തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് സുരേഷ് ഗോപിക്കെതിരെ കമീഷനിൽ പരാതി
text_fieldsതൃശൂര്‍: രാജ്യസഭ എം.പി കൂടിയായ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എല്‍.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജൻറുമായ അഡ്വ. കെ.ബി. സുമേഷ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി.
കഴിഞ്ഞദിവസം തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയ സമയത്ത് വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സുരേഷ് ഗോപി ചില വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എം.പി.യായ അദ്ദേഹം സ്വന്തം കൈയില്‍നിന്നോ എം.പി ഫണ്ടില്‍നിന്നോ ഒരു കോടി രൂപ ചെലവഴിച്ച് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണ്.
തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സുരേഷ് ഗോപി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 68 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കേവലം 40,000 രൂപ മാത്രമാണ് തെൻറ കൈവശമുള്ളതെന്നും ഭാര്യയുടെ കൈവശം 25,000 രൂപയും വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്നുമാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. തെൻറ വീട്ടില്‍നിന്ന് പണം കൊണ്ടുവന്നായാലും ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകളെ കബളിപ്പിക്കലാണ്.
ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞിരിക്കുന്നതായി സംശയിക്കണം. എം.പി എന്ന നിലയില്‍ സുരേഷ് ഗോപി പദവി ദുരുപയോഗിക്കുക കൂടി ചെയ്തിരിക്കുന്നു.
തൃശൂര്‍ കോര്‍പറേഷന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ശക്തന്‍ നഗറിലെ ശക്തന്‍ തമ്പുരാന്‍റെ പ്രതിമയില്‍ കോണി വെച്ചുകെട്ടി മാലയിട്ട സുരേഷ് ഗോപിയുടെ നടപടിയും ചട്ടലംഘനമാണ്. അതിനു പുറമേ, ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തിന്‍റെ ചിത്രം മുദ്രണം ചെയ്ത പോസ്റ്ററുകളാണ് സുരേഷ് ഗോപിയുടെ പ്രചരണാര്‍ത്ഥം നഗരത്തിലും ബി.ജെ.പി യുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഉപയോഗിച്ചുവരുന്നത്. ഇതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്.
നിലവില്‍ രാജ്യസഭ എം.പി എന്ന പദവിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയുടെ ചട്ടലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം. പരാജയഭീതിയില്‍ എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞ് പൊതുജനങ്ങളെ കബളിപ്പിക്കുന്ന നടപടി സുരേഷ് ഗോപി അവസാനിപ്പിക്കണമെന്നും എല്‍.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് കെ.വി. ഹരിദാസ്, സെക്രട്ടറി കെ.ബി. സുമേഷ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.