ഇതാ കാസർകോടൻ 'ചെ'
text_fieldsതൃക്കരിപ്പൂർ: മുഴുസമയ പൊതുപ്രവര്‍ത്തകരില്‍ വേഷംകൊണ്ട് വേറിട്ടുനില്‍ക്കുന്നവരില്‍ ശ്രദ്ധേയനാണ് തൃക്കരിപ്പൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. രാജഗോപാലന്‍.
വിപ്ലവനായകന്‍ ചെഗുവേരയുടെ തൊപ്പി, പരുത്ത ഇരട്ടക്കീശയുള്ള കുപ്പായം. ചെമ്പിച്ച തവിട്ട് അല്ലെങ്കില്‍ കരിമ്പച്ച നിറങ്ങള്‍. ഇങ്ങനെയല്ലാതെ രാജഗോപാലനെ കാണാനാവില്ല. 'ചെ'യോടുള്ള താല്‍പര്യം വിദ്യാര്‍ഥിപ്രസ്ഥാന കാലത്തുതന്നെ ആരംഭിച്ചതാണ്. അങ്ങനെയാണ് സമരമുഖങ്ങളില്‍ ചെയുടെ വിഖ്യാത തൊപ്പിയുമായി രാജഗോപാലന്‍ എത്തുന്നത്.
'തേജസ്വിനീ നീ സാക്ഷി' എന്ന ചിത്രം ചെയ്യുമ്പോള്‍ ചെഗുേവരയായി അഭിനയിക്കാന്‍ പറ്റിയ ഒരാളെ അന്വേഷിച്ച് സംവിധായകന്‍ ശ്രീജിത്ത് പലേരി എത്തിച്ചേര്‍ന്നത് ചെയുടെ വേഷവുമായി നടന്ന ഈ യുവാവിലാണ്. കുഞ്ഞപ്പ പട്ടാനൂരിെൻറ കൃതി അഭ്രപാളിയില്‍ എത്തിയതോടെ രാജഗോപാലെൻറ വേഷം ജീവിതത്തിലും ഹിറ്റായി. പയ്യന്നൂരിലെ ഒരു വസ്ത്രാലയം രാജഗോപാലനുവേണ്ടി മാത്രം തൊപ്പികള്‍ എത്തിക്കുന്നു.
ചില സുഹൃത്തുക്കള്‍ എത്തിച്ചു നല്‍കാറുണ്ടെങ്കിലും പറ്റിയ നിറം ലഭിച്ചില്ലെങ്കില്‍ ഉപയോഗിക്കില്ല. കയ്യൂര്‍ സ്വദേശിയായ രാജഗോപാലന്‍ കുടുംബസമേതം കയ്യൂരിലെ 'ഫീനിക്‌സി'ലാണ് താമസം. രണ്ടു മക്കൾ. പത്തു വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. 2002ല്‍ അമ്മയും. അടുത്ത ബന്ധുവായി അര്‍ധ സഹോദരി ഷൈമയുണ്ട്. ലളിത ആഹാരം ഇഷ്ടപ്പെടുന്ന രാജഗോപാലെൻറ ഇഷ്ടവിഭവം ദോശയും ചമ്മന്തിയും. തെരഞ്ഞെടുപ്പ് കാലത്ത് 'കുളുത്തത്' കഴിക്കാറുണ്ട്. തലേന്ന് രാത്രിയിലെ ചോറിെൻറ ശേഷിപ്പും കഞ്ഞിവെള്ളവും തൈര് ചേര്‍ത്താണ് കുളുത്തത് തയാറാക്കുന്നത്. തെരഞ്ഞെടുപ്പ് പര്യടനം കഴിഞ്ഞ് വൈകിയാല്‍ പാര്‍ട്ടി ഓഫിസുകളില്‍ കിടക്കും. ദിനചര്യകള്‍ പാളും. ആഹാരം സഖാക്കളോടൊപ്പം ഹോട്ടലില്‍നിന്നാവും.
പ്രസ്ഥാനത്തിെൻറ ഉത്തരവാദിത്തം ഏറിയപ്പോള്‍ ഡബിൾ മെയിൻ ബിരുദപഠനം പാതിവഴിയില്‍ മുടങ്ങി. കയ്യൂര്‍ എല്‍.പി, ഹൈസ്‌കൂള്‍ ലീഡര്‍, വാഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ (രണ്ടു തവണ), യു.യു.സി ജനറല്‍ സെക്രട്ടറി, അക്കാദമിക് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പടിപടിയായ അവരോഹണം. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിരിക്കെ സ്വയംപര്യാപ്ത സൂക്ഷ്മ കുടിവെള്ളപദ്ധതികളുടെ നടത്തിപ്പിന് അംഗീകാരം. വിദ്യാര്‍ഥി ജീവിതത്തില്‍ ഓട്ടന്‍തുള്ളലില്‍ പ്രതിഭ തെളിയിച്ചു. ഇപ്പോള്‍ രക്തസാക്ഷി സ്മാരക ക്ലബായ അന്നത്തെ റെഡ് സ്റ്റാറിനു വേണ്ടി വോളിബാളില്‍ തിളങ്ങി. അന്നത്തെ കായികശേഷിയാണ് 60ലും തന്നെ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
രാവിലെ അഞ്ചരക്ക് ഉണര്‍ന്നാല്‍ പ്രധാന പരിപാടി പത്രപാരായണം. വായനയില്‍ പ്രധാനം പാര്‍ട്ടി സാഹിത്യമാണ്. നോവലും വായിക്കാറുണ്ട്. വായന വളരെ കുറഞ്ഞിട്ടുണ്ടെന്ന് ഏറ്റുപറച്ചില്‍. കയ്യൂരിലെ സർക്കാർ ആശുപത്രിക്ക് അരികിലൂടെയുള്ള നടവഴി. ഇടക്കുള്ള ചാൽ കടക്കാൻ രണ്ടു തൂണുകൾ. വേനലിൽ വീട്ടുകിണറിലെ വെള്ളം വറ്റുമ്പോൾ അൽപം അകലെ ഭാര്യാസഹോദരി പുഷ്പവല്ലിയുടെ വീട്ടിലാണ് പലപ്പോഴും രാജഗോപാലിെൻറ കുളിയും നനയുമൊക്കെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.