ബി.ജെ.പി വോട്ട് എങ്ങോട്ടെന്നതിൽ അനിശ്ചിതത്വം: തെളിയാതെ തലശ്ശേരി; ചങ്കിടിച്ച് സി.പി.എം
text_fieldsകണ്ണൂർ: ബി.ജെ.പിക്ക് സ്ഥാനാർഥി ഇല്ലാത്ത തലശ്ശേരി മണ്ഡലത്തിൽ സംഘ്പരിവാർ വോട്ട് എങ്ങോട്ടെന്ന അനിശ്ചിതത്വം പോളിങ് ദിനത്തിലേക്ക് കടന്നിട്ടും തീർന്നില്ല. മനഃസാക്ഷി വോട്ടെന്ന് ബി.ജെ.പി ജില്ല നേതൃത്വം തീരുമാനിച്ചപ്പോൾ വോട്ട് സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിനാണ് എന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രനും കേന്ദ്ര മന്ത്രി വി. മുരളീധരനും നേതൃത്വം തിരുത്തി. അപ്പോഴും സി.ഒ.ടി നസീറിനെ പിന്തുണക്കുമെന്ന് ജില്ല നേതൃത്വം പറയുന്നില്ല. എന്തായാലും ബി.ജെ.പി വോട്ട് കോൺഗ്രസിനും സി.പി.എമ്മിനും കിട്ടില്ലെന്ന് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.കെ. വിനോദ്കുമാർ പറഞ്ഞു. പ്രവർത്തകർക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും വിനോദ്കുമാർ പറയുന്നു.
ഇതോടെ തലശ്ശേരിയിൽ ബി.ജെ.പി വോട്ട് എങ്ങോട്ടും മറിയാമെന്നതാണ് അവസാന നില. തലശ്ശേരിയിൽ ആരുടെയും വോട്ട് സ്വീകരിക്കുമെന്ന് കെ.പി.സി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാരകൻ എം.പി പറഞ്ഞു.
എന്നാൽ, ബി.ജെ.പിയോട് വോട്ട് ചോദിക്കില്ല. സി.പി.എമ്മിനെ തോൽപിക്കുകയാണ് ലക്ഷ്യമെന്നും കെ. സുധാകരൻ പറഞ്ഞു. അതേസമയം, ബി.ജെ.പി വോട്ട് സ്വീകരിക്കുമോയെന്ന ചോദ്യത്തിന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ബി.ജെ.പി വോട്ട് വേണ്ടെന്ന് തീർത്തുപറഞ്ഞതുമില്ല. ബി.ജെ.പി പിന്തുണ സ്വീകരിക്കുമെന്ന് ആദ്യം പറഞ്ഞ സി.ഒ.ടി. നസീർ പിന്നീട് ബി.ജെ.പി വോട്ട് വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസിെൻറ പത്രിക തള്ളിപ്പോയതിനെ തുടർന്നാണ് കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുകളുള്ള തലശ്ശേരിയിൽ ബി.ജെ.പിക്ക് സ്ഥാനാർഥി ഇല്ലാതെപോയത്. 2016ൽ 22215 വോട്ടുകളാണ് ബി.ജെ.പി നേടിയത്. ആർ.എസ്.എസ്-സി.പി.എം സംഘർഷത്തിെൻറ പതിറ്റാണ്ടുകളുടെ ചരിത്രമുള്ള തലശ്ശേരിയിൽ ബി.ജെ.പി വോട്ട് സി.പി.എമ്മിന് പോകില്ലെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
തലശ്ശേരിയിൽ ഇക്കുറി വിജയിക്കാൻ തന്നെയാണ് മത്സരമെന്ന് കെ. സുധാകരൻ പറയുന്നു. സി.പി.എമ്മിെൻറ മുൻലോക്കൽ കമ്മിറ്റിയംഗവും പാർട്ടിയിൽനിന്ന് പുറത്തായ ശേഷവും പി. ജയരാജനുമായി അടുപ്പം സൂക്ഷിക്കുകയും ചെയ്യുന്ന സി.ഒ.ടി. നസീറിനെ പിന്തുണക്കുന്നതിൽ തലശ്ശേരി ബി.ജെ.പിയിൽ കടുത്ത എതിർപ്പുണ്ട്.
ഈ സാഹചര്യത്തിൽ ബി.ജെ.പി വോട്ട് പോൾ ചെയ്യപ്പെടുകയാണെങ്കിൽ യു.ഡി.എഫിനാകാനാണ് സാധ്യത. അതേസമയം, ബി.ജെ.പി വോട്ട് ഷംസീറിന് കിട്ടാൻ പ്രാദേശികതലത്തിൽ ചില നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പി. ജയരാജന് സീറ്റ് നിഷേധിച്ചതിൽ അതൃപ്തിയുള്ള പി.ജെ ആർമിക്ക് തലശ്ശേരി മണ്ഡലത്തിൽ സ്വാധീനമുണ്ട്.
സി.ഒ.ടി. നസീർ വധശ്രമം, ധാർഷ്ട്യം കലർന്ന പ്രവർത്തന ശൈലി തുടങ്ങിയ വിഷയങ്ങളിൽ ഷംസീറിനെതിരെ പാർട്ടിയിലും പുറത്തും പൊതുവികാരമുണ്ട്. എല്ലാം ചേർന്നുവന്നാൽ ഷംസീർ കഴിഞ്ഞ തവണ നേടി 34,117 വോട്ട് മറികടന്ന് യു.ഡി.എഫ് സ്ഥാനാർഥി ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. അരവിന്ദാക്ഷൻ അട്ടിമറി സൃഷ്ടിച്ചേക്കാമെന്നതാണ് ഒടുവിലത്തെ നില.
സി.പി.എമ്മിെൻറ കുത്തക സീറ്റാണെങ്കിലും 2006ൽ കോടിയേരി ബാലകൃഷ്ണന് 10055 വോട്ടുകളുടെ മാത്രം ഭൂരിപക്ഷം നൽകിയ ചരിത്രവും മണ്ഡലത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.