മോദി വന്നപ്പോൾ ആവേശം പടർന്നു; പിന്നെ കൊഴിഞ്ഞു
text_fieldsതിരുവനന്തപുരം: അവസാന ലാപ്പിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന് മുമ്പ് തന്നെ കഴക്കൂട്ടത്തെ ഗ്രീൻഫീൽഡ് ആവേശത്തേരേറി. പേക്ഷ മോദി എത്തി മിനിറ്റുകൾക്കുള്ളിൽ ആവേശം കെട്ടടങ്ങുകയും ചെയ്തു. വൈകുന്നേരം ആറ് മണിക്കാണ് റാലി സജ്ജീകരിച്ചിരുന്നത്.
അമ്പതിനായിരത്തോളം പേർക്ക് ഇരിക്കാൻ സാധിക്കുന്ന സ്റ്റേഡിയത്തിൽ പിച്ചും സമീപത്തെ കുറച്ച് സ്ഥലവും ഒഴിച്ചിട്ടാണ് പ്രവർത്തകർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. അഞ്ചരമണിയോടെ സ്റ്റേഡിയത്തിെൻറ ഗാലറികൾ നിറഞ്ഞു. രണ്ട് പാർലമെൻറ് മണ്ഡലാടിസ്ഥാനത്തിലാണ് ഗാലറികളിൽ പ്രവർത്തകരെ ഇരുത്തിയതും.
ആവേശം വിതറി പ്ലക്കാഡുകളും കൊടികളും ഉൗസ്വല പോലുള്ള വാദ്യോപകരണങ്ങളുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ പ്രവർത്തകർ ആവേശം വാനോളം ഉയർത്തി. അതിനിടയിൽ ആവേശം പകർന്ന് കഴക്കൂട്ടം സ്ഥാനാർഥി ശോഭാസുരേന്ദ്രനും തിരുവനന്തപുരം സ്ഥാനാർഥി കൃഷ്ണകുമാറും കോവളം സ്ഥാനാർഥി വിഷ്ണുപുരം ചന്ദ്രശേഖരനും കാട്ടാക്കടയിലെ പി.കെ. കൃഷ്ണദാസും.
തെൻറ മണ്ഡലത്തിൽ കേന്ദ്രമന്ത്രിമാർ എത്തുന്നില്ലെന്ന് പരിഹസിച്ച എതിർ സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ തെൻറ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രിയുടെ പരിപാടിയിലെങ്ങാനും വന്നിട്ടുണ്ടോയെന്ന് പ്രവർത്തകർ ഇരുവശങ്ങളിലും നോക്കി സ്ഥിരീകരിക്കണമെന്ന് ശോഭ പരിഹസിച്ചു.
ഇതിനിടയിൽ പ്രവർത്തകർ സ്റ്റേഡിയത്തിനുള്ളിൽ ഫ്ലാഷ്മോബ് പോലുള്ള കാര്യങ്ങളുമായി നിറഞ്ഞു. അതിനിടയിൽ ആകാശത്ത് കാർമേഘം ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. ഇത് സംഘാടകരിലും ആശങ്ക പടർത്തി. 7.20 ഒാടെ തമിഴ്നാട്ടിലെ പരിപാടി കഴിഞ്ഞ പ്രധാനമന്ത്രി സ്റ്റേഡിയത്തിലെ വേദിയിലേക്ക് എത്തി. അതോടെ ആവേശം വാനോളം നിറഞ്ഞു. പ്രവർത്തകർ എണീറ്റ് നിന്ന് മൊബൈൽ ഫോണുകളുടെ ഫ്ലാഷ്ലൈറ്റുകൾ കത്തിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. വേദിയിലെത്തിയ മോദി പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്തു. തുടർന്ന് കുമ്മനം രാജശേഖരൻ പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. വി.വി. രാജേഷിെൻറ നേതൃത്വത്തിൽ ജില്ല കമ്മിറ്റിയും പി.കെ. കൃഷ്ണദാസും അദ്ദേഹത്തിന് ഉപഹാരങ്ങൾ നൽകി.
തുടർന്ന് സദസ്സിന് നമസ്കാരം പറഞ്ഞ് മോദി പ്രസംഗം തുടങ്ങി. വി. മുരളീധരൻ അത് പരിഭാഷപ്പെടുത്തുകയും ചെയ്തു. അതിനിടെ മഴയിൽ ആശങ്കപ്പെട്ട് പ്രവർത്തകർ ഒന്നൊന്നായി ഗാലറിയിൽനിന്ന് എണീറ്റ് പുറത്തേക്കിറങ്ങി. സ്റ്റേഡിയത്തിനുള്ളിലെ പ്രവർത്തകർ അവിടെയിരുന്നെങ്കിലും ഗാലറിയിൽ മണ്ഡലാടിസ്ഥാനത്തിൽ ഇരുത്തിയ പ്രവർത്തകരായിരുന്നു പുറത്തേക്കിറങ്ങിയത്. ഗാലറി ഏറക്കുറെ ഒഴിഞ്ഞത് ശ്രദ്ധയിൽപെട്ട പ്രധാനമന്ത്രി അരമണിക്കൂറിനുള്ളിൽ പ്രസംഗം നിർത്തി സ്ഥാനാർഥികൾക്കൊപ്പം ഫോേട്ടാക്ക് പോസ് ചെയ്ത് 8.10 ഒാടെ വേദി വിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.