ഷൊർണൂരിൽ ഹാട്രിക്കടിക്കാൻ സി.പി.എം; തറപറ്റിക്കുമെന്ന് കോൺഗ്രസും ബി.ജെ.പിയും
text_fieldsഷൊർണൂർ: പരിചയസമ്പത്തും യുവത്വവും തമ്മിലുള്ള തീപാറും പോരാട്ടത്തിനാണ് ഷൊർണൂർ സാക്ഷ്യം വഹിക്കുന്നത്. തെരഞ്ഞെടുപ്പിെൻറ ആഴവും പരപ്പും അനുഭവസമ്പത്തിനാൽ അറിഞ്ഞ പി. മമ്മിക്കുട്ടിക്ക് ഇത് നിയമസഭയിലേക്കുള്ള രണ്ടാം മത്സരമാണ്. യു.ഡി.എഫിലും ബി.െജ.പിയിലും ഇത്തവണ പുതുമുഖങ്ങളാണ് സ്ഥാനാർഥി. തദ്ദേശവാസിയായ യുവത്വം വേണമെന്ന ആവശ്യം പരിഗണിച്ചാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബുവിന് കോൺഗ്രസ് അവസരം നൽകിയത്.
സന്ദീപ് ജി. വാര്യരാണ് ബി.ജെ.പി സ്ഥാനാർഥി. 2008ലെ പുനർ നിർണയത്തോടെയാണ് ഷൊർണൂർ മണ്ഡലം നിലവിൽ വരുന്നത്. 2011ലെ ആദ്യ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത് സി.പി.എം പ്രതിനിധികളായിരുന്നു.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകണക്കുകൾ പ്രകാരം എൽ.ഡി.എഫിനും ബി.ജെ.പിക്കും ആശ്വാസം നൽകുന്ന മണ്ഡലം കൂടിയാണ് ഷൊർണൂർ. 2014ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷൊർണൂരിൽ നിന്ന് 25379 വോട്ടുകളുടെ ഭൂരിപക്ഷമാണ് എം.ബി. രാജേഷിന് ലഭിച്ചത്. 2019ൽ പാലക്കാട് മണ്ഡലം രാജേഷിനെ കൈയൊഴിഞ്ഞപ്പോഴും ഷൊർണൂരിൽ നിന്ന് 11092 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച നേട്ടമുണ്ടാക്കാൻ മണ്ഡലത്തിലെ വാർഡുകളിൽ എൽ.ഡി.എഫിന് സാധിച്ചു. ഷൊർണൂർ, വാണിയംകുളം ഉൾപ്പെടെ മേഖലകളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും പ്രകടനം മെച്ചപ്പെടുത്താനായിരുന്നു.
സിറ്റിങ് എം.എൽ.എയായ പി.കെ. ശശിക്ക് രണ്ടാമതൊരവസരത്തിന് പകരം സി.പി.എം ഇക്കുറി മണ്ഡലത്തിലിറക്കിയ മമ്മിക്കുട്ടി പാർട്ടി നൽകിയ ഉത്തരവാദിത്തം മികച്ചതാക്കുമെന്ന പ്രതീക്ഷ പങ്കിടുന്നു. പിണറായി സർക്കാറിെൻറ ജനക്ഷേമ-വികസന പ്രവർത്തനങ്ങൾ പ്രചാരണായുധമാക്കി മുന്നോട്ട് പോകുന്ന മമ്മിക്കുട്ടി മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയും ചെങ്കൊടി പാറിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. കോൺഗ്രസ് സ്ഥാനാർഥിയായി പട്ടാമ്പിയിലും ഫിറോസിെൻറ പേര് സജീവമായിരുന്നെങ്കിലും ഒടുവിൽ ഷൊർണൂരിൽ തന്നെ സ്ഥാനാർഥിത്വം നൽകുേമ്പാൾ അട്ടിമറി വിജയം തന്നെയാണ് പാർട്ടി ലക്ഷ്യമാക്കുന്നത്.
മണ്ഡലത്തില്‍ കാര്യമായ വികസനമില്ലെന്ന് ആരോപണമാണ് യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് മത്സരിച്ച ഷൊർണൂർ സീറ്റ് ഇത്തവണ തിരിച്ചെടുത്ത ബി.ജെ.പി, യുവമോർച്ചയിലെ ശക്തനായ നേതാവിനെ തന്നെയാണ് മത്സരരംഗത്തേക്ക് എത്തിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിനെ കടന്നാക്രമിച്ചും കേന്ദ്ര സർക്കാറിെൻറ വികസന പ്രവർത്തനങ്ങൾ എടുത്തുകാട്ടിയുമാണ് സന്ദീപിെൻറ പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.