റാന്നിയിൽ ഇടതിനോട് ഇടയാതെ എൻ.എസ്.എസ്; എൻ.ഡി.എയുടെ അടിയുറച്ച വോട്ടുകളും ഇത്തവണ ഇടത് പെട്ടിയിൽ
text_fieldsവടശ്ശേരിക്കര: റാന്നി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് മാണി കോൺഗ്രസുകാരനായ നായർ സമുദായ അംഗമായതോെട ഇടതു വിരോധം മാറ്റിവെച്ച് നായർ സർവിസ് സൊസൈറ്റി. എൻ.ഡി.എയുടെ അടിയുറച്ച എൻ.എസ്.എസ് വോട്ടുകളും ഇത്തവണ പ്രമോദ് നാരായണെൻറ പെട്ടിയിൽ വീഴുമെന്നാണ് സൂചന.
പ്രമോദ് നാ രായണന് വോട്ട് ചെയ്യാൻ എൻ.എസ്.എസ് ആസ്ഥാനത്തുനിന്ന് അറിയിപ്പുണ്ടായതായാണ് മണ്ഡലത്തിൽ വ്യാപക പ്രചാരണം നടക്കുന്നത്.
ഇതനുസരിച്ചു അയിരൂർ, കൊറ്റനാട്, എഴുമറ്റൂർ തുടങ്ങിയ എൻ.എസ്.എസിന് മേൽൈക്കയുള്ള പഞ്ചായത്തുകളിൽ പ്രമോദ് നാരായണനുവേണ്ടി എൽ.ഡി.എഫ് പ്രവർത്തകർ സമുദായം പറഞ്ഞു വോട്ട് അഭ്യർഥിക്കുന്നതായി ആരോപണമുണ്ട്.
കാൽ നൂറ്റാണ്ട് സി.പി.എം കോട്ടയായി നിലനിർത്തിയ റാന്നി സീറ്റ് കോഴപാർട്ടിയെന്ന് ആക്ഷേപിച്ചിരുന്ന മാണി കോൺഗ്രസിന് വിട്ടുകൊടുത്തത്തിലെ അതൃപ്തി മറികടക്കാനാണ് പുതിയ തന്ത്രങ്ങൾ. ഇതനുസരിച്ചു ഞായറാഴ്ച മണ്ഡലത്തിലെ എല്ലാ കരയോഗങ്ങളിലും കമ്മിറ്റി വിളിച്ചതായും പ്രചാരണമുണ്ട്.
ശബരിമല ഉൾപ്പെടുന്ന റാന്നി മണ്ഡലത്തിൽ ബി.ജെ.പി സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നായിരുന്നു സംഘ്പരിവാർ പ്രവർത്തകരുടെയും എൻ.ഡി.എയുടെയും ആവശ്യവും പ്രതീക്ഷയും. അവസാനനിമിഷം ബി.ഡി.ജെ.എസിനു റാന്നി സീറ്റ് നൽകുകയായിരുന്നു.
കഴിഞ്ഞ തവണ മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാർഥിയെ പിന്നീട് റാന്നിയിൽ സംഘടന രംഗത്ത് കണ്ടിട്ടില്ലെന്ന ആക്ഷേപമാണ് ബി.ജെ.പി പ്രവർത്തകർക്കുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ പ്രവർത്തനരംഗത്തും റാന്നിയിൽ എൻ.ഡി.എ ഏറെ പിന്നിലാണ്. ഈ അവസരം മുതലാക്കി ബി.ജെ.പിക്ക് ഉറപ്പായി വീഴുന്ന എൻ.എസ്.എസ് വോട്ടുകൾ കേരള കോൺഗ്രസ് ആണെങ്കിലും സമുദായ സ്ഥാനാർഥിക്ക് വീഴ്ത്താമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.എസ്.എസ് സംസ്ഥാനതലത്തിലെടുത്ത നിലപാടിന് വിരുദ്ധമായി റാന്നിക്ക് മാത്രമായൊരു നിർദേശം ഉണ്ടാകില്ലെന്നാണ് മുതിർന്ന എൻ.എസ്.എസ് പ്രവർത്തകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.