ഭാരത് ജോഡോ യാത്ര; വർഗീയതക്കെതിരായ ജനകീയ പ്രതിരോധം -ദിഗ്വിജയ് സിങ്
text_fieldsതിരുവനന്തപുരം: വർഗീയതക്കെതിരായ ജനകീയ പ്രതിരോധമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് ദിഗ് വിജയ് സിങ് പറഞ്ഞു.
നികുതിയും സാധനവിലയും ക്രമാതീതമായി വർധിപ്പിക്കുന്നതിലൂടെ ഗതികേടിലായ ജനങ്ങളുടെ രോഷത്തെ വഴിതിരിക്കാനാണ് കേന്ദ്ര സർക്കാർ വിഭജനത്തിന്റെ തന്ത്രം പയറ്റുന്നത്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് ജോഡോ യാത്രയുടെ ലക്ഷ്യം. പണാധിപത്യത്തിൽനിന്നും വർഗീയ ആധിപത്യത്തിൽനിന്നും രാജ്യത്തെ രക്ഷിച്ചേതീരൂ എന്നും അദ്ദേഹം പറഞ്ഞു.
യാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പാലോട് രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് സർക്കാറുകൾ നടപ്പാക്കിയ ജനക്ഷേമപദ്ധതികളെല്ലാം നശിപ്പിച്ച് കോർപറേറ്റുകൾക്കു വേണ്ടി മാത്രം ഭരണം നടത്തുകയാണ് നരേന്ദ്ര മോദിയെന്ന് ജയറാം രമേശ് പറഞ്ഞു.
ജില്ലയിൽ നടന്ന സംഘടനാ പ്രവർത്തനങ്ങളും പ്രചാരണവും സബ് കമ്മിറ്റികളുടെ പ്രവർത്തനവും യോഗം വിലയിരുത്തി. ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങൾ ഉൾപ്പെടുത്തുന്നതിനും സമൂഹത്തിന്റെ ഭിന്ന ശ്രേണിയിൽ ഉള്ളവരുമായി സംവാദം നടത്തുന്നതിനും തീരുമാനിച്ചു. ജാഥ കടന്നുപോകുന്ന വഴികളിൽ സ്മാരക സ്തൂപങ്ങൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി, ശശി തരൂർ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, അടൂർ പ്രകാശ് എം.പി, വി.എസ്. ശിവകുമാർ, വർക്കല കഹാർ, എം.എ. വാഹിദ്, കെ.പി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
കെ.പി.സി.സി - ഡി.സി.സി നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.