തലശ്ശേരിയിൽ കണക്കുകൂട്ടലുകൾക്ക് അവസാനമില്ല
text_fieldsതലശ്ശേരി: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തലശ്ശേരിയിൽ മുന്നണികളുടെ കണക്കുകൂട്ടൽ തുടരുകയാണ്. മത്സരത്തിൽനിന്ന് എൻ.ഡി.എ കളമൊഴിഞ്ഞതോടെ തങ്ങളുടെ വോട്ടു വർധിപ്പിക്കാൻ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ് എൽ.ഡി.എഫ്, യു.ഡി.എഫ് പാളയങ്ങൾ.
കഴിഞ്ഞകാലങ്ങളിൽ എൻ.ഡി.എക്ക് ലഭിച്ച വോട്ടുകൾ ഇനി ആർക്ക് ലഭിക്കുമെന്നതാണ് മണ്ഡലത്തിലുയരുന്ന ചോദ്യം. സ്ഥാനാർഥി ഇല്ലാത്തതിനാൽ ആർക്ക് വോട്ട് ചെയ്യുമെന്ന കാര്യത്തിൽ ബി.ജെ.പി നേതൃത്വം ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. 25,000ത്തിന് മുകളിൽ വോട്ട് മണ്ഡലത്തിൽ എൻ.ഡി.എക്കുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 20,249 വോട്ട് നേടിയ എൻ.ഡി.എക്ക് തലശ്ശേരി നഗരസഭയിൽ എട്ട് കൗൺസിലർമാരുണ്ട്. കഴിഞ്ഞ നഗരസഭ കൗൺസിലിെൻറ കാലാവധി കഴിയുമ്പോൾ അഞ്ച് കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച വാർഡുകളുടെ എണ്ണം വർധിപ്പിച്ചതിനൊപ്പം നഗരസഭയിലെ ചില വാർഡുകളിൽ എൻ.ഡി.എ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ബി.ജെ.പി ദേശീയ പ്രസിഡൻറിെൻറ ഒപ്പില്ലെന്ന കാരണത്താൽ എൻ.ഡി.എ സ്ഥാനാർഥിയും ബി.ജെ.പി ജില്ല പ്രസിഡൻറുമായ എൻ. ഹരിദാസിെൻറ നാമനിർദേശ പത്രിക അവസാനനിമിഷം തള്ളിയതോടെയാണ് മലബാറിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി തലശ്ശേരി മാറിയത്. എൽ.ഡി.എഫ് സ്ഥാനാർഥി എ.എൻ. ഷംസീർ ഭരണ തുടർച്ചക്കും തലശ്ശേരിയുടെ വികസനത്തിനും വേണ്ടിയാണ് വോട്ടഭ്യർഥിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രചാരണം. അരനൂറ്റാണ്ടത്തെ വികസന പിന്നാക്കാവസ്ഥക്ക് പരിഹാരം കാണുമെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി അരവിന്ദാക്ഷെൻറ വാഗ്ദാനം. തലശ്ശേരി നഗരസഭയും എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള കതിരൂർ, പന്ന്യന്നൂർ, ചൊക്ലി, എരഞ്ഞോളി, ന്യൂമാഹി എന്നീ അഞ്ചു പഞ്ചായത്തുകളുമുൾപ്പെടുന്നതാണ് തലശ്ശേരി മണ്ഡലം. ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയായ തലശ്ശേരിയിൽ ഇത്തവണ ഭൂരിപക്ഷം എത്രയുണ്ടാവുമെന്നാണ് എല്ലാവരും കണക്കുകൂട്ടുന്നത്.
ബി.ജെ.പി സ്ഥാനാർഥി ഇല്ലാത്ത മത്സരമായതുകൊണ്ടു തന്നെ മത്സരത്തിന് വീറും വാശിയും കൂടും. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തിൽ ഷംസീറിന് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കിട്ടുമോ എന്ന കാര്യത്തിൽ പാർട്ടിക്കുള്ളിലും ആശങ്കയാണ്. യു.ഡി.എഫുമായുള്ള ധാരണപ്രകാരം കോ-ലീ-ബി സഖ്യത്തിെൻറ ഭാഗമായാണ് പത്രിക തള്ളിയതെന്നാണ് എൽ.ഡി.എഫ് ആരോപണം. സാങ്കേതികമായ പിഴവു മാത്രമാണ് പത്രിക തള്ളാനിടയാക്കിയതെന്നാണ് ബി.ജെ.പി നേതൃത്വത്തിെൻറ അഭിപ്രായം.
കണ്ണൂർ ജില്ലയിൽ ബി.െജ.പിക്ക് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് തലശ്ശേരി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽ 22,125 വോട്ടുകൾ ബി.ജെ.പിക്ക് കിട്ടിയിട്ടുണ്ട്. ഇൗ വോട്ടുകൾ എങ്ങോട്ടുപോകും എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. സിറ്റിങ് എം.എൽ.എയായ എ.എൻ. ഷംസീറിനെ തലശ്ശേരിയിൽ എൽ.ഡി.എഫ് വീണ്ടും പരിഗണിച്ചത് ന്യൂനപക്ഷ േവാട്ടുകൾ ചോരാതിരിക്കാനാണ്. എന്നാൽ, ഷംസീറിനെ നേരിടാൻ യു.ഡി.എഫ് രംഗത്തിറക്കിയ എം.പി. അരവിന്ദാക്ഷൻ മികച്ച പൊതുപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയനാണ്. കഴിഞ്ഞതവണ നഗരസഭാംഗമായി പ്രവർത്തിച്ചുള്ള പരിചയവുമുണ്ട്. അവസാനവോട്ടും പെട്ടിയിലാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. ഇരു മുന്നണി സ്ഥാനാർഥികൾക്കും പുറമെ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി വി.പി. ഷംസീർ ഇബ്രാഹിം, ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർഥിയായി സി.ഒ.ടി. നസീർ എന്നിവരും മത്സരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.