയെ ക്ഷണിക്കുമ്പോൾ ഇടതു സ്ഥാനാർഥിയായ ജെയ്ക്കിനെ നാലാംകിട നേതാവെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നായിരുന്നു തോമസ് ഐസക്കിന്‍റെ പോസ്റ്റ്. സ്ഥാനാർഥികൾ തമ്മിലുള്ള ആരോഗ്യകരമായ സംവാദങ്ങൾ അല്ലേ തെരഞ്ഞെടുപ്പിൽ നടക്കേണ്ടത്. അതിനിടയിൽ സതീശൻ ചാടിവീണ് യു.ഡി.എഫ് സ്ഥാനാർഥിയെ രക്ഷിച്ചു കൊണ്ടുപോകുന്നതിന്‍റെ കാരണമെന്താണ്? യു.ഡി.എഫ് സ്ഥാനാർഥിയുടെ സംവാദശേഷിയിലും വികസന കാഴ്ചപ്പാടിലുമുള്ള അദ്ദേഹത്തിന്‍റെ വിശ്വാസക്കുറവാണോ എന്നും തോമസ് ഐസക് ചോദിച്ചിരുന്നു.
എഫ്.ബി പോസ്റ്റിന്‍റെ പൂർണരൂപം
പ്രിയപ്പെട്ട ശ്രീ തോമസ് ഐസക്,
നാല് മണിക്കൂർ മുൻപ് അങ്ങ് ഫേസ്ബുക്കിൽ പറഞ്ഞത് കണ്ടു. ജയ്ക്ക് സി. തോമസിനെ ഞാൻ നാലാം കിട നേതാവെന്ന് വിളിച്ചതായാണ് അങ്ങയുടെ ആരോപണം. ഒരേ ഒരു ചോദ്യം എവിടെ വച്ച്, എപ്പോഴാണ് ഞാൻ അങ്ങനെ പറഞ്ഞത്? തോമസ് ഐസക് അത് തെളിയിക്കണം.
കാള പെറ്റെന്ന് കേൾക്കും മുൻപ് കയറെടുക്കുന്ന സി.പി.എം നേതാക്കളെ ഞാൻ കണ്ടിട്ടുണ്ട്. അങ്ങയെ ആ ഗണത്തിൽ കൂട്ടിയിരുന്നില്ല. ഡോക്ടറുടെ ഇന്നത്തെ പോസ്റ്റ് എനിക്ക് വീണ്ടുവിചാരം ഉണ്ടാക്കുന്നു.
രാഷ്ട്രീയ മത്സരങ്ങളിൽ എതിരാളികൾ ബഹുമാനം അർഹിക്കുന്നവരാണ്. അതാണ് കോൺഗ്രസിന്റെ സമീപനവും പാരമ്പര്യവും. തെരെഞ്ഞെടുപ്പ് രംഗത്ത് വസ്തുതാപരമായ ഏത് വിഷയവും ഞങ്ങൾ ഉന്നയിക്കും. ഒന്നൊഴികെ, വ്യക്തിഹത്യ. CPM ന് എന്നും ശീലമുളളത് വ്യക്തിഹത്യയാണ്. ഉമ്മൻ ചാണ്ടി അടക്കം നിരവധി ഉദാഹരണങ്ങൾ ഉണ്ടെങ്കിലും ഞാൻ എണ്ണി പറയുന്നില്ല.
ഞാൻ പറഞ്ഞത് എന്താണ്? ബഹുമാന്യനായ തോമസ് ഐസക് കേട്ടത് എന്താണ്? ഇനി മാതൃഭൂമി ന്യൂസിൽ ഞാൻ നൽകിയ അഭിമുഖമാണ് അങ്ങയുടെ പോസ്റ്റിന് ആധാരമെങ്കിൽ അത് കണ്ടിട്ട് വേണമായിരുന്നു പ്രതികരിക്കാൻ.
(ആരെങ്കിലും പറയുന്നത് കേട്ട് പ്രതികരിക്കുന്ന സ്വഭാവം അങ്ങേയ്ക്ക് ഇല്ലാത്തതാണ് , ഇപ്പോൾ എന്തെ ഇങ്ങനെ...)
ഞാൻ പറഞ്ഞത് വാക്കുകളിൽ റിപ്പോർട്ട് ചെയ്തപ്പോൾ മാതൃഭൂമിക്ക് പിഴവ് പറ്റി. അവർ അത് തിരുത്തി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ( വീഡിയോ ചുവടെ ചേർക്കുന്നു ). ഇത് കണ്ട ശേഷം പോസ്റ്റ് പിൻവലിക്കണമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഇനിയെങ്കിലും പ്രതികരിക്കുമ്പോൾ കുറച്ച് കൂടി ശ്രദ്ധിക്കണമെന്ന് ആദരവോടെ അഭ്യർഥിക്കുന്നു.
ജനാധിപത്യപരമായ സംവാദത്തിന് പ്രതിപക്ഷ നേതാവ് മടിക്കുന്നുവെന്നാണ് അങ്ങയുടെ ഒടുവിലത്തെ ആരോപണം. ചിരിക്കാതെ എന്ത് ചെയ്യും?
അങ്ങയുടെ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് ക്ഷണിക്കുകയാണ് ഞാൻ ചെയ്തത്. ജനാധിപത്യ മൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകുമെന്ന അങ്ങയുടെ പരാമർശം കണ്ടു. ഇക്കാര്യം താങ്കളുടെ പാർട്ടിയുടെ പി.ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനോടാണ് പറയേണ്ടതെന്ന് വിനയപുരസരം പറഞ്ഞുകൊള്ളട്ടെ.
ഒരു പഴയ കാര്യം കൂടി ഓർമ്മിപ്പിക്കാം. ലോട്ടറി സംവാദത്തിന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ അങ്ങ് വെല്ലുവിളിച്ചു. വി.ഡി. സതീശനെ അയക്കാം എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി. സതീശനാണെങ്കിൽ എന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയെ അയക്കാമെന്ന അങ്ങയുടെ മറുപടി ഇപ്പോഴും പൊതു സമൂഹത്തിന് മുന്നിലുണ്ട്. (ഒരു ജനപ്രതിനിധിയെ അങ്ങ് ആക്ഷേപിച്ചെന്നോ തൊട്ടുകൂടായ്മ കാട്ടിയെന്നോയുള്ള ആരോപണം അന്നും ഇന്നും എനിക്കില്ല. കാരണം പിന്നീട് എന്ത് നടന്നുവെന്നത് ചരിത്രമായി നമ്മുടെ മുന്നിലുണ്ട്.)
അങ്ങ് അവസാനം പറഞ്ഞ കാര്യത്തോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു. "ജനാധിപത്യത്തിൽ ജനമാണ് യജമാനർ. അവർ എല്ലാം കാണുന്നുണ്ട് " ശരിയാണ് അവർ എല്ലാം കാണുന്നുണ്ട്. അവർ എല്ലാം കാണുന്നത് കൊണ്ടാണ് തൃക്കാരയിൽ പ്രതികരിച്ചത്, തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിൽ പ്രതികരിച്ചത്, മട്ടന്നൂർ നഗരസഭയിൽ തോൽവിയോളം പോന്ന ജയം അങ്ങയുടെ പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടിയും വന്നത്.
ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ആരായാലും, പറഞ്ഞത് എന്താണെന്ന് പൂർണ്ണമായും കേൾക്കുകയും മനസിലാകുകയും ചെയ്ത ശേഷം ഇനിയുള്ള അവസരങ്ങളിൽ അങ്ങ് പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങയുടെ ശൈലിക്ക് യോജിക്കുന്നതും അതാണ്. താങ്കളുടെ സമീപനത്തെ എന്നും ബഹുമാനത്തോടെ കണ്ടിരുന്ന ഒരു സഹപ്രവർത്തകന്റെ നിർദ്ദേശമായി മാത്രം കരുതുക.
സ്നേഹത്തോടെ
വി.ഡി സതീശൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.