മത്സരം കടുത്തതെങ്കിലും തുടർഭരണ വികാരമെന്ന് ഇടത്
text_fieldsതിരുവനന്തപുരം: മത്സരം കടുത്തുവെങ്കിലും സംസ്ഥാനത്ത് പൊതുവെ തുടർഭരണമെന്ന വികാരം നിലനിൽക്കുന്നുവെന്ന വിലയിരുത്തലിൽ സി.പി.എം. നേമത്തും മഞ്ചേശ്വരത്തും ഉൾപ്പെടെ ബി.ജെ.പി ജയിക്കില്ലെന്ന ഉത്തമവിശ്വാസത്തിലാണ് പാർട്ടി. മഞ്ചേശ്വരത്ത് മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. നേമത്ത് വി. ശിവൻകുട്ടിയുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്. കെ. മുരളീധരെൻറ സ്ഥാനാർഥിത്വം കഴിഞ്ഞതവണ ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസ് വോട്ടുകളിൽ ഒരു ഭാഗം തിരികെ കൊണ്ടുവരാൻ സഹായകമാവും. പക്ഷേ, ന്യൂനപക്ഷ വിശ്വാസം എൽ.ഡി.എഫിലാണ്.
കോന്നിയിൽ ബി.ജെ.പി മൂന്നാമതാകും. ബി.ജെ.പിക്ക് സ്ഥാനാർഥികൾ ഇല്ലാതായ ഗുരുവായൂരും തലശ്ശേരിയിലും എൽ.ഡി.എഫിന് തന്നെയാവും ജയം. ഭരണവിരുദ്ധവികാരം പ്രചാരണത്തിെൻറ ഒരു ഘട്ടത്തിലും ഉണ്ടായില്ല. പകരം ഭരണത്തിന് ഒരു േവാട്ട് കൊടുക്കണമെന്ന വികാരം ദൃശ്യമാണ്. ക്ഷേമപെൻഷൻ, ഭക്ഷ്യകിറ്റ്, വികസന നേട്ടങ്ങൾ എന്നിവ ജനങ്ങളുടെ ജീവിതാനുഭവവുമായി ബന്ധപ്പെട്ടതായതിനാൽ വോട്ടിൽ തെളിയും. മലബാറിൽ നില കൂടുതൽ ശക്തമാക്കും.
മധ്യകേരളത്തിൽ 2016 െനക്കാൾ മെച്ചപ്പെട്ട നിലയാവും. തെക്കൻകേരളത്തിൽ കഴിഞ്ഞതവണ കൈവിട്ട സീറ്റുകളിൽ ചിലത് തിരിച്ചുപിടിക്കും. മുസ്ലിംവോട്ടിൽ ഒരു ഭാഗം എൽ.ഡി.എഫിന് അനുകൂലമായി മാറും. പൗരത്വനിയമവും പൗരത്വ രജിസ്റ്റർ നടപ്പാക്കില്ലെന്ന എൽ.ഡി.എഫ് നിലപാടും നടപ്പാക്കിയ സംസ്ഥാനങ്ങളിലെ അവസ്ഥയും ന്യൂനപക്ഷങ്ങൾക്കിടയിൽ ചർച്ചയാണ്. ലവ് ജിഹാദിൽ ജോസ് കെ. മാണിയുടെ പ്രസ്താവനയിലെ ആശയക്കുഴപ്പം വിശദീകരണത്തോടെ പരിഹരിച്ചു.
ബിഷപ്പുമാരുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കന്യാസ്ത്രീകൾക്ക് എതിരെ ഉത്തരേന്ത്യയിൽ നടന്ന ആക്രമണ സാഹചര്യത്തിൽ ക്രൈസ്തവസമൂഹത്തിൽ പ്രതിഫലിക്കില്ല. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാവില്ല. സി.പി.എം നിലപാടിൽ ഒരു അവ്യക്തതയുമിെല്ലന്നത് ഗുണം ചെയ്യുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.