വിവാദങ്ങൾ ഏശിയില്ല; തവനൂരിൽ ഹാട്രിക് ജയം കുറിച്ച് കെ.ടി. ജലീൽ
text_fieldsതവനൂർ: വിവാദങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നിട്ടും കടുത്ത മത്സരത്തെ അതിജീവിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. കെ.ടി. ജലീലിന് ഹാട്രിക് ജയം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലാണ് യു.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ച ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ 2564 വോട്ടിന് ജലീൽ തറപറ്റിച്ചത്.
എന്ത് വില കൊടുത്തും മണ്ഡലം പിടിച്ചെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് ഫിറോസ് കുന്നംപറമ്പിലിനെ യു.ഡി.എഫ് രംഗത്തിറക്കിയത്. പ്രചാരണത്തിലും വോട്ടിന്‍റെ എണ്ണത്തിലും ജലീലിനൊപ്പം എത്താൻ ഫിറോസിന് കഴിഞ്ഞെങ്കിലും ഫോട്ടോ ഫിനിഷിൽ മണ്ഡലം ജലീലിനെ വരിക്കുകയായിരുന്നു.
ലീഗ് പിന്തുണ കൂടിയുള്ള ഫിറോസ് കൈപ്പത്തിയിൽ മത്സരിച്ചതോടെ മണ്ഡലത്തിൽ വീറും വാശിയും ഏറെ പ്രകടമായിരുന്നു. ചില എക്സിറ്റ് പോളുകൾ ഫിറോസിന് ജയം പ്രവചിക്കുകയും ചെയ്തു. ഫിറോസിെൻറ താര പരിവേഷം നിഷ്പക്ഷ വോട്ടന്മാരിലും സ്ത്രീകളിലും സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു കോൺഗ്രസ്. എന്നാൽ കണക്കു കൂട്ടൽ പാളിയതായാണ് മത്സര ഫലം തെളിയിക്കുന്നത്.
ഇടതു പക്ഷ വോട്ടുകൾക്ക് പുറമെ എതിർകക്ഷികളുടെ വോട്ടുകൾ കൂടി പെട്ടിയിലാക്കാൻ ജലീലിന് സാധിച്ചുവെന്നാണ് കണക്കുകളിൽ നിന്ന് ലഭിക്കുന്ന സൂചന. ബന്ധു നിയമനം, സ്വർണക്കടത്ത് തുടങ്ങിയ വിഷയങ്ങളൊന്നും വോട്ടന്മാരിൽ ഏശിയില്ലെന്ന് ജലീലിെൻറ വിജയത്തിലൂടെ തെളിഞ്ഞു. പി.ഡി.പി, എസ്.ഡി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാർട്ടികളിലെ ഒരു വിഭാഗത്തിെൻറ വോട്ടുകളും ജലീലിന് നേടാൻ സാധിച്ചുവെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.