ശാന്തന്‍പാറയിലെ സി.പി.എമ്മിന്റെ അനധികൃത നിർമാണം ഇടിച്ചുനിരത്തണമെന്ന് വി.ഡി സതീശൻ
text_fieldsകോട്ടയം: മാത്യു കുഴല്‍നാടന്‍റെ വീട്ടില്‍ സര്‍വേ നടത്തുന്നവര്‍ ഇടുക്കി ശാന്തപാറയില്‍ സി.പി.എം നിര്‍മ്മിക്കുന്ന ജില്ല കമ്മിറ്റി ഓഫീസ് നിര്‍മാണം പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭൂപതിവ് ചട്ടം ലംഘിച്ച് കെട്ടിടം പണിയാന്‍ പാടില്ലെന്ന 22-08-2019ലെ ഉത്തരവും സി.എച്ച്.ആറില്‍ കെട്ടിടം പണിയാന്‍ പാടില്ലെന്ന 19-11-2011ലെ ഉത്തരവും ലംഘിച്ചാണ് സി.പി.എം ജില്ല കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്‍റെ നിര്‍മാണം നടക്കുന്നതെന്നും സതീശൻ വ്യക്തമാക്കി.
സി.പി.എം ജില്ല സെക്രട്ടറി സി.വി വര്‍ഗീസിന് രണ്ട് തവണ വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും കെട്ടിടം പണി തുടരുകയാണ്. സി.എച്ച്.ആര്‍ പരിധിയിലുള്ള ദേവികുളത്തെ എട്ട് വില്ലേജുകളില്‍ കെട്ടിടം പണിയണമെങ്കില്‍ റവന്യൂ വകുപ്പിന്‍റെ എന്‍.ഒ.സി വേണം. എന്നാല്‍ എന്‍.ഒ.സി ഇല്ലാതെയാണ് സി.പി.എം കെട്ടിടം നിര്‍മ്മിക്കുന്നത്.
നിമയവിരുദ്ധമായി മൂന്ന് സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച് പണിയുന്ന കെട്ടിടം ഇടിച്ച് നിരത്തി നിയമനടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പ് തയാറാകണം. അതിന് തയാറായില്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വി.ഡി സതീശൻ പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിച്ചതുകൊണ്ടാണ് ഇപ്പോള്‍ മാത്യു കുഴല്‍നാടന്റെ ഭൂമി അളക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കും. സര്‍ക്കാരിന്റെ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം നേതാക്കളും പറഞ്ഞിട്ടുണ്ട്. ഇടക്കിടെ മാറ്റിപ്പറയുമെങ്കിലും അവര്‍ പറഞ്ഞിട്ടുണ്ടല്ലോ. ബി.ജെ.പിയുടെ ഗൗരവതരമായ സാന്നിധ്യം പുതുപ്പള്ളിയിലില്ല.
വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത് പൊലീസിനെ അറിയിച്ച പ്രിന്‍സിപ്പലിന്റെ കസേരക്ക് പിന്നില്‍ എസ്.എഫ്.ഐ വാഴ വച്ചു. മഹാരാജാസിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു. പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലിന് ശവമഞ്ചമൊരുക്കി. എന്നോടും സുധാകരനോടും മാത്യു കുഴല്‍നാടനോടും കേസെടുത്താണ് വൈരാഗ്യം തീര്‍ത്തതെങ്കില്‍ വ്യജ സര്‍ട്ടിഫിക്കറ്റ് പിടികൂടിയ പ്രിന്‍സിപ്പലിനോടുള്ള പ്രതികാരം എസ്.എഫ്.ഐക്കാരെ കൊണ്ട് തീര്‍ത്തത് കസേരയില്‍ വാഴവച്ചാണ്. നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് വാഴ വയ്‌ക്കേണ്ട ഒരു സ്ഥലമുണ്ട്. ആ സ്ഥലം ഏതാണെന്ന് ഞാന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.