'അന്ന് പെണ്ണുങ്ങളൊന്നും പ്രചാരണത്തിനിറങ്ങാറില്ല'
text_fieldsശ്രീകണ്ഠപുരം: 'ഇരിക്കൂറിലും തളിപ്പറമ്പിലും ആദ്യായിട്ട് ജയിച്ച കോൺഗ്രസുകാരൻ ഇവരായിരുന്നു. തളിപ്പറമ്പിൽ ഇതുവരെയും മറ്റൊരു കോൺഗ്രസുകാരനും ജയിച്ചിട്ടില്ല...' ഇതു കോൺഗ്രസ് നേതാവും ഇരിക്കൂർ, തളിപ്പറമ്പ് നിയോജകമണ്ഡലം എം.എൽ.എയുമായിരുന്ന സി.പി. ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യ പി.വി. യശോദാമ്മയുടെ വാക്കുകൾ.
85ാം വയസ്സിലും പഴയ തെരഞ്ഞെടുപ്പ് ഓർമകൾ കടലിരമ്പത്തോടെ പങ്കുവെക്കുകയാണിവർ. വർഷങ്ങൾക്കപ്പുറമുള്ള തെരഞ്ഞെടുപ്പ് കാര്യങ്ങൾ പറയുമ്പോൾ പുതുതലമുറക്കും അറിയാനേറെയുണ്ട്. 1970ലാണ് തളിപ്പറമ്പിൽ സ്ഥാനാർഥിയായത്. 909 വോട്ടുകൾക്ക് രാഘവ പൊതുവാളിനെ പരാജയപ്പെടുത്തി. അതു മറ്റൊരു ചരിത്രം. തളിപ്പറമ്പിൽ പിന്നെ ഇതുവരെയും ഒരു കോൺഗ്രസുകാരൻ ജയിച്ചിട്ടില്ല.
'77ൽ ഇരിക്കൂറിൽനിന്നു. അവിടെ എട്ടായിരത്തോളം വോട്ടുകൾക്കാണ് ജയിച്ചത്. ഇരിക്കൂറിൽ പിന്നെ കടന്നപ്പള്ളിയും കെ.സി. ജോസഫും മാത്രമല്ലേ ജയിച്ചിട്ടുള്ളു യശോദാമ്മ പറഞ്ഞു. എം.എൽ.എയായ സമയത്ത് എപ്പോഴും പാറക്കാടിയിലെ വീട്ടിൽ ആളുകളുണ്ടാവും. മറ്റു നേതാക്കന്മാരും വരാറുണ്ട്.
ഒാരോ ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നിറങ്ങിയാൽ രാത്രിയേ അദ്ദേഹം തിരിച്ചെത്താറുള്ളൂ. അന്ന് വീട്ടിലേക്ക് റോഡുണ്ടായിരുന്നില്ല. ചില ദിവസങ്ങളിൽ രാത്രി ഞാൻ ടോർച്ച് എടുത്ത് റോഡുവരെ പോയാണ് അദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടി വന്നിരുന്നത്. പിന്നെ റോഡൊക്കെ ഉണ്ടായി. നാട്ടുകാരുടെ ഒാരോ ആവശ്യങ്ങൾക്കായി എപ്പോഴും ജീപ്പിൽ ഒാരോ ഓഫിസുകളിലേക്കു പോകും. എവിടെ പോയാലും കൂടെയുള്ളവർക്കുള്ള ഭക്ഷണമെല്ലാം ഇവരുടെ വകയായിരുന്നു.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ ആളുകളുടെ എണ്ണം കൂടും. ഞാൻ വോട്ടുപിടിക്കാനൊന്നും പോയിട്ടില്ല. അന്ന് ഇന്നത്തെ പോലെ പെണ്ണുങ്ങളൊന്നും പ്രചാരണത്തിന് ഇറങ്ങാറില്ലല്ലോ... പക്ഷേ, എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാൻ ഒറ്റക്ക് തന്നെയാണ് വോട്ട് ചെയ്യാറുള്ളത്.
ഓപൺ വോട്ടൊന്നും ഇതുവരെ ചെയ്യേണ്ടി വന്നിട്ടില്ല. ഇപ്രാവശ്യവും വോട്ട് ചെയ്യണം. ഇത്തവണ ഇരിക്കൂറിൽ കെ.സി നിൽക്കുന്നില്ലെന്ന് പത്രത്തിൽ കണ്ടു. പുതിയ ആൾ വരട്ടെ -യശോദാമ്മ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷമായി ചുഴലി ചാലിൽവയലിൽ മകൾ പി.വി. ജ്യോതിയോടൊപ്പമാണ് യശോദാമ്മ താമസിക്കുന്നത്.
പ്രായത്തിെൻറ അവശതകളുണ്ടെങ്കിലും ഭർത്താവിെൻറ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ കഥകളെല്ലാം ഇന്നും മായാതെ യശോദാമ്മയുടെ മനസ്സിലുണ്ട്.
സി.പി. ഗോവിന്ദൻ നമ്പ്യാർ
ഇരിക്കൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസിെൻറ ജൈത്ര യാത്ര തുടങ്ങുന്നത് സി.പി. ഗോവിന്ദൻ നമ്പ്യാരിലൂടെയാണ്. എ. കുഞ്ഞിക്കണ്ണനും ഇ.കെ. നായനാരും വിജയിച്ചു ചുവന്ന ഇരിക്കൂർ 1977ൽ സി.പി. ഗോവിന്ദൻ നമ്പ്യാരിലൂടെ വലതു ചാഞ്ഞു.
ഇന്നും മലബാറിലെ യു.ഡി.എഫിെൻറ ഉരുക്കുകോട്ടയായി ഇരിക്കൂറിനെ മാറ്റിയതിൽ ഗോവിന്ദൻ നമ്പ്യാരുടെ പങ്ക് നിർണായകമാണ്.1922 ജൂൺ 22ന് കൊയ്യം, പാറക്കാടിയിലാണ് ജനിച്ചത്. കെ.പി.സി.സി അംഗം, നിയമസഭ ചീഫ് വിപ്പ്, ലാൻഡ് മോർട്ട്ഗേജ് ബാങ്ക് പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ആർമിയിൽ എജുക്കേഷനൽ ഇൻസ്ട്രക്ട്രറായിരുന്നു.
1970ൽ തളിപ്പറമ്പ് മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എയായിരുന്ന രാഘവപൊതുവാളിനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.1977ൽ ഇരിക്കൂർ മണ്ഡലത്തിൽനിന്നും വിജയിച്ചു.
കേരള കോൺഗ്രസിലെ സെബാസ്റ്റ്യൻ വെട്ടത്തിനെയായിരുന്നു പരാജയപ്പെടുത്തിയത്. 1983 ജൂൈല 21ന് അന്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.