ശിവകാശി പോസ്റ്ററും പാരഡിഗാനവും സ്പോൺസേഡ് ബൈ വക്കം
text_fieldsതിരുവനന്തപുരം: വാദിക്കാൻ കൈ നിറയെ കേസും പോക്കറ്റിൽ നിറയെ കാശും ഉള്ളപ്പോൾ അച്ഛെൻറ നിർബന്ധപ്രകാരം ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങേണ്ടിവന്ന കഥയാണ് മുൻ മന്ത്രിയും എം.പിയും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന് പറയാനുള്ളത്. അതും ആർ. ശങ്കർ പോലും പരാജയപ്പെട്ട ആറ്റിങ്ങൽ മണ്ഡലത്തിൽ. 1967ൽ സി.പി.എമ്മിെൻറ കെ.പി.കെ. ദാസിനോട് 5045 വോട്ടിന് തോറ്റു. പക്ഷേ, പരാജയവുമായി വീട്ടിലേക്ക് പോകാൻ വക്കം തയാറായില്ല. വക്കീൽകോട്ട് ഊരിവെച്ച് ജനങ്ങളുടെ ഇടയിലേക്കിറങ്ങി. രണ്ടുവർഷത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വീണ്ടും ആറ്റിങ്ങലിൽ നിന്ന് മത്സരിച്ചെങ്കിലും തോൽവി തന്നെ. വക്കം വിട്ടില്ല, ജനങ്ങൾക്കൊപ്പം നിന്നു. 1970ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിെൻറ കാട്ടായിക്കോണം വി. ശ്രീധറെ 11,531 വോട്ടിന് അട്ടിമറിച്ച് ആറ്റിങ്ങലിൽ നിന്നുതന്നെ 'വക്കീലുകുട്ടി' ആദ്യമായി നിയമസഭയിലെത്തി.
'' ആർ. ശങ്കറിന് പാർലമെൻറിലേക്ക് മത്സരിക്കാൻ ആഗ്രഹമുള്ളതുകൊണ്ടാണ് ആറ്റിങ്ങലിൽ എന്നെ പരിഗണിച്ചത്. ഞാനാണെങ്കിൽ വക്കീലായി പേരെടുത്ത് വരുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷേ, കോൺഗ്രസുകാർ നോക്കിയപ്പോൾ സമൂഹത്തിൽ എനിക്ക് നല്ല പേരുണ്ട്, ചെലവഴിക്കാൻ കൈയിൽ കാശുമുണ്ട്. ആർ. ശങ്കർ ആവശ്യവുമായി അച്ഛനെ സമീപിച്ചു. അച്ഛൻ ഭാനു പണിക്കർ ശങ്കറിെൻറ വലിയ ആരാധകനായിരുന്നു. അങ്ങനെ അച്ഛെൻറ നിർബന്ധത്തിന് വഴങ്ങിയാണ് 67ൽ കന്നിയങ്കത്തിന് ആറ്റിങ്ങലിൽ ഇറങ്ങിയത്. '' കുമാരപുരത്തെ പൊതുജനം ലെയിനിലെ വീട്ടിലിരുന്ന് 92ാം വയസ്സിൽ വക്കം കുലുങ്ങിചിരിക്കുന്നു.
''ഇന്നുള്ള കോൺഗ്രസുകാരെ പോലെയായിരുന്നില്ല അന്നത്തെ പ്രവർത്തകർ. തോറ്റുപോയ എന്നെ അവർ വിട്ടില്ല. അവരുടെ ആവേശം എനിക്ക് ആത്മവിശ്വാസമായി.''-വക്കം പറയുന്നു.
പിന്നീട്, 77, 80, 82, 2001 തെരഞ്ഞെടുപ്പുകളിലും ആറ്റിങ്ങലുകാർ വക്കത്തെ നിയമസഭയിലയച്ചു. ഇതിനിടെ പാർലമെൻറിലേക്കും പോയി. അന്തമാൻ-നികോബാർ ദ്വീപിലെ ലഫ്റ്റനൻറ് ഗവർണറുമായി. കേരളത്തിൽ ആദ്യമായി ശിവകാശി കളർ പോസ്റ്റർ ഇറക്കി വോട്ടർമാരെ അമ്പരപ്പിച്ചതിനും പാരഡിഗാനങ്ങളുടെ സാധ്യത സ്ഥാനാർഥികൾക്ക് പരിചയപ്പെടുത്തിയതിനു പിന്നിലും ഈ വക്കീൽ ബുദ്ധിയുണ്ട്. 67ൽ ഒരു തിയറ്റർ ഏറ്റെടുത്ത് നടത്തിയിരുന്നു. അക്കാലത്താണ് എം.ജി.ആറിെൻറയൊക്കെ കളർ പോസ്റ്റർ ശ്രദ്ധയിൽപെടുന്നത്. ശിവകാശിയിൽനിന്നാണ് ഇത്തരം പോസ്റ്ററുകൾ അടിക്കുന്നതെന്ന് മനസ്സിലാക്കി. പിന്നീട്, ശിവകാശിയിൽനിന്ന് എെൻറ പടം െവച്ച് പോസ്റ്റർ അടിച്ച് തിരുവനന്തപുരത്തിറക്കുകയായിരുന്നു. 82ലാണ് പാരഡിഗാനങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.