ഗ്രാമവീഥികൾ ഇളക്കിമറിച്ച് ഗോവിന്ദൻ മാസ്റ്റർ; ആവേശമായി റഷീദ്
text_fieldsതളിപ്പറമ്പ്: ഗ്രാമവീഥികള്‍ ഇളക്കി മറിച്ച് നാടിെൻറ സ്നേഹ വായ്പുകളേറ്റുവാങ്ങിയാണ് തളിപ്പറമ്പ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ രണ്ടാംഘട്ട പൊതുപര്യടനം പൂര്‍ത്തിയാക്കിയത്.
പര്യടനത്തിെൻറ അവസാന ദിവസം തളിപ്പറമ്പ് നഗരസഭ, പരിയാരം, കുറുമാത്തൂര്‍ പഞ്ചായത്തുകളിലാണ് വോട്ടഭ്യർഥനയുമായി അദ്ദേഹമെത്തിയത്. സ്ഥാനാര്‍ഥിയെ കാണാനും വരവേല്‍ക്കാനുമായി പ്രായമായവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയത്. കണിക്കൊന്നയും പുഷ്പഹാരങ്ങളും റോസാപ്പൂക്കളും ചിഹ്നം പതിച്ച ബലൂണുകളും, മുത്തുക്കുടകളും ചെണ്ടവാദ്യങ്ങളുമായി പ്രിയ സ്ഥാനാര്‍ഥിയെ കാത്തുനില്ക്കുകയായിരുന്നു നാട്ടുകാർ.
വെടിക്കെട്ടും ബാൻഡുവാദ്യവും മുദ്രാവാക്യങ്ങളും മുഴക്കിയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ഥിയെ എതിരേറ്റത്. ദേശീയപാത വികസനത്തിെൻറ ഭാഗമായി സ്ഥലം വിട്ടുനല്‍കുന്നതിനെതിരെ ഏറെ വിവാദമായ കീഴാറ്റൂരില്നിന്നാണ് രണ്ടാംഘട്ട പര്യടനത്തിെൻറ അവസാനദിവസം പര്യടനം തുടങ്ങിയത്.
തുടര്‍ന്ന് പുളിമ്പറമ്പ്, കുപ്പം കടവ്, വെള്ളാവ്, കല്ലിക്കടവ്, കാഞ്ഞിരങ്ങാട്, കാലിക്കടവ് പാലം, പൂമംഗലം, ചവനപ്പുഴ കൃഷ്ണപിള്ള വായനശാല, പൊക്കുണ്ട്, കുറുമാത്തൂര്‍ ഹൈസ്കൂള്‍, ബാവുപ്പറമ്പ്, തൃച്ചംബരം, മൊട്ടമ്മല്‍, കൂവോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ ജയിംസ് മാത്യു എം.എല്‍.എ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് വേലിക്കാത്ത് രാഘവന്, പി. മുകുന്ദന് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കടുത്ത ചൂടിലും ആവേശം ഒട്ടും ചോരാത്തതായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.പി. അബ്ദുൽ റഷീദിെൻറ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പര്യടനം. കുറ്റ്യാട്ടൂരിലെ വിവിധകേന്ദ്രങ്ങളിൽ യുവാക്കളും സ്ത്രീകളുമുൾപ്പെടെയുള്ള ജനക്കൂട്ടം വലിയ ആവേശത്തോടെയാണ് സ്ഥാനാർഥിയെ വരവേറ്റത്.
മാണിയൂർ വില്ലേജ് മുക്കിലെ സലഫി ബി.എഡ് കോളജിലെത്തി വിദ്യാർഥികളുമായി സംവദിച്ചു. വികസന നായകൻ എന്ന് പറഞ്ഞ് പത്ത് വർഷം ഇവിടെ എം.എൽ.എ ആയിരുന്ന അയാൾ നടത്തിയ ഏതെങ്കിലും ഒരു വികസനം ചൂണ്ടിക്കാണിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം ഓരോ കേന്ദ്രങ്ങളിലും ഓർമിപ്പിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പള്ളിയത്ത് നിന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. എട്ടേയാറിൽ യു.ഡി.എഫ് സ്ഥാനാർഥിയെ ആനയിച്ചുള്ള പ്രകടനവും നടന്നു.
വൻ ജനക്കൂട്ടമാണ് പ്രകടനത്തിന് അണിനിരന്നത്. തുടർന്ന് കുണ്ടില കണ്ടി, അറബിക് കോളജ്, ചെക്കിക്കുളം, തണ്ടപ്പുറം, തരിയേരി, ചുണ്ടയിൽ, കോമക്കരി, ഇന്ദിരാ നഗർ, ചട്ടുകപ്പാറ, ചെറുവത്തല മൊട്ട, പഴശ്ശി പള്ളി, പാവന്നൂർ മൊട്ട, പാവന്നൂർ കടവ്, കാരാറമ്പ്, പള്ളിമുക്ക്, വെള്ളവയൽ എന്നിവിടങ്ങളിലും പ്രചാരണം നടത്തി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം രാത്രിയോടെ വടുവൻ കുളത്ത് സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.