സുരക്ഷാ കാമറകൾ കണ്ണടച്ചു; ആറ്റിങ്ങലിൽ നഗരനിരീക്ഷണം പാളുന്നു
text_fieldsആറ്റിങ്ങല്‍: ആറ്റിങ്ങലിൽ നഗരനിരീക്ഷണത്തിന് സ്ഥാപിച്ച അമ്പത് കാമറകൾ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. മോഷണവും സാമൂഹിക വിരുദ്ധ ശല്യവും ഏറിയിട്ടും ഇവ പൂർവസ്ഥിതിയിലാക്കാൻ നടപടിയില്ല. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങല്‍ യൂനിറ്റും കേരള പൊലീസും ചേര്‍ന്ന് പൊതുജന നന്മക്കായി നടപ്പാക്കുന്ന 'ഓപറേഷന് കാവല്‍ കണ്ണു'കള്‍ പദ്ധതിയുടെ ഭാഗമായാണ് 2016ൽ കാമറകള്‍ സ്ഥാപിച്ചത്.
ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ആറ്റിങ്ങലിലും വ്യാപാരികളുടെ പിന്തുണയിൽ കാമറ സ്ഥാപിച്ചത്. പദ്ധതിക്കായി വേണ്ടിവരുന്ന ഭീമമായ ചെലവ് കാരണം ആദ്യം വ്യാപാരി സമൂഹം മടിച്ച് നിന്നെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ നിരന്തരമുള്ള അഭ്യർഥനമാനിച്ച് പദ്ധതി നടപ്പാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
ഒരു ഡസനിലേറെ കമ്പനികള്‍ കാമറ സ്ഥാപിക്കുന്ന പദ്ധതി നടത്തിപ്പിന് മുന്നോട്ട് വന്നിരുന്നു. ഇവര്‍ക്കെല്ലാം ഓരോ മേഖല ട്രയല്‍ റണ്ണിനായി അനുവദിച്ചു. ഈ കാമറകളുടെ പ്രവര്‍ത്തനവും സാമ്പത്തിക ചെലവുകളും പരിശോധിച്ച ശേഷമാണ് പദ്ധതി നടത്തിപ്പിന് കഴക്കൂട്ടത്തുള്ള ഏജന്‍സിയെ ചുമതലപ്പെടുത്തിയത്. ട്രയല്‍ റണ്‍ കാലയളവില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതും നടന്ന പ്രതികളെ പിടികൂടാനായതും പദ്ധതിയുടെ വിജയമായി കണ്ടു. തുടർന്ന് രണ്ട് ഘട്ടമായി അമ്പത് കാമറകളാണ് സ്ഥാപിച്ചത്. കാമറകളും അനുബന്ധ സംവിധാനങ്ങളും സ്ഥാപിക്കുന്നതിന് പതിനഞ്ച് ലക്ഷത്തോളം രൂപയാണ് വ്യാപാരി വ്യവസായി ഏകോപനസമിതി ചെലവാക്കിയത്. മൂന്ന് സൂം കാമറകൾക്ക് മാത്രം ഒന്നര ലക്ഷം രൂപ ചെലവ് വന്നു. എല്ലാ കാമറകളും നൈറ്റ് വിഷന്‍ ലഭ്യമാക്കുന്നവയുമായിരുന്നു. വ്യാപാരഭവനിലും സി.ഐ ഓഫിസിലും കാമറ ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ സൗകര്യമൊരുക്കി.
പകര്‍ത്തപ്പെടുന്ന വിഡിയോകളും ദൃശ്യങ്ങളും ഒരു മാസം വരെ സൂക്ഷിക്കാനും സംവിധാനമുണ്ടായിരുന്നു. ഇതോടെ ദേശീയപാതയില്‍ മൂന്നുമുക്ക് മുതല്‍ എല്‍.എം.എസ് ജങ്ഷന്‍വരെ പൂര്‍ണമായും കാമറ നിരീക്ഷണത്തിലായി. ഗേള്‍സ് ഹൈസ്കൂള്‍ ജങ്ഷന്, ടൗണ്‍ യു.പി.എസ് ജങ്ഷന്, മാര്‍ക്കറ്റ് റോഡ്, പാര്‍വതീപുരം ഗ്രാമം, മാര്‍ക്കറ്റ് റോഡ്, പാലസ് റോഡ് എന്നിവയും കാമറകണ്ണുകളാല്‍ സുരക്ഷിതമാക്കി.
2019 മുതൽ കാമറകൾ മിഴിയടച്ചു തുടങ്ങി
നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച കാമറകളിൽ പലതും 2019 മുതൽ തകരാറിലായിത്തുടങ്ങി. വീണ്ടും വ്യാപാരികൾ ഒരു ലക്ഷത്തോളം രൂപ മുടക്കി ഇവ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ, ദേശീയപാത വികസനത്തിന്റെ ഭാഗമായി കാമറകളും സ്ഥാപിച്ചിരുന്ന തൂണുകളും പിഴുതുമാറ്റി. ഇവയെ ബന്ധിച്ചിരുന്ന കേബിളുകളും നശിപ്പിക്കപ്പെട്ടു. കുറച്ച് കാമറകൾ വ്യാപാരി വ്യവസായി ഏകോപന സമിതിയെ ഏൽപിച്ചു. ഇത് അവർ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. കുറേ കാമറകൾ അപകടത്തിലും മറ്റും നശിച്ചു. റോഡ് വികസനം പൂർത്തിയാക്കിയിട്ടും കാമറകൾ തിരികെ സ്ഥാപിച്ചിട്ടില്ല. സമീപകാലത്തായി ആറ്റിങ്ങൽ നഗരത്തിൽ മോഷണം വ്യാപകമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഇരുപതോളം ബൈക്കുകൾതന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ സംഭവങ്ങളിലും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. നഗരം വീണ്ടും ഓണത്തിരക്കിൽ അമർന്നതോടെ മോഷ്ടാക്കളുടെ സാന്നിധ്യം ആശങ്ക ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.