മഴയത്തും ചോരാത്ത സമരാവേശത്തിൽ കല്ലേറ്
text_fieldsവിഴിഞ്ഞം: മഴയിലും ചോരാത്ത സമരാവേശവുമായി രാപകൽ സമരം. അതിജീവനത്തിനായി മത്സ്യത്തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 16ാം ദിനം നേരിയ സംഘർഷത്തിനും സാക്ഷ്യം വഹിച്ചു. മുദ്രാവാക്യം വിളികളുമായെത്തിയ ജനക്കൂട്ടം പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് വലിച്ചെറിഞ്ഞു. കല്ലേറിൽ തുറമുഖത്തിനുള്ളിൽ നിർത്തിയിരുന്നലോറിയുടെ ഗ്ലാസിനും കെട്ടിടത്തിലെ മൂന്ന് ജനാല ചില്ലുകൾക്കും കേടുപറ്റി.
മാമ്പള്ളി, അയിരൂർ, മൂങ്ങോട്, ആറ്റിങ്ങൽ, വെണ്ണിയോട് ഇടവകകളിൽ നിന്നുള്ള നൂറു കണക്കിന് മത്സ്യത്തൊഴിലാളികളാണ് സമരപ്പന്തലിൽ എത്തിയത്. തുറമുഖത്തേക്ക് മാർച്ച് ചെയ്യാനുള്ള സമരക്കാരുടെ ശ്രമം ബാരിക്കേഡ് തീർത്ത് പൊലീസ് ശക്തമായി ചെറുത്തത് പ്രകോപനത്തിന് വഴി തെളിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ബാരിക്കേഡുകൾ മറിച്ചിട്ട പ്രതിഷേധക്കാരിൽ ചിലർ മറുവശത്തേക്ക് ചാടിക്കടന്നു. ബാരിക്കേഡുകളിൽ മൂന്നെണ്ണം തുറമുഖ കവാടത്തിലേക്ക് പ്രതിഷേധക്കാർ തള്ളിക്കൊണ്ടു പോയി. കവാടത്തിന് സമീപത്തും പൊലീസ് ബാരിക്കേഡുകൾ നിരത്തി തടസ്സം സൃഷ്ടിച്ചു.
കൂടുതൽ പ്രകോപിതരായ ജനക്കൂട്ടം തള്ളി മറിച്ചിട്ട ബാരിക്കേഡിൽ ഒന്ന് വലിച്ച് കൊണ്ടുപോയി തുറമുഖത്തിനുള്ളിൽ വെള്ളക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. അവിടന്ന് മുന്നോട്ട് പോയ ജനക്കൂട്ടത്തിനിടയിലുള്ളവരിൽ ചിലരാണ് കല്ലേറ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
തുറമുഖം മുഴുവനും ചുറ്റിയടിച്ച് പുലിമുട്ടിലും പാറക്കൂട്ടങ്ങളിലും കൊടി പാറിച്ച ശേഷം സമരക്കാർ പന്തലിൽ തിരിച്ചെത്തി. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ബീമാപള്ളി സമരസമിതി കൺവീനർ ടി. ബഷീർ ഉദ്ഘാടനം ചെയ്തു. ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് ബിലാൽ, മുൻ പ്രസിഡന്റ് അലാബുദ്ദീൻ, ഫാ. ജോർജ് പുളിക്കാപ്പറമ്പിൽ, ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, ഫാ. മൈക്കിൾ പുളിക്കൻ, ഫാ. സ്റ്റീഫൻ, മോൺ.മാരായ യൂജിൻ പെരേര, നിക്കളോസ്, വിൽഫ്രഡ്, കൊച്ചി രൂപത കെ.എൻ.സി.എ, കെ.എൽ.സി.ഡബ്ല്യു.എ ഭാരവാഹികൾ തുടങ്ങി നിരവധി പേർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.